തിരുവല്ല തിരുമൂലപുരത്ത് മണ്ണടിപ്പറമ്പില്‍ വീട്. നടന്‍ എം.ജി. സോമന്റെ ഭാര്യ സുജാതയും മകന്‍ സജി സോമനും കുടുംബവുമാണ് അവിടെ താമസം. വീടിനു സമീപം ‘സോമേട്ടന്‍സ് മധുരം പായസക്കട’ എന്ന ബോര്‍ഡും സാമാന്യം വലുപ്പത്തില്‍ ഒരു കൗണ്ടറും. നേരെ കയറിച്ചെല്ലുമ്പോള്‍ കണ്ണിലുടക്കുന്നത് അനശ്വര നടന്റെ വലിയ ഫോട്ടോ ഫ്രയിം ചെയ്തുവച്ചിരിക്കുന്നതാണ്. തൊട്ടടുത്തായി പായസം ഗ്ലാസില്‍ വാങ്ങി കുടിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. സജി സോമന്റെ പ്രിയതമ ബിന്ദുവാണ് പായസക്കടയുടെ അമരത്ത്. അധ്യാപികയായിരുന്ന ബിന്ദു ബിസിനസിലേക്ക് ചുവടുവച്ചിട്ട് അഞ്ചു വര്‍ഷമാകുന്നു. ‘മധുര’ത്തിന്റെ മധുരതരമായ വിശേഷങ്ങള്‍ വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ബിന്ദു സജി സോമന്‍.
ക്ലിക്കായ പായസം
ഞാന്‍ സ്കൂളില്‍ പഠിപ്പിക്കുന്ന സമയം, സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് മനസ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ സമയത്താണ് ആ ചിന്ത വീണ്ടും കാട് കയറിയത്. ബിസിനസ് തുടങ്ങുന്നതിനെപ്പറ്റി ഓരോരുത്തരോടും അഭിപ്രായം ചോദിച്ചപ്പോള്‍ കുറേ ആശയങ്ങള്‍ വന്നു. എന്റെ അമ്മ മുന്‍പ് പറയുമായിരുന്നു ഒരു പായസക്കട തുടങ്ങിയാലോ എന്ന്.. അന്നെനിക്ക് അതിലൊന്നും താല്‍പ്പര്യം തോന്നിയിരുന്നില്ല. സ്കൂളില്‍ പഠിപ്പിക്കുന്നതായിരുന്നു ഇഷ്ടം. ബിസിനസ് എന്ന് മനസ്സില്‍ ഉറപ്പിച്ചപ്പോള്‍ പായസക്കട മതിയെന്ന് തീരുമാനിച്ചു. സജിയും മക്കളുമാണ് സപ്പോര്‍ട്ടുമായി മുന്നിട്ടിറങ്ങിയത്.

ഇവിടുത്തെ അമ്മ നല്‍കിയ പിന്തുണയും വളരെ വലുതാണ്. സംരംഭക കൂടിയാണ് അമ്മ സുജാത സോമന്‍. അമ്മയ്ക്ക് മദ്രാസ് സ്പൈസ് ഫാക്ടറി എന്ന പേരില്‍ ബിസിനസ് ഉണ്ട്. 35 വര്‍ഷമായിട്ടുള്ളതാണ്. അതുകൊണ്ട് ബിസിനസ് കാര്യങ്ങളില്‍ വലിയ താത്പര്യം ആയിരുന്നു. ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ തുടങ്ങിയെന്നെ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ഈ പ്രദേശത്ത് പായസക്കടയൊന്നും ഉണ്ടായിരുന്നില്ല. എനിക്കാണെങ്കില്‍ പായസം ആരെങ്കിലും വാങ്ങി കുടിക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു.
രസകരമായ ഒരു കാര്യം, അന്നെനിക്ക് സേമിയ പായസം മാത്രമേ വയ്ക്കാന്‍ അറിയുമായിരുന്നുള്ളൂ... വീട്ടില്‍ മോന്‍ മാത്രമാണ് പായസ കൊതിയന്‍. അവനു വേണ്ടിയാണ് പായസം വയ്ക്കാറ്. പിന്നീട് ഉച്ചയ്ക്ക് ശേഷമുള്ള ഫ്രീ ടൈമിലൊക്കെ ഞാന്‍ പായസം ഉണ്ടാക്കിനോക്കി. അമ്മയുടെ സ്പൈസസ് ഫാക്ടറിയിലെ സ്റ്റാഫുകള്‍ക്ക് ഞാന്‍ കൊടുത്തുവിടും. അവരാണ് പായസം കുടിച്ച് വിലയിരുത്തുന്നത്. അട വെന്തില്ല, മധുരം കൂടുതലാണ് തുടങ്ങി സത്യസന്ധമായ അഭിപ്രായങ്ങള്‍ അവര്‍ പറയുമായിരുന്നു.

