ചത്തതിനു ശേഷവും പാമ്പുകൾക്കു വിഷം വമിപ്പിക്കാൻ കഴിയുമോ? തലയും ഉടലും വേർപെട്ട ശേഷവും ഒരാളെ കൊല്ലാൻ പാമ്പുകൾക്കു കഴിയുമോ? കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്ന ഈ വിഷയം സമീപകാലത്ത് വലിയ ചർച്ചയായിരുന്നു. മൂർഖന്‍, ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ ചത്തതിനു ശേഷവും ആറു മണിക്കൂർ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നായിരുന്നു ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. ‘പാമ്പു കടിയേറ്റുള്ള മരണം: ചത്ത പാമ്പിന്റെ വിഷബാധയും ചികിത്സയും സംബന്ധിച്ച കേസ് റിപ്പോർട്ട്’ എന്ന തലക്കെട്ടിൽ, ഫ്രൊണ്ടിയേഴ്സ് ഇൻ ട്രോപ്പിക്കൽ ഡിസീസ് എന്ന രാജ്യാന്തര ശാസ്ത്ര ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
ഇപ്പോഴിതാ ഈ കണ്ടെത്തലിനെ സാധൂകരിക്കും വിധമുള്ള ഒരു കമന്റ് വനിത ഓൺലൈനിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുകയാണ്. മഴുകൊണ്ട് വെട്ടേറ്റു മുറിഞ്ഞ മൂർഖൻ വിഷംവമിപ്പിച്ച അനുഭവം ഹരീഷ് അമ്പലക്കാടൻ എന്ന വ്യക്തിയാണ് പങ്കുവച്ചത്. കടിയേറ്റ വ്യക്തി കുഴഞ്ഞുവീണു മരണപ്പെടുന്ന ഭയപ്പെടുത്തുന്ന വസ്തുതയും ഹരീഷ് പങ്കുവച്ചിട്ടുണ്ട്. വനിത ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു കീഴെ കമന്റായാണ് ഹരീഷ് അനുഭവം വിവരിച്ചത്.
കുറിപ്പിന്റെ പൂർണരൂപം:
ഏതാനും വർഷം മുൻപ്.. ഒരു ഹോട്ടലിൽ പാചകക്കാരൻ കൂടിയായ ഉടമ വിറക് കൊത്തുകയായിരുന്നു. വിറകുകൾക്കിടയിൽ നിന്ന് ഒരു മൂർഖൻ ഇറങ്ങി വന്നു. കൈവശം ഉണ്ടായിരുന്ന മഴുകൊണ്ട് ഒരു കൊത്തുകൊടുത്തു.മൂർഖന്റെ തലയറ്റുപോയി.. ഉടