ADVERTISEMENT

ജീവിതത്തിലേയും സംരംഭക രംഗത്തെയും ചിലരുടെ യാത്രകള്‍ നമുക്കും പ്രചോദനമേകും. ആത്മവിശ്വാസത്തോടെ അവർ ഒരേ സ്വരത്തിൽ ഇങ്ങനെ പറയും. ‘‘ഞ ങ്ങള്‍ക്കു സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും.’’

കാണുന്നവർക്കുപോലും പ്രചോദനവും പ്രത്യാശയും നൽകുന്ന അത്തരമൊരു പ്രചോദന കഥയാണിത്. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നൂലിഴകൾകൊണ്ട് വിജയഗാഥ രചിച്ച മനോഹരമായൊരു കഥ.
ഡ്രീംസ് ക്രിയേറ്റീവ് എന്ന കോണ്ടന്റ് സർവീസ് സംരംഭക രേണു ഷേണായി പങ്കുവയ്ക്കുന്ന വിജയകഥ...

ഭാവി വെറും 10 സെക്കൻഡിൽ

കരിക്കുലം വിറ്റെ അഥവാ സിവിയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് ഉദ്യോഗാർഥികൾക്കു ന ന്നായി അറിയാം. സിവിയിലൂടെ എച്ച്ആർ ടീമിനെ ആകർഷിക്കാൻ ലഭിക്കുന്നതു വെറും 10 സെക്കൻഡാണ്. ആ 10 സെക്കൻഡ് കൃത്യമായി എങ്ങനെ പ്രയോജനപ്പെടുത്തണം എന്നു രേണു ഷേണായിക്കു വ്യക്തമായ ധാരണയുണ്ട്. അതുതന്നെയാണു സിവി റൈറ്റിങ് രംഗത്തു രേണുവിനു തന്റേതായൊരു ഇടം നേടിക്കൊടുത്തതും.

പഠിച്ച മേഖലയും ചെയ്യുന്ന തൊഴിലുമായി യാതൊരു ബന്ധവുമില്ലെന്ന ആമുഖത്തോടെയാണു രേണു തന്റെ സംസാരം തുടങ്ങിയത്. ‘‘എംഐ ടി മണിപ്പാലിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലാണ് ബിരുദം. എച്ച്ആർ ആൻഡ് മാർക്കറ്റിങ്ങി ൽ എംബിഎയുമുണ്ട്. പക്ഷേ, വരുമാനം കണ്ടെത്തുന്നത് സിവി റൈറ്റിങ്ങിലാണ്.’’ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലി കിട്ടിയില്ലെന്നോർത്തു നിരാശരാകേണ്ടതില്ലെ ന്നു പറയാതെ പറയുകയാണു രേണു.

‘‘യാദൃച്ഛികമായാണു കരിക്കുലം വിറ്റെ തയാറാക്കിത്തുടങ്ങിയത്. വിവാഹശേഷം കൊച്ചിയി ൽ നിന്നു ദുബായിലേക്കു ചേക്കേറുമ്പോൾ ഒരു സ്വകാര്യകമ്പനിയിൽ ജോലി തരപ്പെട്ടിരുന്നു. മക്കൾ സംവൃതയും സമൃദ്ധും ജനിച്ചതോടെ കുറച്ചു നാൾ ബ്രേക്ക് എടുത്തു. ആയിടയ്ക്കാണ് ഒരു സുഹൃത്തിനും അവരുടെ ഭർത്താവിനും വേണ്ടി സിവി തയാറാക്കുന്നത്. ഫയൽ കൈമാറിയപ്പോൾ ഫീസ് എത്രയെന്നു ചോദിച്ചു. ഇതിനൊക്കെ എന്തിനാ ഫീസ് എന്നൊരു മറുചോദ്യമായിരുന്നു എന്റെ മറുപടി.

