വർഷം 2010. ആലപ്പുഴ നവോദയ സ്കൂളിലെ ഏഴാം ക്ലാസ്സാണു രംഗം. ക്രിസ്മസ് അവധിക്കു സ്കൂൾ പൂട്ടുന്ന ദിവസം അവസാന പീരിയഡ് ക്ലാസ്സിലെത്തിയ ഹിന്ദി അധ്യാപകൻ കൃഷ്ണകുമാർ കുട്ടികളോടു പറഞ്ഞു, ‘സ്കൂൾ തുറന്നു വരുമ്പോൾ പഠിക്കാനുള്ളതു സുധാ ചന്ദ്രന്റെ പാഠമാണ്. അപകടത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും കൃത്രിമക്കാലിൽ നൃത്തം ചെയ്ത് അദ്ഭുതമായ സുധാ ചന്ദ്രന്റെ ജീവിതം.’ കൃത്രിമക്കാലിൽ സുധാ ചന്ദ്രൻ നൃത്തം ചെയ്യുന്ന വിഡിയോ ക്ലാസ്സിൽ കാണിക്കുമെന്നു കേട്ടു സന്തോഷിച്ചാണു പാർവതി ഗോപകുമാർ എന്ന ഏഴാം ക്ലാസ്സുകാരി വീട്ടിലേക്കു പോയത്.
മൂന്നു മാസങ്ങൾക്കിപ്പുറം ഏഴാം ക്ലാസ്സിലെ അവസാന പരീക്ഷയെഴുതാനാണു പാർവതി പിന്നെ, സ്കൂളിലേക്കു വന്നത്. മുട്ടിനു താഴെമുറിച്ചുമാറ്റിയ വലംകയ്യിലെ മുറിവുണങ്ങും മുൻപേ, ഇടംകയ്യിൽ പേന പിടിച്ചു വഴങ്ങാത്ത അക്ഷരങ്ങൾ കൊണ്ട് എങ്ങനെയോ പാർവതി പരീക്ഷ എഴുതി.
15 വർഷങ്ങൾക്കിപ്പുറമാണ് അടുത്ത രംഗം. 2025 മേയ് 19. എറണാകുളം കലക്ടറേറ്റിന്റെ പടികയറിയെത്തിയ പാർവതിയെ കലക്ടർ എൻ. എസ്. കെ. ഉമേഷ് ഐഎഎസും ഉദ്യോഗസ്ഥരും പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ചുമതലയേറ്റെടുത്തു കസേരയിലിരുന്ന് ഇടംകൈ കൊണ്ടു വടിവൊത്ത അക്ഷരത്തിൽ റജിസ്റ്ററിൽ ഒപ്പിട്ടു, പാർവതി ഗോപകുമാർ ഐഎഎസ്, അസിസ്റ്റന്റ് കലക്ടർ, എറണാകുളം. നിശ്ചയദാർഢ്യത്തിന്റെ കൈപിടിച്ച് ആത്മവിശ്വാസത്തോടെ നടന്നുപിന്നിട്ട വഴികളെ കുറിച്ചു പാർവതി ഗോപകുമാർ പറയുന്നു.
മോഹിച്ച വക്കീൽ കുപ്പായം
ആലപ്പുഴയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണു പാർവതി ജനിച്ചുവളർന്ന വീട്. അച്ഛൻ ഗോപകുമാറും അമ്മ ശ്രീകലയും മക്കൾ പാർവതിയെയും രേവതിയെയും പഠിക്കാൻ മാത്രമല്ല പ്രോത്സാഹിപ്പിച്ചത്. കലാമത്സരങ്ങളിലും ക്വിസിലുമൊക്കെ രണ്ടുപേരും സജീവമായി പങ്കെടുത്തു. വക്കീലാകണമെന്നായിരുന്നു സ്കൂൾ കാലത്തു പാ ർവതിയുടെ മോഹം.
‘‘അച്ഛന്റെ അച്ഛൻ ശങ്കരനാരായണ പിള്ള അഡ്വക്കേറ്റായിരുന്നു. അതുകൊണ്ടാകാം എനിക്ക് ആ പ്രഫഷനോടു താൽപര്യം തോന്നിയത്. ആലപ്പുഴ നവോദയ സ്കൂളിലാണ് ആറാം ക്ലാസ്സു മുതൽ പഠിച്ചത്. ഏഴാം ക്ലാസ്സിലെ സ്കൂൾ ഹൗസ് ഡേയ്ക്കു കഥാപ്രസംഗമൊക്കെ അവതരിപ്പിച്ചു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് അവധിക്കു വീട്ടിലേക്കു പോയി.
