‘മനസ്സു നല്ലതല്ലാത്തതുകൊണ്ടാണ് ആൺകുട്ടി ജനിക്കാത്തതെന്നു മുഖത്തുനോക്കി പറഞ്ഞവരുണ്ട്’: വേദനകളെ കരുത്താക്കിയ റംല Ramla Shanavas... Passion for study
Mail This Article
നീലാകാശം തൊട്ടു നിൽക്കുന്ന ഫ്ലാറ്റിന്റെ ജനാലയൊന്നു തുറന്നാൽ നേരേ കാണുന്നത് കോഴിക്കോട് ലോ കോളജാണ്. റോഡ് മുറിച്ചു കടന്ന് ഒരൊറ്റയോട്ടം മതി ക്യാംപസെത്തും. ഫ്ലാറ്റിലെ താമസക്കാരിയായ റംല ഷാനവാസ് അവിടെ നാലാം സെമസ്റ്റർ എൽഎൽബി വിദ്യാർഥിയാണ്. പ്രായം 61.
മൂന്നു പെൺമക്കളെയും വളർത്തി സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരാക്കിയ ശേഷം, ഭർത്താവ് ടി.എ. ഷാനവാസിന്റെ പിന്തുണയോടെ പഠനം തുടരുകയാണ് റംല. ‘‘എന്റെ മക്കളേക്കാൾ ചെറിയ പ്രായമാണ് ഇവിടുത്തെ ടീച്ചർമാർക്ക്. കൂടെപ്പഠിക്കുന്നവർക്കും വലിയ സ്നേഹമാണ്. ക്ലാസ്സിൽ ഇത്തയെന്നും ഉമ്മയെന്നും ചേച്ചിയെന്നുമൊക്കെ വിളിക്കുന്നവരുണ്ട്.
എങ്കിലും ചെറിയ കുട്ടികൾക്കൊപ്പം ഹോസ്റ്റലിൽ താമസിക്കാൻ മടി തോന്നി. ഒത്തുപോകാൻ പ്രയാസമായാലോ ? ജെൻ സീ വൈബല്ലല്ലോ നമുക്ക്. അങ്ങനെയാണ് ഫ്ലാറ്റെടുക്കാൻ തീരുമാനിച്ചത്.’’വാപ്പ അബ്ദുക്കുട്ടിയും ഉമ്മ തങ്കമ്മയും പഠനത്തിനു ഫുൾ സപ്പോർട്ടായിരുന്നു. എന്നിട്ടും റംല ആഗ്രഹിച്ച പഠനം പ തിറ്റാണ്ടുകളുടെ ഇടവേളയെടുത്തു. ജീവിതപോരാട്ടത്തിന്റെ സുദീർഘമായ കഥ ആ ഇടവേളയ്ക്കു പറയാനുണ്ട്.
പഠിക്കാൻ കൊതിച്ച കാലം
‘‘എന്റെ ചെറുപ്പകാലത്ത് പത്താം തരം പാസായാൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാം. ഡോക്ടറാകാനാണ് ആഗ്രഹിച്ചത്. പ്രവേശനപ്പരീക്ഷ എഴുതും മുൻപ് പഠിക്കാനുള്ള ഗൈഡുകൾ നമ്മുടെ നാട്ടിൽ അക്കാലത്തു കിട്ടില്ല. എൻട്രൻസ് കോച്ചിങ്ങൊന്നും എവിടെയുമില്ല.
പാഠപുസ്തകങ്ങൾ തന്നെ ഞാൻ വീണ്ടും വീണ്ടും പഠിച്ചു. ചിലരൊക്കെ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും പഠന സഹായികൾ വരുത്തി തയാറെടുക്കാറുണ്ടെന്ന് അൽപം വൈകിയാണു മനസ്സിലായത്. എൻട്രൻസ് കിട്ടിയില്ല. അതിന്റെ വിഷമത്തിലാണു ജോലിക്കപേക്ഷിച്ചു തുടങ്ങിയത്. മൂത്ത സഹോദരൻ സലാഹുദ്ദീന്റെ നിർബന്ധവും അതിനു പിന്നിലുണ്ടായിരുന്നു.
