ADVERTISEMENT

പൊലീസിന്റെ സമയോചിത ഇടപെടലിൽ ഒന്‍പതുമാസം മാത്രം പ്രായമുള്ള കുട്ടിയുടെ മാതാവായ സ്ത്രീക്ക് പുനര്‍ജന്മം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 കൂടിയാണ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ജിഡി ചാര്‍ജ് ഗോകുല്‍രാജിന് പയ്യോളി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നതായിരുന്നു സന്ദേശം.

സ്ത്രീ തന്നെയാണ് പയ്യോളി സ്റ്റേഷനിലേയ്ക്ക് ഇക്കാര്യം വിളിച്ചറിയച്ചത്. സ്ത്രീയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു മനസ്സിലാക്കി ഒട്ടും സമയം കളയാതെ സ്ത്രീയുടെ ഫോണിലേക്ക് ജിഡി ചാര്‍ജായിരുന്ന ഗോകുല്‍രാജ് ബന്ധപ്പെട്ടു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന അവര്‍ തീര്‍ത്തും നിഷേധാത്മകമായാണ് സംസാരിച്ചത്. ഫോണിലൂടെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് തുനിയാൻ കാരണമെന്ന് ഫോണ്‍ സംഭാഷണത്തിലൂടെ മനസ്സിലാക്കിയ ഗോകുൽരാജ് വിവരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. ദിനേശിനെ അറിയിച്ചു.

ADVERTISEMENT

അദ്ദേഹവും സംഘവും ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് ലൊക്കേഷന്‍ മനസ്സിലാക്കി സ്ത്രീയുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. വീട് അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയ പൊലീസ് സംഘം കണ്ടത് മുറിയില്‍ തുണിയില്‍ തൂങ്ങിനില്‍ക്കുന്ന സ്ത്രീയെയാണ്. ഇവരുടെ ഒന്‍പതുമാസം മാത്രം പ്രായമുള്ള മകളും സമീപത്തുണ്ടായിരുന്നു. തുണി അറുത്തുമാറ്റി സ്ത്രീയെ രക്ഷിക്കുകയും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിയെ സുരക്ഷിതമായി പിതാവിന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീ സുഖം പ്രാപിച്ചുവരുന്നു.

ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി.പി.ദിനേശ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ.സുജാത, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഐ.ഗോകുല്‍രാജ്, പി. കെ.ജംഷാദ്, ജി.എസ്.അനൂപ് എന്നിവരടങ്ങിയ സംഘമാണ് അവസരോചിതമായി പ്രവര്‍ത്തിച്ച് സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT