കേരളത്തിനകത്ത് തമിഴ്നാട്ടുകാർ കൊണ്ടാടുന്ന ഉത്സവമാണ് സുന്ദരൻ ചേരമാൻ പെരുമാൾ ഗുരുവന്ദനോത്സവം. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലാണ് അപൂർവമായ ഈ ഉത്സവക്കാഴ്ച. ഈ തമിഴ് ഉത്സവത്തിന്റെ വിശേഷങ്ങളെക്കുറിച്ച് അജു ചിറയ്ക്കൽ എഴുതിയത് വായിക്കാം
കേരളത്തിനകത്ത് തമിഴ്നാട്ടുകാർ കൊണ്ടാടുന്ന ഉത്സവമാണ് സുന്ദരൻ ചേരമാൻ പെരുമാൾ ഗുരുവന്ദനോത്സവം. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലാണ് അപൂർവമായ ഈ ഉത്സവക്കാഴ്ച.
മഹാക്ഷേത്രങ്ങളുടെ നാടാണ് തൃശൂർ. തൃശ്ശൂർ കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ തമിഴ്ഭക്തർ ആഘോഷിക്കുന്ന ഉൽസവമാണ് സുന്ദരൻ ചേരമാൻ പെരുമാൾ ഗുരുവന്ദനോത്സവം. കർക്കടകത്തിലെ ചിത്തിര, ചോതി, വിശാഖം ദിവസങ്ങളിലാണു സുന്ദരൻ ചേരമാൻ ഗുരുവന്ദനോൽസവം. കേരളം ഭരിച്ചിരുന്ന ഒരു രാജാവിന്റെ പേരിലുള്ള ഉത്സവം കൊണ്ടാടാൻ തമിഴ്നാട്ടിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ കേരളത്തിലെത്തി തമ്പടിച്ച് ആഘോഷപൂർവം കൊണ്ടാടുന്നത് ഒരത്ഭുതമാണ്. ചരിത്രവും, വിശ്വാസവും, ഐതിഹ്യവുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഉൽസവവും ക്ഷേത്രവുമൊക്കെയാണെങ്കിലും മലയാളികൾക്ക് ഈ ഉത്സവക്കാഴ്ച അത്ര പരിചിതമല്ല.
രാജാവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം
കേരളത്തിൽ എവിടെയെങ്കിലും ഒരു ക്ഷേത്രത്തില്‍ രാജാവിന്‍്റെ പേരിൽ ഒരു പ്രതിഷ്ഠയും ഉത്സവവും നടക്കുന്നുണ്ടോ എന്നു സംശയമാണ്. തിരുവഞ്ചിക്കുളം ക്ഷേത്രത്തിലാണ് കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്‍്റെയും അദ്ദേഹത്തിന്‍്റെ സുഹൃത്ത് സുന്ദരമൂർത്തി നായനാരുടേയും പ്രതിഷ്ഠയും നിത്യപൂജയുമുള്ളത്.
രാജാവിന്‍്റെയും അദേഹത്തിന്‍്റെ ഉറ്റ സുഹൃത്തിന്‍്റെയും പ്രതിഷ്ഠ വന്നതിലും അവരുടെ സൗഹൃദത്തിനു പിറകിലും ഒരു കഥയുണ്ട്, ഐതിഹ്യമുണ്ട്.
അറിയപ്പെടുന്ന കേരള ചരിത്രത്തിന്‍്റെ അടരുകൾ ചേരന്മാരിൽ നിന്നാണ് ആരംഭിക്കുന്നത്. മഹോദയപുരം കേന്ദ്രമാക്കി ഭരിച്ചിരുന്ന ചേരൻമാരുടെ രക്ഷാധികാരി തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ശിവനാണ്. വലിയ ശിവഭക്തനായിരുന്നു ചേരമാൻ പെരുമാൾ. തന്‍്റെ കുടുംബക്ഷേത്രമായ തിരുവഞ്ചിക്കുളത്തപ്പനാണ് അദേഹത്തിന്‍്റെ ഇഷ്ട ദൈവം. ദിവസവും ഉറങ്ങാൻ പോകും മുന്നെ ശിവൻ താണ്ഡവമാടുന്ന ചിലമ്പിന്‍്റെ ശബ്ദം പെരുമാൾ കേൾക്കുമായിരുന്നത്രെ. പെട്ടൊന്നൊരു ദിവസം അത് കേൾക്കാതായതോടെ പരിഭ്രാന്തനായ പെരുമാൾ താനെന്തോ അപരാധം ചെയ്തു എന്നു കരുതി ജീവത്യാഗം ചെയ്യാനൊരുങ്ങി.
