ADVERTISEMENT

എടവണ്ണ ഒതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം വ്യാപകം. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് എത്തുകയും പടക്കങ്ങളും മറ്റും ഉപയോഗിച്ച് ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആനയുടെ അക്രമണത്തിൽ കല്യാണി കൊല്ലപ്പെട്ടത്.

ആനയെ തുരത്തി ഓടിക്കുന്നതിനു മുൻപ് പ്രദേശത്തെ മെംബർമാരെയോ, പഞ്ചായത്ത് അധികൃതരെയോ, പ്രദേശത്തുള്ള ആളുകളെയോ വനപാലകർ അറിയിക്കുകയോ, ജാഗ്രത നിർദേശം നൽകുകയോ ചെയ്തിരുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

ADVERTISEMENT

വൈകിട്ടോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് നാട്ടിലെത്തിച്ച മൃതദേഹം തടഞ്ഞു നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും കുടുംബത്തിന് അർഹമായ സഹായം നൽകണമെന്നും ആവശ്യപ്പെട്ടാണു നാട്ടുകാർ പ്രതിഷേധിച്ചത്. തുടർന്നു നിലമ്പൂർ ഡിഎഫ്ഒ പി. ധനേഷ് കുമാർ സ്ഥലത്തെത്തുകയും വനംവകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് ലക്ഷം രൂപ ഇന്നു കൈമാറാനും ബാക്കി തുക തഹസിൽദാരുടെ റിപ്പോർട്ട് കിട്ടിയ ശേഷം നൽകാമെന്നും നൽകിയ ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വന്യ മൃഗശല്യം തടയാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. തുടർന്ന് മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഈ പ്രദേശത്ത് 15 ദിവസത്തിലധികമായി  വനപാലകർ ആനയെ തിരഞ്ഞ് വരുന്നുണ്ട്. ആനയിറങ്ങിയെന്ന വിവരമറിഞ്ഞ് കല്യാണി കളിക്കാൻ പോയ പേരക്കുട്ടിയെ തിരഞ്ഞ് നൂറുമീറ്റർ അകലെയുള്ള കമ്പിക്കയം ചോലയിലേക്ക് എത്തുകയായിരുന്നു.

ADVERTISEMENT

ഈ സമയത്താണ് വനംവകുപ്പ് തുരത്തിയോടിച്ച   ആന പാഞ്ഞെത്തി കല്യാണിയെ ആക്രമിക്കുന്നത്. കളിക്കാൻ പോയ അഭിൻ കൃഷ്ണ കൂട്ടുകാരനോടൊപ്പം അച്ഛന്റെ സുഹൃത്തിന്റെ ബൈക്കിൽ കയറി വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാട്ടാന റോഡിനു കുറുകെ ഓടിപ്പോകന്നത് കാണുകയും ചെയ്തിരുന്നു. ചോലാറ മലയിൽ 60 ആദിവാസി കുടുംബങ്ങളാണ് താമസിച്ചു വരുന്നത്. ആനശല്യം കാരണം ഏറെ ഭീതിയിലാണ് ഇവർ കഴിയുന്നത്. ഇവിടെയുണ്ടായിരുന്ന ഏകാധ്യാപക വിദ്യാലയം മൂന്നു വർഷം മുൻപ് സർക്കാർ നിർത്തലാക്കി.

ഇതോടെ ഇവിടുത്തെ കുട്ടികൾ മലയിറങ്ങി 5 കിലോമീറ്റർ താഴെയുള്ള ചാത്തല്ലൂർ സർക്കാർ സ്‌കൂളിലാണ് പഠിക്കാനെത്തുന്നത്. 3 വർഷം മുൻപ് ഓടക്കയം മലയുടെ എതിർ ഭാഗത്തു നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ ആദിവാസിയായ കടിഞ്ഞി മുത്തൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ ഭാഗത്തുവച്ചു തന്നെയാണ്്  കല്യാണിയും കൊല്ലപ്പെട്ടത്. വളർത്തു നായ്ക്കളെ നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങൾ കടിച്ചു കൊണ്ടുപോവുന്നതും പതിവായിട്ടുണ്ട്. കൂടുതൽ പേരും ടാപ്പിങ് തൊഴിലാളികളാണ്.

kalyani-file-56
കാണേണ്ട, ഈ സങ്കടക്കാഴ്ച...കല്യാണിയുടെ മൃതദേഹം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലെ വീട്ടിൽ എത്തിച്ചപ്പോൾ സങ്കടത്തോടെ കണ്ണുതുടയ്ക്കുന്ന അയൽവാസി. ചിത്രം: മനോരമ , ആനയുടെ ആക്രമണത്തിൽ മരിച്ച കല്ല്യാണിയുടെ മകൻ ജിൽജു മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയുടെ പരിസരത്തു നിൽക്കുന്നു.
ADVERTISEMENT

