ജീവിതത്തിലേയും സംരംഭക രംഗത്തെയും ചിലരുടെ യാത്രകള്‍ നമുക്കും പ്രചോദനമേകും. ആത്മവിശ്വാസത്തോടെ അവർ ഒരേ സ്വരത്തിൽ ഇങ്ങനെ പറയും. ‘‘ഞ ങ്ങള്‍ക്കു സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും.’’
കാണുന്നവർക്കുപോലും പ്രചോദനവും പ്രത്യാശയും നൽകുന്ന അത്തരമൊരു പ്രചോദന കഥയാണിത്. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നൂലിഴകൾകൊണ്ട് വിജയഗാഥ രചിച്ച മനോഹരമായൊരു കഥ. അതു പറയാനാനെത്തുന്നതാകട്ടെ സംരംഭക വിദ്യാ ബിജിത്ത്. തമിഴ്‌നാടിന്റെ ചേലൊത്ത സാരികള്‍ മലയാളികളിലേക്ക് എത്തിക്കുന്ന ക്ലോത്തിങ് ബ്രാൻഡ് ‘സാരീസ് ബൈ യതിയുടെ’ കഥ വിദ്യ പറയുന്നു.
മധുരാപുരിയിലെ നിറങ്ങൾ
ജീവിതത്തിലേയും സംരംഭക രംഗത്തെയും ഇവരുടെ യാത്രകള്‍ നമുക്കും പ്രചോദനമേകും. ആത്മവിശ്വാസത്തോടെ അവർ ഒരേ സ്വരത്തിൽ ഇങ്ങനെ പറയുന്നു. ‘‘ഞ ങ്ങള്‍ക്കു സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും.’’
രണ്ടു വർഷം മുൻപ് ആറ്റുകാൽ പൊങ്കാലയ്ക്ക് ഉടുക്കുന്നതിനായി സാരി തിരഞ്ഞിറങ്ങിയ വിദ്യയുടെ യാത്ര എത്തിനിന്നതു മധുരയിലാണ്. അതേ യാത്ര ഒരു വർഷത്തിനുള്ളിൽ വിദ്യയ്ക്ക് സംരംഭകയിലേക്കുള്ള വഴിയും തുറന്നു നൽകി.
‘‘പാലക്കാടാണ് എന്റെ നാട്. അമ്മയുടെ കയ്യിൽ ധാരാളം സുങ്കിടി സാരികളുണ്ട്. പൊങ്കാലയിടാൻ എത്തുന്നവർ കോട്ടൺ സാരിയാണ് അണിയാറുള്ളത്. ഒരു ഓൺലൈൻ സ്‌റ്റോറിൽ നിന്ന് മധുരൈ സുങ്കിടി സാരികൾ വാങ്ങി. പൊങ്കാലയ്ക്ക് ഉടുക്കാൻ വാങ്ങിയ സുങ്കിടി സാരി ഉള്ളിലെ നൊസ്റ്റാൾജിയ ഉണർത്തി.
പിന്നീടു മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്നു തൊഴുതിറങ്ങുമ്പോൾ മനസ്സിലൊരു ബിസിനസ് പ്ലാൻ തോന്നി. അങ്ങനെ 30,000 രൂപ ചെലവിൽ 37 സാരികളുമായി ഞാന്‍ സംരംഭകയായി. സംരംഭത്തിനെന്തു പേരു നൽകും എന്നതായിരുന്നു അടുത്ത ചിന്ത. ഒടുവിൽ യതി എന്ന പേരിൽ 2024 നവംബറിലായിരുന്നു തുടക്കം.