2010 ഡിസംബർ 23. മുല്ലയ്ക്കൽ ചിറപ്പ് കാണാൻ പോകുന്ന വഴി എവിടെനിന്നോ അമിതവേഗതയിൽ പാഞ്ഞുവന്ന കാർ ഞങ്ങളെ ഇടിച്ചിട്ടു. റോഡിലേക്കു തെറിച്ചുവീണ എന്റെ വലതു കയ്യിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലേക്കും, കൈ രക്ഷപ്പെടുത്തിയെടുക്കാനായി പിന്നീടു കൊച്ചിയിലെ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കും മാറ്റി.
ഡോക്ടർമാർ ഓടിയെത്തിയതൊക്കെ ഓർമയുണ്ട്. പിന്നെ, മൂന്നു ദിവസത്തിനു ശേഷമാണു ബോധം വീണത്. അപ്പോൾ അച്ഛന്റെ ചേട്ടൻ നന്ദകുമാറും ഭാര്യ രാജശ്രീയും, അമ്മയുടെ ചേച്ചി ശ്രീലതയും ഭർത്താവ് വിജയകുമാറും അമ്മാവന്മാരുമൊക്കെ ചുറ്റുമുണ്ട്.
പേരമ്മയാണ് ആ വിവരം എന്നോടു പറഞ്ഞത്. ‘വലിയ അപകടമായിരുന്നു, ഡോക്ടർമാർ നമുക്കു ജീവൻ തിരിച്ചു തന്നു, കൈ മാത്രമാണു നഷ്ടപ്പെട്ടത്. ഇനി പേടിക്കാനൊന്നുമില്ല...’ വലതു കൈ മുട്ടിനു താഴെവച്ചു മുറിച്ചുമാറ്റിയതിന്റെ വേദനയ്ക്കിടയിലും ആ വാക്കുകൾ ആശ്വാസമായി.
വഴങ്ങാതെ ഇടംകൈ
ഒരു മാസം ആശുപത്രിയിൽ കിടന്നു. ഇടയ്ക്കു വലംകൈ വേദനിക്കും. ഇല്ലാത്ത കൈ ഉണ്ടെന്നു തോന്നുന്ന വേദന. പുസ്തകങ്ങളാണ് ആശുപത്രിയിലും കൂട്ടായത്. ഇടതുകൈകൊണ്ട് എഴുതി പഠിക്കുകയായിരുന്നു ആദ്യത്തെ പ്രയത്നം. ചെറിയ കുട്ടികൾക്ക് അക്ഷരം എഴുതി പഠിക്കാൻ ഉപയോഗിക്കുന്ന നാലുവരി പുസ്തകത്തിൽ ഉരുട്ടിയുരുട്ടി എഴുതി പരിശീലിച്ചു.
ഏഴാം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്കു വേണ്ടി സ്കൂളിലേക്കു ചെന്നു. ഹൗസ് മിസ്ട്രസ് ലിജി ടീച്ചർ, പ്രിൻസിപ്പൽ അണ്ണാശ്ശേരി സാർ, അദ്ദേഹത്തിന്റെ ഭാര്യ അൻസമ്മ ടീച്ചർ, വൈസ് പ്രിൻസിപ്പൽ സജിതകുമാരി മാഡം, സുരേന്ദ്രൻ സാർ... എല്ലാവരും സ്നേഹത്തോടെയാണു സ്വീകരിച്ചത്. എങ്ങനെയോ പരീക്ഷയെഴുതി.
എട്ടാം ക്ലാസ്സിൽ അച്ഛനും അമ്മയും സ്കൂളിനടുത്തു വാടകവീടെടുത്തു. ആ വർഷം പകുതിയായപ്പോഴേക്കും അക്ഷരങ്ങൾക്കു വടിവും ഒതുക്കവും കിട്ടി. എഴുത്തിനു വേഗം കുറവാണെന്നു മാത്രം. നഷ്ടമായ വലതുകയ്യുടെ സ്ഥാനത്തു കൃത്രിമകൈ വച്ചു. പക്ഷേ, ആ വർഷം ഞാനൊരു തീരുമാനമെടുത്തു, അച്ഛനും അമ്മയും കൂടെ നിന്നാൽ എന്നും സഹായം വേണ്ടിവരുമെന്ന അവസ്ഥയാകും. തനിയെ എല്ലാം ചെയ്യാൻ പഠിക്കണം.
