കരയില്ലെന്നു വീമ്പിളക്കുന്ന ഏതു കഠിന കഠോര ഹൃദയനേയും കരയിക്കാൻ ഒരുമാർഗമേയുള്ളൂ. ആകാശദൂത് സിനിമ കാണിക്കുക. മസിൽ പിടിച്ച് ഗൗരവം വിടാതെ ഇരുന്നു കണ്ടാലും രണ്ടു തുള്ളി കണ്ണീർ ഒടുവിൽ അറിയാതെ വീണുപോകും. അത്രയ്ക്കുണ്ട് ആ സിനിമ പങ്കുവയ്ക്കുന്ന വൈകാരിക നിമിഷങ്ങൾ. അങ്ങനെയുള്ള ആകാശദൂത് പുതിയ തലമുറയിലെ രണ്ട് കുഞ്ഞുങ്ങൾ കണ്ടാൽ എങ്ങനെയിരിക്കും. ഉത്തരം ഇതാ സോഷ്യൽ മീഡിയ നൽകുകയാണ്. ആകാശ് ദൂത് സിനിമയിൽ ലയിച്ചുപോയ രണ്ട് കുറുമ്പികളുടെ കരച്ചിലാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
രണ്ടു കുഞ്ഞുങ്ങൾ വളരെ സീരിയസായി സിനിമ കാണുകയാണ്. എന്നാൽ കഥാസന്ദർഭങ്ങൾക്ക് ചൂടുപിടിക്കവേ കാര്യങ്ങൾ കയ്യിൽ നിന്നുപോയി. കളിചിരിയും വിട്ട് ഇരുവരും കരച്ചിലോട് കരച്ചിൽ. സിനിമ കണ്ട് കുറച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. പിന്നെ കണ്ണുനീര് തുടച്ചും മൂക്ക് തുടച്ചും അവർ സിനിമ കാഴ്ച തുടരുകയാണ്.
ശിൽപ റഷഭ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 'ആകാശദൂത് ഒരിക്കൽ കണ്ടാൽ പിന്നൊരിക്കലും കാണാൻ തോന്നാത്ത സിനിമ. വർഷങ്ങൾക്ക് ശേഷമാണു ഒന്നുടെ കാണുന്നത്... ന്നാ പിന്നെ ഇവരൂടെ കാണട്ടെന്നു കരുതി. ആദ്യം പിടിച്ചു നിന്നവർ അവസാനം പിടിവിട്ടു പോയി. ഇതുപോലൊരു സിനിമ ഇതുവരെ ഉണ്ടായിട്ടും ഇല്ല, ഇനി ഉണ്ടാവുകയും ഇല്ല' - എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഇഫക്റ്റ് ഓഫ് ആകാശദൂത് എന്ന പേരിൽ മറ്റൊരു പേജിലും ഈ വിഡിയോ പ്രത്യക്ഷപ്പെട്ടു. ഒരു മില്യൺ ആളുകളാണ് ഈ വിഡിയോ ഇതുവരെ കണ്ടത്. മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'കരച്ചില് കണ്ടിട്ട് ചിരി അടക്കാനും പറ്റുന്നില്ല', 'നിഷ്കളങ്കമായ ഹൃദയമുള്ളവർക്ക് ആ സിനിമ കാണുമ്പോൾ കരച്ചിൽ വരും പക്ഷേ എന്തിന് നല്ലൊരു ഓണത്തിന് കൂട്ട കരച്ചിൽ', 'ഇതൊക്കെയെന്ത്.. കുറുക്കൻ ഓരിയിടുന്നപോലെ ഉറക്കെ കരഞ്ഞിട്ടുണ്ട് ഞാൻ ഈ സിനിമകണ്ടിട്ട്' ഇങ്ങനെ പോകുന്നു കമന്റുകൾ.