ADVERTISEMENT

ട്രെയിനിനെ ജീവിത യാത്രകളുടെ ഭാഗമാക്കുന്നവരെ കണ്ടിട്ടുണ്ടോ? അവരുടെ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും തിരക്കുപിടിച്ച ഏതെങ്കിലും ട്രെയിൻ ബോഗിയിലായിരിക്കും. പുലർച്ചെ തൊഴിൽ തേടി പോകുന്നതു മുതൽ രാത്രി വീട്ടിൽ തിരികെയെത്തുന്നതു വരെയുള്ള സമയം കണക്കിലെടുക്കുമ്പോൾ ആകെയുള്ള ആശ്രയം ട്രെയിനായിരിക്കും. യാത്രാ മധ്യേ ഭക്ഷണത്തിനുള്ള കറിക്കരിയുന്നതു മുതൽ പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്നവർ വരെയുണ്ട്. മറ്റു ചിലർ ചെയ്തു തീർക്കാൻ കഴിയാത്ത ജോലികൾ വരെ ലാപ്ടോപ് തുറന്ന് ട്രെയിനിലിരുന്ന് ചെയ്യും. എന്നാൽ ലോക്കൽ ട്രെയിനിൽ വസ്ത്രങ്ങളുണങ്ങാനിട്ട ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിലെ ദൃശ്യങ്ങളാണ് പുറന്നു വന്നിട്ടുള്ളത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മുംബൈയിൽ നിർത്താതെ മഴ പെയ്യുകയാണ്. ചോർന്നൊലിക്കുന്ന കുഞ്ഞു കൂരകളിൽ കഴിയുന്നവരെ സംബന്ധിച്ചും താമസിക്കാന്‍ മതിയായ സ്ഥലം ഇല്ലാത്തവരെ സംബന്ധിച്ചും തുണി ഉണക്കിയെടുക്കുക എന്നത് വലിയ പ്രതിസന്ധിയാണ്. എന്നാൽ മഴ പെയ്തൊഴിയുന്നതു വരെ കാത്തിരിക്കാമെന്നു വച്ചാൽ മാറിയുടുക്കാൻ ആവശ്യത്തിന് വസ്ത്രങ്ങൾ പോരാതെ വരും. ഈ പ്രതിസന്ധികൾക്ക് പരിഹാരമെന്നോണമാണ് മുംബൈ സ്വദേശിനിയായ യുവതി ഓടുന്ന ട്രെയിനിൽ തുണിയുണക്കാനായി വിരിച്ചിട്ടത്.

ADVERTISEMENT

നനഞ്ഞ മാക്സി ഡ്രസുകൾ ഹാങ്ങറിലിട്ട് ട്രെയിനിന്റെ വാതിലിനു സമീപമുള്ള മെറ്റൽ റോഡിലാണ് യുവതി കൊളുത്തിയിട്ടത്. യുവതിയുടെ മുഖത്തോ, സഹയാത്രികരുടെ മുഖത്തോ ഇതൊരു വലിയ സംഭവമാണെന്ന യാതൊരു ഭാവവുമില്ല. മുംബൈയിലെ സാഹചര്യം അറിയാവുന്നതു കൊണ്ടു തന്നെ ആരും എതിർപ്പു പ്രകടിപ്പിച്ചിട്ടുമില്ല.

മുൻപ് ടവലും കർച്ചീഫുമൊക്കെ ലോക്കൽ ട്രെയിനിൽ വച്ച് പലരും ഉണക്കിയെടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തു വന്നിട്ടുണ്ടെന്നും മുംബൈക്കാർ യാത്ര ചെയ്യാനുള്ള ഗതാഗത സംവിധാനമായി മാത്രമല്ല ട്രെയിനിനെ കാണുന്നതെന്നും അവരെ സംബന്ധിച്ച് ട്രെയിൻ രണ്ടാമത്തെ വീടാണെന്നുമാണ് വിഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT