ADVERTISEMENT

പാട്ടും പ്രകടനങ്ങളും കൊണ്ട് ഇൻസ്റ്റഗ്രാം കത്തിക്കുന്ന പൂക്കി–ജെൻസി ടീമുകൾ പ്ലീസ് സ്റ്റെപ്പ് ബാക്ക്. നിങ്ങളോട് കട്ടയ്ക്ക് നിൽക്കാൻ സുഹറാത്ത വരികയാണ്...

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് പറയാറില്ലേ... അങ്ങനെയൊരു എൻട്രി കണ്ട് ഞെട്ടി നിൽക്കുകയാണ് സോഷ്യൽ മീഡിയ. ന്യൂജൻ പിള്ളേർ കളംവാഴുന്ന സോഷ്യൽ മീഡിയയിൽ നിഷ്ക്കളങ്കമായി പാടി കയ്യടി വാങ്ങുന്ന ഒരു ഇത്ത. പേര് സുഹറ. ഇൻസ്റ്റഗ്രാമിൽ ‘സുഹറ_താത്ത’ (suhara_thatha).

ADVERTISEMENT

സോഷ്യൽ മീഡിയയിലെ പതിവു ഗിമ്മിക്കുകളോ ആഡംബരങ്ങളോ അല്ല ഈ പാട്ടുകാരി താത്തയെ വേറിട്ടു നിർത്തുന്നത്. സ്വന്തം സന്തോഷം പാട്ടാണെന്ന് തിരിച്ചറിഞ്ഞ് മനസുനിറഞ്ഞങ്ങ് പാടുന്നു. അത്ര തന്നെ. പക്ഷേ ആ നിഷ്ക്കളങ്കതയ്ക്ക് സോഷ്യൽ മീഡിയ നൽകുന്നതോ കുന്നോളം സ്നേഹം.

suhara-thatha-9

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിന്റെ ഓർമകളെ ചേർത്തുവച്ച് പഴയകാല പാട്ടുകളാണ് പുള്ളിക്കാരി പാടുന്നതെന്ന് കരുതിയാൽ തെറ്റി. സോഷ്യൽ ലോകത്ത് തരംഗം തീർത്തതും ട്രെൻഡിങ് ലിസ്റ്റിൽ ഉള്ളതുമായ സകല പാട്ടുകളിലും ഒരുകൈ നോക്കി കഴിഞ്ഞു സുഹറാത്ത. ‘ചിറാപുഞ്ചിയും, മോണിക്കയും, അൽവാ കണ്ണാലെയും...’ അടക്കം ഹിറ്റ് പാട്ടുകളുടെയെല്ലാം ‘സുഹറാ കവർ വേർഷൻ’ ഇതിനോടകം ട്രെൻഡിങ് ലിസ്റ്റിലുണ്ട്. പാട്ടിനോടുള്ള മൊഹബ്ബത്തും അതിനേക്കാളേറെ ആത്മവിശ്വാസവും കൈമുതലായുള്ള മട്ടാഞ്ചേരിക്കാരി വൈറൽ സുഹറാത്ത വനിത ഓൺലൈനോടു സംസാരിക്കുന്നു.

ADVERTISEMENT

ആരാധകരെ ശാന്തരാകുവിൻ

‘നമ്മള് നമ്മളാകുന്ന സ്ഥലം ഒന്നേയുള്ളൂ. നമ്മുടെ പൊര... അവിടെ നമ്മൾ പാടും തമാശ പറയും വേണമെങ്കിൽ ഡാൻസും കളിക്കും. ഞാനും അങ്ങനെയൊരാളാണ്, എന്റെ അടുക്കളയിലും ഉമ്മറക്കോലായിലും മുറിയിലുമൊക്കെ എനിക്കൊപ്പം എന്റെ പാട്ടും കൂട്ടിന് ഉണ്ടാകും. അവിടെ വേറെ ആരെയും നോക്കാനില്ലാത്തതു കൊണ്ടു തന്നെ മനസു തുറന്നങ്ങ് പാടും. 42 വർഷമായി ഞാൻ ഒറ്റയ്ക്കായിട്ട്. ആ ഒറ്റപ്പെടലിൽ എനിക്ക് പാട്ടായിരുന്നു കൂട്ട്. ഇന്നും തുടരുന്ന ആ പാട്ടാണ് നിങ്ങളീ കേൾക്കുന്നത്.’– സുഹറാത്ത പറഞ്ഞു തുടങ്ങുകയാണ്.