എന്റെ വീട്ടില്‍ പോകുമ്പോള്‍ അമ്മ പായസം ഉണ്ടാക്കി കാണിച്ചുതരും, ഒപ്പം റെസിപ്പികള്‍ എഴുതി തരുമായിരുന്നു. നാലഞ്ചു മാസത്തോളം ഞാന്‍ തനിയെ ഉണ്ടാക്കി പഠിച്ചു. അങ്ങനെ ഒരു വിഷുവിനാണ് പായസക്കട തുടങ്ങുന്നത്. എന്റെ ഉള്ളില്‍ അപ്പോഴും പേടിയുണ്ടായിരുന്നു. സ്കൂളിലെ സഹപ്രവര്‍ത്തകയായിരുന്ന ബിന്ദു ടീച്ചറാണ് ധൈര്യം പകര്‍ന്നുതന്നത്. വിഷുവിനു ആദ്യത്തെ ഓര്‍ഡര്‍ എന്റെയാണെന്ന് ടീച്ചര്‍ പറഞ്ഞു. ആ ദിവസം കുറേ ഓര്‍ഡറുകള്‍ കിട്ടി. അതെനിക്ക് ആത്മവിശ്വാസം നല്‍കി. കുറേ കുറ്റങ്ങളും കുറവുകളും ഒക്കെ ഉണ്ടായിരുന്നു, അതെല്ലാം തരണം ചെയ്തു.

സോമേട്ടന്‍സ് മധുരം പായസക്കട
സോമേട്ടന്‍സ് മധുരം പായസക്കട എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്. ഡാഡിയുടെ പേര് ബിസിനസില്‍ ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ട്. സോമേട്ടന്റെ വീട് എന്ന് പറഞ്ഞ് എത്തുന്നവരും ഉണ്ട്. ആദ്യം ഞാന്‍ ഒറ്റയ്ക്കാണ് പായസം ഉണ്ടാക്കി തുടങ്ങിയത്. പിന്നെ ഒരു സ്റ്റാഫിനെ എടുത്തു. സോഷ്യല്‍ മീഡിയ വഴി പ്രമോഷന്‍ ചെയ്താണ് പായസം വിറ്റിരുന്നത്. പിന്നെ ചെറിയൊരു കൗണ്ടര്‍ തുടങ്ങി. കുറച്ചുകൂടി അളവ് കൂട്ടി. ഇപ്പോള്‍ ഏഴു സ്റ്റാഫുണ്ട് എനിക്ക്. ഇത്രയും പേര്‍ക്ക് ജോലി കൊടുക്കാന്‍ പറ്റുക എന്നതുതന്നെ വലിയ സന്തോഷമാണ്. എന്റെ മനസ്സും കയ്യുമാണ് അവര്, അതുപോലെ എന്റെ കൂടെ നില്‍ക്കും.

അടുക്കളയ്ക്ക് സമീപം ചെറിയൊരു പായസപ്പുര ഉണ്ടാക്കി. മുന്നാല് പായസം ഉണ്ടാക്കി തുടങ്ങി. പായസത്തിന് പുറമേ ചക്ക ചിപ്സ്, കായ, കപ്പ വറുത്തത്, ചേമ്പ് ഉപ്പേരി, ചമ്മന്തിപ്പൊടി, അവല്‍ വിളയിച്ചത്, ഉണ്ണിയപ്പം ഒക്കെയുണ്ട്. 21 വെറൈറ്റി പായസങ്ങളാണ് ഇവിടെ ലഭിക്കുന്നത്. പാലട, ശര്‍ക്കര പായസം സ്ഥിരം ഉണ്ടാകും. പിന്നെ ഓരോന്നും മാറി മാറി വരും. കാരറ്റ്, കടല, പയറ്, ഗോതമ്പ്, അരി, പഴം, മത്തങ്ങ, മിക്സഡ് ഫ്രൂട്ട്, കരിക്ക്, മാങ്ങ, ഡേറ്റ്സ്, ചൗവ്വരി എന്നിങ്ങനെ വിവിധതരം പായസങ്ങള്‍ ഇവിടെ ലഭ്യമാണ്.
ആദ്യം പായ്ക്ക് ചെയ്തു കൊടുക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ.. വരുന്നവരെല്ലാം ഗ്ലാസില്‍ ചോദിക്കും. ചെറിയൊരു കൗണ്ടര്‍ ആയതുകൊണ്ട് അന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇന്ന് വലിയ കൗണ്ടര്‍ ഇറക്കി, വരുന്നവര്‍ക്ക് പായസം കുടിക്കാനുമുള്ള സൗകര്യമുണ്ട്. സജി ഇവിടെ ഉള്ളപ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കാനും, കൗണ്ടറില്‍ നില്‍ക്കാനുമൊക്കെ സഹായിക്കാറുണ്ട്.
ബിസിനസിന്റെ തുടക്കത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടിട്ടുണ്ട്. ആളുകളുടെ രുചികളില്‍ വ്യത്യസമുണ്ട്. ചിലര്‍ മധുരം കുറച്ചു വേണം, ചിലര്‍ക്ക് കൂടുതല്‍ വേണം... അങ്ങനെ ഒരുപാട് പരാതികള്‍ കേട്ടുകേട്ടാണ് ഇവിടെ വരെയെത്തിയത്. ഒരു സംരംഭം തുടങ്ങുമ്പോള്‍ അതിനെപ്പറ്റി എല്ലാം അറിഞ്ഞിരിക്കണം. സ്റ്റാഫ് നിന്നാലും പോയാലും ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും നോക്കാന്‍ നമ്മള്‍ പ്രാപ്തരായിരിക്കണം. ഒരുപാട് ആളുകള്‍ ജോലിയില്ല എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. സ്വന്തമായി വീട്ടില്‍ തന്നെ ചെറിയ മുതല്‍മുടക്കില്‍ ബിസിനസ് തുടങ്ങാവുന്നതേ ഉള്ളൂ.. ആദ്യം ചെറിയ രീതിയില്‍ തുടങ്ങാം, കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടാകും, വേണ്ടത് ആത്മവിശ്വാസം മാത്രം.