വെളുപ്പിനെയുള്ള ജോലിക്കു പോകുന്നത് ഏറെ ഭയത്തോടെയാണെന്ന് ഇവർ പറയുന്നു. ഈ സംഭവത്തിന് ശേഷം ആന സമീപത്തെ ഒന്നര കിലോമീറ്റർ ചുറ്റളവിലുണ്ടെന്ന നിഗമനത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന വനം വകുപ്പ് ആരംഭിച്ചു. ആനയെ തുരത്താൻ രാവിലെ നിലമ്പൂരിൽ നിന്നെത്തിയ ആർആർടി സംഘത്തിന് നേരെ കപ്പക്കല്ലു ഭാഗത്തുവച്ച് ആന പാഞ്ഞടുക്കുകയും തുടർന്ന് സംഘം രക്ഷപ്പെടുകയുമായിരുന്നു. 40 അംഗ ആർആർടി സംഘത്തെ സ്ഥലത്ത് നിയോഗിച്ചു.

‘അച്ചുവിനെ തിരഞ്ഞിറങ്ങിയതാണ്..’ ഫോണിൽ കേട്ടത് അമ്മയുടെ അവസാന വാക്കുകൾ

കിഴക്കേ ചാത്തല്ലൂരിൽ ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെയാണ്. ആനയുടെ മുൻപിൽപെട്ട അമ്മയുടെ കരച്ചിൽ ജിൽജുവിന്റെ നെഞ്ചിൽ മുഴങ്ങുന്നുണ്ട്. അമ്മയുടെ വാക്കുകൾ മുറിഞ്ഞുപോകുന്നത് ഫോണിലൂടെ കേൾക്കുമ്പോൾ അത് എന്നെന്നേക്കുമായി നിലയ്ക്കുകയാണെന്നു കരുതിയില്ല.

പതിവുപോലെ രാവിലെ ഓട്ടുപാറക്കുണ്ട് മലയിൽ ടാപ്പിങ്ങിനു പോയതായിരുന്നു. ഭാര്യ എടവണ്ണയിൽ ജോലിക്കു പോയിരുന്നു. ടാപ്പിങ്ങിനു പോയതിനു ശേഷമാണ് പ്രദേശത്ത് ആനയെ അകറ്റാൻ വനപാലകർ എത്തിയ വിവരം അറിഞ്ഞത്. മകൻ അബിൻ കൃഷ്ണ (അച്ചു) കൂട്ടുകാർക്കൊപ്പം കമ്പിക്കയം വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനും ആ ഭാഗങ്ങളിൽ കളിക്കാനും പോകാറുണ്ട്. അമ്മയോട് കരുതിയിരിക്കണമെന്നു പറയാനായിരുന്നു ഫോണിൽ വിളിച്ചത്.

അച്ചുവിനെ തിരഞ്ഞു വീട്ടിൽനിന്ന് പുറത്തിറങ്ങിയ വിവരം അമ്മ പറഞ്ഞതായി ജിൽജു പറയുന്നു. സംസാരിക്കുന്നതിനിടെ വാക്കുകൾ അറ്റു. ഫോണിന്റെ മറുതലയ്ക്കൽനിന്ന് കരച്ചിൽ കേട്ടു. ആനയെ കണ്ടിട്ടുണ്ടാകുമെന്നും പേടിച്ചു കരയുകയാണെന്നുമാണു കരുതിയത്. പിന്നീടു സംസാരം കേൾക്കാതിരുന്നപ്പോൾ ഫോൺ കട്ട് ചെയ്തു. വീണ്ടും വിളിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. ഫോൺ എടുക്കാതെ വന്നപ്പോൾ ജോലി നിർത്തി അന്വേഷിച്ച് എത്തിയപ്പോഴാണ് വീണു കിടക്കുന്നത് കണ്ടത്. ഫോൺ കയ്യിൽ പിടിച്ച നിലയിലായിരുന്നെന്ന് ജിൽജു പറഞ്ഞു.

അച്ചു കമ്പിക്കയത്തേക്കു പോകാതെ സമീപത്തെ വീട്ടിലേക്കു കളിക്കാൻ പോയതായിരുന്നു. ഇക്കാര്യം അറിയാതെയാണ് പേരക്കുട്ടിയെ തിരഞ്ഞത്. ഇന്നലെ രാവിലെ മുതൽ മേക്കാവ്, കപ്പക്കല്ല് ഭാഗങ്ങളിൽ ആനയെ വിരട്ടാൻ വനപാലകരുണ്ട്. ഇവിടെനിന്നു കമ്പിക്കയം വെള്ളച്ചാട്ടം മറികടന്നാണ് ആന പ്രദേശത്ത് സ്ഥലത്ത് എത്തിയതെന്ന് കരുതുന്നു. കല്യാണിയുടെ ചെറിയമ്മ നിലമ്പൂരിൽ കഴിഞ്ഞദിവസം മരിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ADVERTISEMENT