ADVERTISEMENT

എപ്പോഴും ചിരിച്ചുകൊണ്ടു മാത്രം കണ്ടിരുന്ന പ്രിയപ്പെട്ട അധ്യാപികയുടെ മുഖത്തേക്ക് നോക്കാനാവാതെ വിതുമ്പുകയായിരുന്നു ഇന്നലെ പാലക്കാട് ചക്കാന്തറയിലെ വീടിനുമുൻപിൽ കാത്തുനിന്ന വിദ്യാർഥികൾ. കഴിഞ്ഞദിവസം സ്കൂട്ടർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മരിച്ച കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ അധ്യാപിക ഡോ.എൻ.എ.ആൻസിയുടെ (36) മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ കണ്ടുനിന്നവരുടെയാകെ ഉള്ളുലഞ്ഞു.

നാലാംക്ലാസിലും യുകെജിയിലുമായി പഠിക്കുന്ന മക്കളെയും ഭർത്താവിനെയും തനിച്ചാക്കിയാണ് ആൻസിയുടെ വിടവാങ്ങൽ. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പാലക്കാട് ചക്കാന്തറയിലെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട ആൻസി മിസ്സിനെ കാണാൻ നേരത്തേ തന്നെ വിദ്യാർഥികൾ വീട്ടിലേക്കെത്തിയിരുന്നു. പൂർവ വിദ്യാർഥികളും സഹപ്രവർത്തകരും അയൽവാസികളുമെല്ലാം വിതുമ്പലടക്കാൻ പാടുപെട്ടു. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഇതോടെ രണ്ടുദിവസങ്ങളിലായി നടത്താനുദ്ദേശിച്ചിരുന്ന കോളജിലെ ഓണാഘോഷങ്ങളെല്ലാം ഉടൻ റദ്ദാക്കി.

തിങ്കളാഴ്ച രാവിലെ 11ന് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടം. ഇടിയുടെ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ആൻസിയുടെ കൈ വേർപ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. 

ADVERTISEMENT
ADVERTISEMENT