ആലപ്പുഴ എസ്ഡി കോളജിൽ പ്രീഡിഗ്രി പൂർത്തിയാക്കി, ഡിഗ്രി സുവോളജി ഒ ന്നാം വർഷം പഠിക്കുമ്പോൾ ടെലി കമ്യൂണിക്കേഷൻസ് വകുപ്പിൽ ഓഫിസ് അസിസ്റ്റന്റായി നിയമനം കിട്ടി. ഉടനേ കല്യാണവും വീട്ടുകാർ നടത്തി. പിന്നീടുള്ള നാലു വർഷങ്ങളിലായി മൂന്നു കുട്ടികൾ. ജോലിയുണ്ടെങ്കിലും തുടർപഠനം അവിടെ ബ്രേക്കിട്ടു. സങ്കടം മനസ്സിൽ മുഴങ്ങിയെങ്കിലും പഠനം പാതിവഴിയിൽ ഇറങ്ങിയ വണ്ടിയിലായി പിന്നെ, മുന്നോട്ടുള്ള യാത്ര.’’
ജോലി വിട്ട് ഫാക്ടറിയിലേക്ക്
വുഡ് റെസിൻ എൻജിനീയറിങ്ങാണ് ഭർത്താവ് ടി.എ. ഷാനവാസിന്റെ പ്രവർത്തന മേഖല. അദ്ദേഹത്തിന് ജോലി ചെയ്യേണ്ടി വരുന്ന സ്ഥലങ്ങളിലേക്കെല്ലാം സ്ഥലം മാറ്റം വാങ്ങി ഞാനും കൂടെ പോകും.
നാഗ്പുരിലും ഞങ്ങൾ ജോലിക്കായി താമസിച്ചിട്ടുണ്ട്. അന്നു സ്ഥലം മാറ്റത്തിനു ശ്രമങ്ങളുമായി ലീവെടുത്തു നിൽക്കുകയായിരുന്നു ഞാൻ. ആ ദിവസങ്ങളിൽ ബോറടി മാറ്റാൻ ഫാക്ടറി ഉടമകളുടെ അനുവാദത്തോടെ അവിടുത്തെ ഓഫിസ് ജോലികളിൽ സഹായിക്കാൻ തുടങ്ങി. ക്ലറിക്കൽ ജോലികൾ വേഗം തീർത്ത് മാനുഫാക്ചറിങ് കാണാനും പഠിക്കാനും പോകും. അതിലാണു മനസ്സ് പതിഞ്ഞത്.
മൂത്തകുട്ടി ഒൻപതാം ക്ലാസ് കഴിഞ്ഞതും ഞങ്ങൾ നാട്ടിലേക്കു തിരിച്ചു വന്നു. തേക്ക്, ഈട്ടി പോലുള്ള തടികളിൽ നിന്ന് വുഡ് വെനീർ നിർമ്മിക്കുന്ന ഫാക്ടറിക്ക് ആലപ്പുഴയിൽ തുടക്കമിട്ടു. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററുമായി ബന്ധപ്പെട്ടു സ്ഥലവും കെട്ടിടവും കണ്ടെത്തിയതൊക്കെ ഭാഗ്യം പോലെ വേഗമായി.
അപ്പോഴും മംഗലാപുരത്ത് ഫാക്ടറിയിൽ മാനേജറായി ഷാനവാസ് ജോലി തുടർന്നു. രണ്ടുപേരും ബിസിനസിലേക്കു തിരിഞ്ഞാൽ റിസ്ക്കാണല്ലോയെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. പിന്നെ, മക്കളുടെ കാര്യവും ഫാക്ടറി നടത്തിപ്പും എന്റെ ഉത്തരവാദിത്തമായി. മക്കൾ മൂന്നാളും മെറിറ്റിൽ മെഡിസിന് അഡ്മിഷൻ വാങ്ങി, ആലപ്പുഴ മെഡിക്കൽ കോളജിൽ പഠിച്ചു.
സത്യത്തേക്കാൾ നന്മ ചെയ്ത നുണ
‘‘ആൺകുട്ടിയെ പ്രസവിച്ചില്ലെങ്കിൽ എന്തോ കനത്ത നഷ്ടമാണെന്ന മനഃസ്ഥിതിയുള്ള കാലത്താണ് സമൂഹത്തിനു മുന്നിൽ മൂന്നു പെൺമക്കളെ വ ളർത്തി പഠിപ്പിച്ചു ഡോക്ടറാക്കുന്നത്. മനസ്സു നല്ലതല്ലാത്തതുകൊണ്ടാണ് ആൺകുട്ടി ജനിക്കാത്തതെന്നു വരെ മുഖത്തുനോക്കി പറഞ്ഞവരുണ്ട്.