suhara-thatha-6
ADVERTISEMENT

‌പണ്ടു തൊട്ടേ പാട്ടിനോട് വല്ലാത്തൊരു മൊഹബ്ബത്തുണ്ട്. മനസിലേക്ക് കയറിയ പാട്ടുകളങ്ങനെ വീടിനകത്ത് മൂളി നടക്കും. അടുക്കളയിൽ എനിക്ക് ചട്ടിയും കലവും കറിക്കൂട്ടുകളും മാത്രമല്ല കൂട്ട്, പാട്ടും ഒപ്പമുണ്ടാകും. ടിവിയിലും ഫോണിലും വരുന്ന പാട്ടുകൾ കേട്ട് അതിഷ്ടപ്പെട്ടാൽ എഴുതി വയ്ക്കും, എന്നിട്ട് കാണാതെ പഠിച്ചങ്ങ് പാടും. പിന്നെ കുറച്ചു ദിവസത്തേക്ക് ആ പാട്ടുകളായിരിക്കും വീട്ടിൽ മുഴങ്ങി കേൾക്കുക.

ഫോൺ കിട്ടിയ ശേഷം പുതിയ കുട്ട്യോളുടെ കാലത്തെ ഹിറ്റ് പാട്ടുകൾ കേൾക്കാനും ശ്രദ്ധിക്കാനും തുടങ്ങി. വിട്ടുകൊടുത്തില്ല... അതും മനസിരുത്തി കേട്ടു, പിന്നെ മനസു നിറഞ്ഞങ്ങ് പാടാൻ തുടങ്ങി. ‘യ തബ് തബ്... വദല്ല’ എന്നൊരു ഹിറ്റ് അറബിക് പാട്ടുണ്ട്. അതാണ് പുതിയ കുട്ട്യോളുടെ പാട്ടിന്റെ ഗണത്തിൽ ആദ്യം മനസിലേക്ക് കയറിയത്. പാടിത്തുടങ്ങിയപ്പോൾ പേരക്കുട്ടികളായ സുഹാനയും ഷംസുദ്ദീനുമാണ് ‘മോമാ... നമുക്ക് ഇതൊന്നു റെക്കോഡ‍് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താലോ?’ എന്ന് ചോദിച്ചത്. എന്റെ മകൻ ഷെമീറിന്റെ മക്കളാണ് രണ്ടു പേരും. പിള്ളേര് തന്നെ ഇൻസ്റ്റഗ്രാമിൽ ഒരു പേജു തുടങ്ങി പോസ്റ്റും ചെയ്തു. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതായിരുന്നു തുടക്കം.

യുവഗായകൻ ഹനാൻഷായുടെ ചിറാപുഞ്ചി പാട്ടിന്റെ വരികളെഴുതി പാടി സോഷ്യൽ മീഡിയയിൽ‌ ഇട്ടപ്പോഴും കിട്ടി കുന്നോളം ഇഷ്ടം. പിന്നെ അങ്ങോട്ട് ലാലേട്ടന്റെ കൺമണി പൂവേ, ആലപ്പുഴ ജിംഖാനയിലെ പഞ്ചാരേ നീ... സയ്യാരയിലെ പാട്ട് എന്നുവേണ്ട സകല ഹിറ്റ് പാട്ടുകളിലും ഒരുകൈനോക്കി. പാട്ടുകളോടുള്ള ഇഷ്ടം അറിയിച്ച് ഹനാൻഷായും, അൽവാ കണ്ണാലെ പാട്ടിൽ കമന്റിട്ട് സിജു സണ്ണിയുമൊക്കെ എത്തിയത് ഒത്തിരി സന്തോഷം നൽകി. ചിറാപുഞ്ചി പാട്ടിന്റെ ബെസ്റ്റ് കവർ വേർഷൻ ആണെന്നാണ് ഹനാൻഷാ പറഞ്ഞത്.