ഒൻപതാം ക്ലാസ്സിൽ വീണ്ടും ഹോസ്റ്റലിലേക്കു മാറി. കൂട്ടുകാരായ ആൻ മേരിയും സുലേഖയും സ്നേഹയും ഹർഷയും കാർത്തിക്കും എല്ലാത്തിനും ഒപ്പം നിന്നു. കൂട്ടുകാരികളാണു റെഡിയാകാനൊക്കെ സഹായിക്കുക. അ ന്നുവരെ ബോയ് കട്ട് ആയിരുന്ന മുടി അപ്പോഴേക്കും നീട്ടി വളർത്തിയിരുന്നു. തനിയെ മുടി കെട്ടാനും പഠിച്ചു.

പരീക്ഷകളെല്ലാം തനിച്ചാണ് എഴുതിയത്. പത്താം ക്ലാസ്സിൽ കണക്കിനൊഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണു പ്ലസ് വൺ ഹ്യുമാനിറ്റീസിനു ചേർന്നത്. ആ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥാരചനാ മത്സത്തിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. പ്ലസ്ടുവിനു സോഷ്യൽ സയൻസ് ക്വിസിനും ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ചു. പ്ലസ് ടുവിനു ഫുൾ മാർക്കിലാണു പാസ്സായത്.
ജീവിതം മാറ്റിയ ക്യാംപസ്
കുസാറ്റ് എൽഎൽബി എൻട്രൻസിൽ ഒന്നാം റാങ്കുണ്ടായിരുന്നു. മദ്രാസ് ഐഐടിയുടെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസിൽ ദേശീയതലത്തിൽ 16ാം റാങ്കും ക്ലാറ്റ് എൻട്രൻസിൽ 200ാം റാങ്കുമായിരുന്നു. ബെംഗളൂരു ലോ സ്കൂളിലെ അഞ്ചു വർഷ എൽഎൽബി കാലമാണ് ആരുടെയും സഹായമില്ലാതെ ജീവിക്കാൻ പറ്റുന്ന തരത്തിൽ എന്നെ മാറ്റിയത്.
ഹ്യൂമൻ ലൈബ്രറി പ്രവർത്തനങ്ങളിൽ സജീവമായി. അവരുടെ പരിപാടികൾക്കു വേണ്ടി യാത്ര ചെയ്യാൻ തുടങ്ങി. പല ജീവിതാനുഭവങ്ങളുള്ള ആളുകൾ ഒന്നിച്ചെത്തുന്ന വേദിയാണത്. ഓരോ വ്യക്തിയും ഓരോ ബുക് ആയാണു കരുതപ്പെടുക. ഓരോ മാസവും പത്തു ബുക്കുകൾ ഒ ന്നിച്ചു വേദിയിലെത്തി സ്വന്തം കഥ പങ്കുവയ്ക്കും. കേൾവിക്കാർക്കു സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാം. മറ്റുള്ളവരുടെ കണ്ണിലൂടെ നമ്മുടെ ജീവിതാനുഭവം വിലയിരുത്തപ്പെടുന്നത് രസമുള്ള കാര്യമാണ്. അതിലൂടെ കിട്ടിയ ആത്മവിശ്വാസം വലുതായിരുന്നു.
വേദനയുടെ പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ആളുകളുടെ സഹതാപം കാണുമ്പോഴുള്ള സങ്കടമായിരുന്നു ആദ്യം. അതുകൊണ്ടുതന്നെ ഈ പരിമിതിയെ നിഷേ ധിക്കാനാണു ശീലിച്ചത് കോളജിൽ എത്തിയതോടെ എ ന്നെ ഞാനായി അംഗീകരിക്കുന്ന വലിയൊരു സംഘത്തെ കൂട്ടായി കിട്ടി. ഇതൊരു കുറവായി കണ്ടു സഹതപിക്കുന്നതൊക്കെ തമാശയായി എടുക്കാൻ പഠിച്ചത് അതിനു ശേഷമാണ്. ഡിസെബിലിറ്റി ആക്ടിവിസം രംഗത്തേക്കു ചുവടുവച്ചതും ലേഖനങ്ങൾ എഴുതിയതും ആ കാലത്തു തന്നെയാണ്.