ജോലി സംബന്ധമായി മധ്യപ്രദേശിൽ ജീവിച്ച കാലത്ത് ആ നാട്ടിലും കിട്ടി ഇഷ്ടംപോലെ സഹതാപം. അവരുടെ വിശ്വാസമനുസരിച്ച് മുൻജന്മത്തിൽ പാപം ചെയ്താലാണ് ആൺകുട്ടികൾ ജനിക്കാതാകുക. അവർ ഇതു പറയുമ്പോൾ കണ്ണുംപൂട്ടി മക്കൾ കേൾക്കെ നല്ല നുണ തിരികെ പറയും.
‘കേരളത്തിൽ പെൺകുട്ടികൾ ജനിക്കുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. പെൺമക്കളെ പ്രസവിച്ച അമ്മയ്ക്ക് അവിടെ സമ്മാനങ്ങളൊക്കെയുണ്ട്.’ ആ വാക്കുകൾ മനോധൈര്യം കൂട്ടിയെന്നു പിന്നീടു മക്കൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്.’’
സ്വപ്നങ്ങൾക്കു പൂട്ടു വീണപ്പോൾ
ബർമ തേക്കാണ് ഫാക്ടറിയിൽ ഉപയോഗിച്ചിരുന്നത്. 2014 മാർച്ചിൽ അതിന്റെ എക്സ്പോർട്ട് നിർത്തലാക്കപ്പെട്ടു. അതോടെ ഞങ്ങൾ പ്രതിസന്ധിയിലായി. കിട്ടുന്നിടത്തുനിന്നെല്ലാം എടുത്ത് 2018 വരെ ഫാക്ടറി നടത്തിക്കൊണ്ടു പോയി. പിന്നെ, ഞങ്ങൾ ബർമയിലേക്കു പോയി. അവിടെത്തന്നെ പ്രോസസ് ചെയ്ത് വെനീറാക്കിയശേഷം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി.
അഞ്ചു കൊല്ലത്തോളമെടുത്തു അതിന്റെ അനുവാദവും നീക്കുപോക്കുകളും ശരിയാക്കാൻ. അതിനിടയിൽ ഇ ൻഡസ്ട്രീസ് സെന്റർ ഫാക്ടറിക്കു പൂട്ടിട്ടു. ഞങ്ങൾ തിരികെയെത്തുമ്പോൾ ആകെ കാടുപിടിച്ച് പ്രാകൃത രൂപത്തിലായിരുന്നു അവിടം. വീണ്ടും തുറന്നു കിട്ടാൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. കേസു തുടങ്ങിയതിനു പിന്നാലെ കൊറോണയും വന്നു.
2024 നവംബറിൽ അനുകൂല വിധി കിട്ടി. ഫാക്ടറി തുറന്നു തരാനായിരുന്നു വിധി. അങ്ങനെ വീണ്ടും കാടു വെട്ടിത്തെളിച്ച് ഫാക്ടറി വെടിപ്പാക്കിയെടുത്തു. അപ്പോഴേക്കും മെഷീനുകളിൽ തുരുമ്പ് ചിത്രപ്പണികൾ ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും മെഷീനുകൾ അനങ്ങിത്തുടങ്ങി. ഭർത്താവും ഫാക്ടറിയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു.
ബർമയിൽ നിന്ന കാലത്തു തന്നെ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നു ബിബിഎ പഠിച്ചു. 2020ൽ പരീക്ഷയെഴുതുകയും ചെയ്തു. ഓൺലൈനായാണ് നിയമപഠനത്തിന്റെ പ്രവേശനപ്പരീക്ഷയ്ക്കു തയാറെടുത്തത്. കൊറോണക്കാലത്ത് കോഴിക്കോട് സർവകലാശാലയിൽ ചേരുകയും ചെയ്തു.