ഉടനെ പെരുമാൾക്കു ശിവന്‍്റെ അരുളപ്പാടുണ്ടായി. തമിഴ്നാട്ടിലെ ചോഴ മണ്ഡലത്തിൽ എനിക്കൊരു ഭക്തനുണ്ട്. കവിയും പാട്ടുകാരനുമായ സുന്ദരമൂര്‍ത്തി നായനാര്‍. നായനാരുടെ ഗാനാലാപനത്തിൽ ലയിച്ചിരുന്നതുകൊണ്ടാണ് താൻ താണ്ഡവം പോലും മറന്നു പോയതെന്ന് പെരുമാളിനോട് ഭഗവാൻ പറഞ്ഞു. തന്നേക്കാൾ വലിയ ഒരു ശിവ ഭക്തനുണ്ടെങ്കിൽ അദേഹത്തെ കാണണമെന്ന് ആഗ്രഹിച്ച പെരുമാൾ തിരുവാരൂരിൽ എത്തി നായനാരെ കാണുകയും പിന്നീട് അവര്‍ തമ്മില്‍ ദൃഡമായ സൗഹൃദം രൂപപ്പെടുകയും ചെയ്തു. പിന്നീട് നായനാർ തിരുവഞ്ചിക്കുളത്തപ്പനെ ദർശിക്കാൻ പെരുമാളിനൊപ്പം കൊടുങ്ങല്ലൂരിലെത്തുകയും ഇവിടെ അതിഥിയായി താമസമാക്കുകയും ചെയ്തു.
അങ്ങനെ വർഷങ്ങൾ കടന്നുപോയപ്പോൾ പെരുമാളും നായനാരും തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ നിന്ന് ഉടലോടെ സ്വർഗം പൂകിയെന്നാണ് വിശ്വാസം. നായനാർ വെളുത്ത ആനപ്പുറത്തും, പെരുമാൾ വെളുത്ത കുതിരപ്പുറത്തുമേറി സ്വർഗാരോഹണം ചെയ്യുമ്പോൾ കവിയായിരുന്ന നായനാർ കവിതകൾ എഴുതി താഴേക്ക് ഇട്ടുകൊണ്ടിരുന്നെന്നും, അവ വന്നു വീണതു മകോതൈ എന്നു ചേരമണ്ഡലത്തിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ അഴീക്കോട് കടപ്പുറതാണെന്നുമാണ് വിശ്വാസം. ചേരമാൻ പെരുമാളിന്റെയും സുന്ദരമൂർത്തി നായനാരുടെയും കൈലാസ യാത്രയുടെ ഓർമ പുതുക്കാനാണ് വർഷം തോറും തമിഴ്നാടിന്റെ നാനാഭാഗത്തു നിന്നും ഭക്തർ ഇവിടെയെത്തി ഈ ഉത്സവം കൊണ്ടാടുന്നത്.
തിരുവഞ്ചിക്കുളത്തപ്പൻ
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയായാണ് 35 ൽ അധികം പ്രതിഷ്ഠകളുള്ള കരിങ്കല്ലിൽ പല്ലവ, ചോളശൈലിയിലുള്ള നിർമിച്ച തിരുവഞ്ചിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുഖ്യ പ്രതിഷ്ഠയായ പരമശിവനെ കൂടാതെ 33 ഉപദേവതകൾ കൂടിയുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠകൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകൾ ഉള്ള ക്ഷേത്രം കൂടിയാണ് തിരുവഞ്ചിക്കുളം ക്ഷേത്രം. കേരളത്തിന്റെ ചരിത്രം വിശാലമായി നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവയിൽ ആദ്യത്തെ വഞ്ചി യുഗമാണ്. സംഘകാലഘട്ടത്തിൽ തിരുവഞ്ചിക്കുളം വഞ്ചി എന്നാണ് അറിയപ്പെടുന്നത്
ക്ഷേത്രത്തിന്റെ പ്രത്യേകത
തമിഴ് സംഘസാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര പരാമർശം തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിന്റേതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്, ഇവിടെ ശിവൻ തന്റെ മുഴുവൻ കുടുംബത്തോടൊപ്പം വസിക്കുന്നതായി പറയപ്പെടുന്നു. തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രവുമായി തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിനു ബന്ധമുണ്ട്.