സ്വപ്നം പോലെ ഹിമാലയം
നിക്കു ചെയ്യാൻ പറ്റില്ല എന്നു മറ്റുള്ളവർ ചിന്തിക്കുന്ന കാര്യങ്ങൾ ചെയ്തുനോക്കാൻ വലിയ ഉത്സാഹമായിരുന്നു. അതിന്റെ ഭാഗമായി 2019ൽ ഭൂട്ടാനിലേക്കു സോളോ ട്രിപ് പോയി. കൊച്ചി മുതൽ മുംബൈ വരെയും അവിടെ നിന്നു ബഗ്ദോഗ്ര വരെയും വിമാനത്തിൽ. പിന്നെ സിലിഗുരി വരെ ഓട്ടോയിൽ. സിലിഗുരിയിൽ നിന്നു ഫുങ്ഷുലി ൻ വരെ ബസ്സിൽ... യാത്ര പ്ലാൻ ചെയ്തതു മുതൽ എല്ലാ റോളും തനിച്ചു ചെയ്തു. ബാക്ക് പാക്കിൽ സാധനങ്ങളെടുത്തുള്ള ആ യാത്രയ്ക്കു ശേഷം ഹിമാലയം ഒരിക്കൽ കൂടി വിളിച്ചു. ആ യാത്ര മസൂറിയിലെ സിവിൽ സർവീസ് ട്രെയ്നിങ്ങിനു വേണ്ടിയായിരുന്നു.

സിവിൽ സർവീസ് സ്വപ്നം
2018ൽ കോതമംഗലത്തു വച്ചു നടന്ന ടെഡ് എക്സ് ടോക്കിൽ പങ്കെടുക്കുമ്പോൾ അന്ന് ആലപ്പുഴ സബ് കലക്ടറായ കൃഷ്ണതേജ ഐഎഎസും സംസാരിക്കാനെത്തിയിരുന്നു. പരിചയപ്പെട്ടപ്പോൾ അദ്ദേഹമാണു ചോദിച്ചത്, ‘സിവിൽ സർവീസ് മോഹമുണ്ടോ?’ എന്റെ ലേഖനങ്ങൾ വായിച്ച അദ്ദേഹം പരീക്ഷയെഴുതാൻ പ്രോത്സാഹിപ്പിച്ചു.
കോളജിലെ അവസാന വർഷം വക്കീൽ മോഹം തത്കാലം മാറ്റിവച്ചു സിവിൽ സർവീസിൽ ഒരു കൈ നോക്കാമെന്ന് ഉറപ്പിച്ചു. 2022 ലെ ആദ്യശ്രമത്തിൽ പ്രിലിമിനറി പോലും കടക്കാനായില്ല. പിന്നെ പരിശീലനത്തിനു ചേർന്നു. ഇടയ്ക്കു കൂട്ടുകാരുമൊത്തു കറങ്ങാനും സിനിമയ്ക്കുമൊക്കെ പോയി ആസ്വദിച്ചാണു പഠിച്ചത്. സച്ചിൻ, സാന്ദ്ര, അഭയ് എന്നിവരായിരുന്നു കൂട്ട്.
പക്ഷേ, ദൈവം ഒന്നുകൂടി പരീക്ഷിച്ചു. പരീക്ഷയ്ക്കു തൊട്ടുമുൻപു വൈറൽ ഫീവർ പിടിപെട്ട് ആശുപത്രിയിൽ അഡ്മിറ്റായി. റിവിഷൻ പോലും ചെയ്യാനാകാതെ വലിയ സങ്കടത്തിൽ കൃഷ്ണതേജ സാറിനെ വിളിച്ചു. വിവരം കേട്ടപാടേ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു, ‘ഇക്കുറി കിട്ടും എന്നാണ് അതിന്റെയർഥം, ടെൻഷൻ ഒട്ടും വേണ്ട...’ മരുന്ന് ഡ്രിപ് ഇടാനായി ഇടംകയ്യിൽ കാനുല കുത്തിയതിന്റെ വേദനയിലാണു പരീക്ഷയെഴുതിയത്.