പഠനം ഒരിക്കലും അവസാനിക്കില്ല
നിയമം പഠിക്കണമെന്ന് കുഞ്ഞിലേ മുതലുള്ള ആഗ്രഹമായിരുന്നു. അന്നൊന്നും ഞങ്ങളുടെ നാട്ടിൽ പലരും പഠനത്തിന്റെ പ്രാധാന്യം അത്ര മനസ്സിലാക്കിയിട്ടില്ലായിരുന്നു. എന്റുമ്മയ്ക്കു പഠിപ്പില്ല. പക്ഷേ, മക്കളെ പഠിപ്പിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. ചുറ്റുവട്ടത്തുള്ള പല കുട്ടികളും എന്റെ ഉമ്മയുടെയും വാപ്പയുടെയും നിർബന്ധം കാരണം മാത്രം സ്കൂളിൽ പോയിട്ടുണ്ട് അക്കാലത്ത്. അവരിൽ പിന്നീട് സർക്കാർ ഉദ്യോഗസ്ഥരായവർ വരെയുണ്ട്.
ഇതൊക്കെയാണെങ്കിലും ഉപ്പയുടെ അഭിപ്രായത്തിൽ വക്കീൽപ്പണി പെൺകുട്ടികൾക്കിണങ്ങിയ മേഖലയായിരുന്നില്ല. അങ്ങനെ നിയമപഠനമെന്ന സ്വപ്നം എന്റെയുള്ളിൽ മുരടിച്ചു കിടന്നുപോയി. എനിക്കു ചെയ്യാൻ സാധിക്കാതെ പോയ കാര്യങ്ങൾ മക്കളിലൂടെ നേടണമെന്ന വാശിയൊക്കെ ആ വിഷമത്തിൽനിന്നുണ്ടായതാകണം.
പഠിക്കാൻ മിടുക്കരായിരുന്നു മൂന്നു മക്കളും. എനിക്കു ജയിക്കാൻ കഴിയാതിരുന്ന മെഡിക്കൽ എൻട്രൻസ് എന്റെ മൂന്നു മക്കളും പാസായി. മൂത്തയാൾ അനീഷ ഫാത്തിമ ജ നറൽ സർജറി സ്പെഷലിസ്റ്റായി ദുബായിലാണ്. രണ്ടാ മത്തെയാൾ ഷെറ ഫാത്തിമ കോയമ്പത്തൂരിൽ പീഡിയാട്രി ക്ലിനിക്ക് വിജയകരമായി നടത്തുന്നു. ഇളയ മകൾ റയ്സ ഫാത്തിമ മെഡിക്കൽ കോളജിൽ പ്രഫസറാണ്. ഗർഭിണിയായിരിക്കുമ്പോഴും പ്രസവിച്ചു കിടക്കുമ്പോഴുമൊക്കെയാണ് ഇവരൊക്കെ പിജി പഠിക്കുന്നതും പരീക്ഷ എഴുതുന്നതുമെല്ലാം. അഞ്ചു പേരക്കുട്ടികളാണുള്ളത്.
2023 ൽ എൽഎൽബിക്കുള്ള പ്രവേശനപ്പരീക്ഷയ്ക്കു വേണ്ടി ഞാൻ പഠിക്കുന്ന സമയത്ത്, കൊച്ചുമക്കൾ അടുത്തുണ്ട്. മോക്ക് ടെസ്റ്റ് എഴുതുന്ന സമയം ചോദ്യപ്പേപ്പർ നോക്കി ഉത്തരം പറയലൊക്കെയാണ് അവരുടെ നേരമ്പോക്ക്. വല്ലുമ്മായുടെ അത്രേം വലുതായാലും പഠിത്തം തീരൂല്ലേ എന്ന് ചിലപ്പോ അവര് അദ്ഭുതത്തോടെ ചോദിക്കും. വീട്ടിൽ ഡോക്ടർമാരും കൂടുതലാണല്ലോ. കുട്ടികൾ നോക്കുമ്പോൾ പഠിത്തം അവസാനിക്കുന്നേയില്ല.
അതാണു സത്യവും. പഠിക്കാൻ ഇഷ്ടമുള്ള മനസ്സുണ്ടെങ്കിൽ പ്രായം തടസ്സമേയല്ല. അറിവു തരുന്ന വെളിച്ചം. അ തെത്ര സുഖമാണെന്നോ?’’
ഡെൽന സത്യരത്ന
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