പക്ഷേ, അതെന്റെ ഉള്ളിലൊരു ചിന്തയുണർത്തി. സമയവും പരിശ്രമവും വേണ്ടിവരുന്ന ഏതൊരു ജോലിയും സൗജന്യമായി ചെയ്യാൻ പാടില്ലെന്ന് എന്നെ പഠിപ്പിച്ചത് ആ സുഹൃത്താണ്. അവർ തന്ന പ്രതിഫലമാണു സിവി റൈറ്റിങ്ങിൽ നിന്നുള്ള ആദ്യ വരുമാനം. ‘‘നിനക്കിതൊരു പ്രഫഷൻ ആക്കിക്കൂടെ?’’ എന്ന് ചോദിച്ചതും ആ സുഹൃത്തുതന്നെ. ഏതൊരു സംരംഭത്തിലുമെന്നപോലെ ആദ്യ കുറച്ചു മാസങ്ങൾ എനിക്കും അഗ്നിപരീക്ഷണമായിരുന്നു. ഭർത്താവ് സുജിത്ത് ഷേണായി തൊഴിലിലും വ്യക്തിപരമായും താങ്ങായി. അങ്ങനെ കുറച്ചു കാലം കൊണ്ട് ബിസിനസ് വളർന്നു.

എഐയും ആപ്പുകളുമില്ല

വീട്ടിലിരുന്നു വരുമാനം കണ്ടെത്താനുള്ള മാർഗമായി വളരെ വേഗത്തിൽ സിവി റൈറ്റിങ് മാറി. പ്രതിമാസം അരലക്ഷത്തോളം രൂപ വരെ നേടാൻ ഈ തൊഴിൽ എന്നെ പ്രാപ്തയാക്കി. സമയവും മനസ്സുമാണു ആകെ നിക്ഷേപം. റിക്രൂട്മെന്റ് മേഖലയിലെ പ്രവൃത്തിപരിചയം ബോണസായി.‌ ചിലപ്പോഴൊക്കെ നൂറിലധികം അപേക്ഷകളാണ് ഒരു ഒഴിവിലേക്കു വരുന്നത്. അവിടെ റിക്രൂട്മെന്റ് ടീമിന്റെ ശ്രദ്ധ പിടിച്ചു പറ്റണമെങ്കിൽ കാഴ്ചയിലും ഉള്ളടക്കത്തിലും സിവി മികവു പുലർത്തണം. വ്യക്തിപരമായി ക്ലൈന്റിനെയും അവരുടെ തൊഴിൽ മേഖലയേയും മനസ്സിലാക്കിയ ശേഷം മാത്രമേ സിവി എഴുതാൻ തുടങ്ങാറുള്ളൂ.

ഉദ്യോഗാർഥിയിൽ കമ്പനി ഉറ്റുനോക്കുന്ന കഴിവുകളെ ഉയർത്തിക്കാണിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എടിഎസ് (ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം), എസ്ഇഒ (സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ) കീവേർഡുകൾ ചേർത്താണ് സിവി തയാറാക്കുക. തൊഴിൽ മേഖലയനുസരിച്ചു കീവേർഡുകളിൽ മാറ്റമുണ്ടാകും.

ആപ്പുകൾ ജോലി എളുപ്പമാകുമെങ്കിലും ഉദ്യോഗാർഥികൾക്കു ഫലമുണ്ടാകണമെന്നില്ല. സിവിക്കു പുറമേ കവറിങ് ലെറ്റർ, ലിങ്ക്ഡ് ഇൻ അപ്ഡേഷൻ, ഗോൾഡൻ വീസ പ്രൊഫൈൽ തുടങ്ങിയ സേവനങ്ങളും ഉണ്ട്. ഓരോ വർക്ക് പൂർത്തിയാക്കുമ്പോഴും ഞാൻ എന്നോടു പറയാറുണ്ട്, തിരഞ്ഞെടുത്ത യാത്ര ശരിയായിരുന്നു എന്ന്.’’

ADVERTISEMENT