സ്ക്രൈബിന്റെ സഹായം തേടാത്തവർക്കു പരീക്ഷയെഴുതാൻ ഒരു മണിക്കൂർ അധികസമയം കിട്ടും. അതുകൊണ്ട് ഓരോ പരീക്ഷ കഴിഞ്ഞും അര മണിക്കൂറേ ബ്രേക് കിട്ടൂ. മൂന്നു ദിവസം കൊണ്ട് 20 മണിക്കൂറാണു പരീക്ഷയെഴുതിയത്. ഇടംകൈ കൊണ്ട് എഴുതുന്നതിനു വേഗം കുറവായതു കൊണ്ടു ചില പേപ്പറുകൾ പൂർത്തായാക്കാനുമായില്ല. ഫലം വന്നപ്പോൾ 282ാം റാങ്ക്. കേരള കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചു.
വഴങ്ങുന്ന ഇടംകൈ
മസൂറിയിലെ ട്രെയ്നിങ്ങിനായി വീണ്ടും ഹിമാലയത്തിലേക്ക്. കസ്തൂരി, അമൃത എസ്. കുമാർ, ഫെബിൻ, റാഷിദ്, അഞ്ജിത എന്നിവരായിരുന്നു അടുത്ത കൂട്ടുകാർ. ആ ട്രെയ്നിങ്ങിനിടെ മറ്റൊരു കാര്യം കൂടി പഠിച്ചു, സ്വയം സാരിയുടുക്കാൻ. പരിശീലനത്തിന്റെ പല ഘട്ടങ്ങളിലും സെറിമോണിയൽ അറ്റയർ ആയി സാരി ഉടുക്കണം. അപ്പോൾ ഹോസ്റ്റലിലെ ക്ലീനിങ് ജോലി ചെയ്യുന്ന ചേച്ചിമാരാണു സാരിയുടുപ്പിച്ചു തരുക. ആ പ്രയാസം കണ്ടിട്ട് കസ്തൂരി ഉദ്യമം എറ്റെടുത്തു. കുറച്ചധികം ദിവസങ്ങൾ വേണ്ടിവന്നു സാരി ഇടംകൈയ്ക്കു വഴങ്ങാൻ. ഇപ്പോൾ നന്നായി സാരിയുടുക്കാനറിയാം.

മസൂറിയിലെ പരിശീലനത്തിനും തിരുവനന്തപുരം ഐ എംജിയിലെ ട്രെയ്നിങ്ങിനും ശേഷമാണ് എറണാകുളത്ത് അസിസ്റ്റന്റ് കലക്ടറായത്. ഇനി ഡൽഹിയിൽ അസിസ്റ്റന്റ് സെക്രട്ടറിഷിപ്പും മസൂറിയിലെ ഫെയ്സ് ടു പരിശീലനവുമുണ്ട്. അതു കഴിഞ്ഞാണു സബ് കലക്ടറായി നിയമനം കിട്ടുക.
ഇപ്പോൾ ഏറ്റവും സന്തോഷിക്കുന്നത് ആലപ്പുഴ കലക്ടറേറ്റിൽ ഡെപ്യൂട്ടി തഹസിൽദാറായ അച്ഛൻ ഗോപകുമാറും കക്കാഴം ഗവ.എച്ച്എസ്എസിലെ ഇംഗ്ലിഷ് അ ധ്യാപികയായ അമ്മ ശ്രീകലയുമാണ്. തിരുവനന്തപുരം ഐസറിൽ പഠിക്കുന്ന അനിയത്തി രേവതിയാണ് എന്റെ മറ്റൊരു സപ്പോർട്ടർ.
ചെറിയ പരിമിതികൾ ഉണ്ടായാൽ പോലും ഇനി ഒന്നിനും സാധിക്കില്ല എന്നു ചിന്തിക്കുന്നവരുണ്ട്. ഞാൻ പഠിച്ച ഒരു കാര്യം പറയാം, വലിയ സന്തോഷമായാലും സങ്കടമായാലും എന്നെന്നും നിലനിൽക്കില്ല. ഇതും കടന്നു പോകും. സ്വപ്നങ്ങൾക്കൊപ്പം നിൽക്കാൻ ഒരുപാടുപേർ കൂടെയുള്ളപ്പോൾ അതിനുവേണ്ടി പരിശ്രമിക്കാതിരുന്നാലാണു നമ്മൾ പരാജയപ്പെടുക.’’