മകൾ മാനസിയാണ് ബിസിനസിലെ ക്രിയേറ്റീവ് സ പ്പോർട്ടെങ്കിൽ ഭർത്താവ് ബിജിത്ത് സിദ്ധാർഥാണു മെന്റൽ സപ്പോർട്ട്. പിന്നെ, എല്ലാ ഘട്ടങ്ങളിലും ഒപ്പം നിൽക്കുന്ന കുറച്ചു സുഹൃത്തുക്കളും കസിൻസുമുണ്ട്. അച്ഛൻ ദേവേന്ദ്രൻ കർഷകനാണ്. സാരിയുടുക്കുന്ന സ്ത്രീകളോടുള്ള ആദരവിന്റെ ആരംഭം അമ്മ ജാൻസിയിൽ നിന്നാണ്. അമ്മയാണ് യ തിയിലേക്ക് എന്നെ നയിച്ച പ്രധാന ശക്തിയും.
ബിജിത്ത് ഇപ്പോൾ ഐടിസിയുടെ കേരള ഹെഡ് ആണ്. നിരന്തരം ട്രാൻസ്ഫർ വരുന്ന ജോലിയാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ വിവാഹശേഷം വീടിന്റെ ചുമതല ഞാൻ ഏറ്റെടുത്തു. മാനസി ജനിച്ചപ്പോൾ അവളായി ലോകം. കുഞ്ഞിനെ മറ്റൊരാളെ ഏൽപിച്ചു ജോലിക്കു പോകാൻ മനസ്സുണ്ടായില്ല. വീട്ടമ്മയായതിൽ ഹാപ്പിയാണെങ്കിലും അമ്മയ്ക്കു നല്ല നിരാശയുണ്ടായിരുന്നു.
തൊട്ടെടുക്കുന്ന സാരികൾ
തമിഴ്നാട്ടിൽ കുടിൽ വ്യവസായമായി ചെയ്തിരുന്നതാണു മധുരൈ സുങ്കിടിയും ചെട്ടിനാടു സാരികളും. സാരി വ്യവസായം ചെയ്യുന്ന കുടുംബങ്ങൾ സന്ദർശിച്ച് ഓരോ സാരിയും പൂർണതയിലേക്കെത്തുന്നതു നേരിൽ കണ്ടു മനസ്സിലാക്കി.
ബൾക്ക് ഓർഡർ ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം ഓരോ സാരിയും ഹാൻഡ്പിക്ക് ചെയ്യുന്നതാണ്. സാരിയുടെ നിറം, ഗുണം, ഡിസൈൻ തുടങ്ങി പല കാര്യങ്ങളും സ്വന്തമായി നോക്കിയെടുക്കുമ്പോൾ ഒരു പ്രത്യേക അടുപ്പം സാരികളോടു തോന്നും. ഇൻസ്റ്റഗ്രാമിലൂടെയും എക്സിബിഷനുകളിലുമാണ് വിൽപന നടക്കുന്നത്.
കാരൈക്കുടിയിൽ നിന്നാണു ചെട്ടിനാട് സാരികൾ ശേഖരിക്കുന്നത്. യതിയിലെ സാരികളുടെ വില 1400 രൂപയ്ക്കും 2500 രൂപയ്ക്കുമിടയിലാണ്. 37 സാരികളിൽ ആരംഭിച്ചത് യാത്ര ഇപ്പോൾ എത്തി നിൽക്കുന്നതു പ്രതിമാസം 85 സാരികൾ എന്ന കണക്കിലാണ്. ഓരോ മാസത്തിലേയും വിൽപ്പനയിൽ നിന്നാണ് അടുത്തമാസത്തെ സ്‌റ്റോക്കിന് ആവശ്യമായ പണം കണ്ടെത്തുന്നത്.
അമ്മയുടെ പരിഭവങ്ങൾ മാറ്റുന്നതിനായി ഇക്കുറി ആറ്റുകാല പൊങ്കാലയ്ക്ക് ഞാനൊരു യതി സാരി സമ്മാനിച്ചു. ജീവിതത്തിൽ ഞാനേറ്റവുമധികം ആസ്വദിച്ച, ആസ്വദിക്കുന്ന ഘട്ടം മാതൃത്വമാണ്. ഇപ്പോൾ സംരംഭകത്വവും.