suhra-thatha

സുഹറാത്ത ഇനിയും പാടും

ഇതിനിടയിലും നെഗറ്റീവ് കമന്റ് ഇടുന്നവരും ഉണ്ടേ... രജനികാന്തിന്റെ കൂലി സിനിമയിലെ മോണിക്കാ പാട്ടു പാടിയപ്പോൾ ‘മോണയിൽ ഒറ്റ പല്ല് ഇല്ല. എന്നിട്ടും മോണിക്യ പോലും’ എന്ന് ഒരാൾ കമന്റിട്ടു. കക്ഷിക്ക് അടുത്ത പ്രാവശ്യം പല്ലിന്റെ ഫൊട്ടോ അയച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത പ്രാവശ്യം ഡാൻസ് കൂടി വേണമെന്ന് മറ്റൊരാൾ. ‘എണീച്ചു നടക്കാൻ വയ്യാത്ത പ്രായത്തിലാണോ മോനേ... ഡാൻസെന്ന്’ തിരിച്ചു കമന്റിട്ടു. ‘ഇത്താ സാധകം ചെയ്യണേയെന്ന’ രസികൻ കമന്റിട്ടവരും ഉണ്ട്. ‘പറയാതെ അറിയാതെ നീ പോയതല്ലേ...’ എന്ന പാട്ടു പാടിയപ്പോൾ ഇത്താക്ക് പ്രണയ നൈരാശ്യം ഉണ്ടായിരുന്നോന്ന് വേറൊരു വിരുതൻ ചോദിച്ചു. പതിനാറ് വയസിൽ കെട്ടിച്ച എനിക്ക് എന്ത് പ്രണയനൈരാശ്യമാ മക്കളേ...? ഇതിനിടെ കണ്ട മറ്റൊരു കമന്റ്. ‘പാടാൻ ആഗ്രഹിച്ച പ്രായത്തിൽ ഇത്ത പ്രാരാബ്ദത്തിൽ ആയി. ഇപ്പോൾ എല്ലാം മറന്ന് പാടുന്നു.’ അതാണ് ശരിക്കും എന്റെ ജീവിതം.

പാട്ടാണ് കൂട്ട്

ഒറ്റയ്ക്കായി പോയ നിമിഷങ്ങളിലാണ് പാട്ട് എനിക്ക് കൂട്ടായി എത്തിയത്. എന്റെ പാട്ടു കേൾക്കാനും ഇഷ്ടപ്പെടാനുമൊക്കെ ഉണ്ടായിരുന്ന ആളെ പടച്ചോൻ നേരത്തെ വിളിച്ചു. ഭർത്താവ് ഷംസു 42 വർഷം മുൻ‌പാണ് മരിച്ചത്. 13 കൊല്ലം മാത്രമാണ് ഞങ്ങളൊന്നിച്ച് ജീവിച്ചത്. അദ്ദേഹത്തിന് ശ്വാസംമുട്ടിന്റെ പ്രശ്നമൊക്കെ ഉണ്ടായിരുന്നു.

ഷംസുക്കയ്ക്ക് ഇറച്ചി വെട്ടായിരുന്നു ജോലി. ജീവിച്ചിരുന്ന കാലത്ത് എന്നെ സിനിമയ്ക്കു കൊണ്ടു പോകാനും പാട്ടു കേൾപ്പിക്കാനുമൊക്കെ ഇക്കയ്ക്ക് വലിയ ഉത്സാഹമായിരുന്നു. ഷംസുക്ക ഉണ്ടായിരുന്നെങ്കിൽ ഇന്നെന്റെ പാട്ടു കേൾക്കാനും പ്രോത്സാഹിപ്പിക്കാനുമൊക്കെ മുൻപന്തിയിൽ നിന്നേനെ. അദ്ദേഹം പോയപ്പോൾ കുടുംബം പോറ്റാനും മക്കളെ വിവാഹം കഴിപ്പിച്ച് അയക്കാനും മൂന്നര വർഷത്തോളം ഗൾഫിൽ ജോലി ചെയ്തു. ഇതിനിടെ കൊച്ചി ഐലൻഡിലെ തേയില കമ്പനിയിലും കുറേ നാള്‍ ജോലിക്കു പോയി. ഇപ്പോഴുള്ള ഈ പാട്ട് ജീവിതത്തിന്റെ വൈകിയ വേളകൾ നൽകുന്ന സന്തോഷങ്ങളാണ്. എന്റെ മാത്രം സന്തോഷം...

ചില കുടുംബക്കാരൊക്കെ മോനെ വിളിച്ചിട്ട് സുഹറാത്തയോട് പാട്ടു നിർത്താന്‍ പറ എന്നൊക്കെ പറയും. ഉമ്മയോട് നിങ്ങള് തന്നെ നേരിട്ട് പറഞ്ഞോ എന്ന് അവൻ മറുപടി കൊടുക്കും. കുറേയേറെ പേർ എന്റെ പാട്ട് ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് കുറ്റംപറച്ചിലുകാരും കുശുമ്പുള്ളവരുമൊക്കെ എത്തിയത്. ഇതൊക്കെ എന്റെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളല്ലേ. നല്ലതും ചീത്തയും പറയുന്ന കുട്ട്യോളോട് ഒന്നേ പറയാനുള്ളൂ. ആർക്കും ഒരു ദ്രോഹവുമില്ലാത്ത പാട്ടല്ലേ ഇതൊക്കെ, വെറുതേ ലൈക്കടിച്ച് പൊയ്ക്കോളീം......– സുഹറാത്ത ചിരിയോടെ പറഞ്ഞു നിർത്തി.

suhara-thatha-23
ADVERTISEMENT