ഗുരു വന്ദനോൽസവം
മലയാളികൾക്ക് ഗുരു വന്ദനോൽസവത്തെക്കുറിച്ച് അറിയില്ലെങ്കിലും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിനു പേർ കർക്കടകത്തിലെ ചിത്തിര, ചോതി, വിശാഖം ദിവസങ്ങളിലായി തിരുവഞ്ചിക്കുളത്തെത്തി തമ്പടിച്ച്, പൂജകളും ചടങ്ങുകളും ചർച്ചകളും നടത്തും. ചിത്തിര ദിവസം തിരുവഞ്ചിക്കുളത്തു നിന്ന് ഏറ്റുവാങ്ങുന്ന സുന്ദരമൂർത്തി നായനാരുടെയും ചേരമാൻ പെരുമാളിന്റെയും വിഗ്രഹങ്ങൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തും. അതിനു ശേഷം അവർ സ്വർഗാരോഹണം ചെയ്തു എന്നു കരുതുന്ന വെള്ളാനപ്പുറത്തും വെള്ളകുതിരപ്പുറത്തുമേറ്റി അലങ്കരിച്ച് തിരുവഞ്ചിക്കുളം ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി കൊണ്ട് പോകും. കോയമ്പത്തൂർ ആസ്ഥാനമായ കോവൈ ചെക്കിലാർ തിരുകൂട്ടം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഗുരുവന്ദനോൽസവം നടത്തുന്നത്. മൂന്നു തമിഴ് തലമുറകൾ 90 കൊല്ലമായി സുന്ദരൻ ചേരമാൻ ഗുരുവന്ദനോൽസവം എന്ന പേരിൽ ഈ ചടങ്ങുകൾ നടത്തി പോരുന്നു.
തിരുവഞ്ചിക്കുളത്തെത്തുന്ന ഇരു വിഗ്രഹങ്ങളും ക്ഷേത്രം ഊട്ടുപുരയിലിറക്കി വയ്ക്കും. അന്നു രാത്രിയിലെ ഭജനകളും പിറ്റേന്ന് ചോതി ദിവസത്തെ ക്ഷേത്രത്തിലെ പൂജകളും കഴിഞ്ഞു ഭക്തരെല്ലാം വൈകുന്നേരം ചേരമാൻ പെരുമാളും സുന്ദരമൂർത്തി നായനാരും സ്വർഗാരോഹണം ചെയ്തു എന്ന് വിശ്വസിക്കുന്ന മഹോദയ ( അഴീക്കോട്) കടപ്പുറത്ത് എത്തുന്നു. നായനാരുടെ കവിതകൾ വീണു എന്നു വിശ്വസിക്കുന്ന കടപ്പുറത്ത് പാദസ്പർശമേൽക്കാത്ത മണ്ണു കൊണ്ട് ശിവലിംഗമുണ്ടാക്കി, ദേഹമാസകലം ഭസ്മം വാരിപ്പൂശി, ആർപ്പുവിളിച്ച്, താണ്ഡവ നിർത്തമാടി കർമങ്ങൾ ചെയ്യും. ഗുരു പൂജ ചെയ്ത നിർവൃതിയിൽ അവർ സ്വദേശത്തേക്കു മടങ്ങി പോകും. പിന്നീട് ഒരു വർഷം നീണ്ട ജനതയുടെ കാത്തിരിപ്പ്... അടുത്ത വർഷത്തെ ഗുരുവന്ദനോൽസവത്തിന്...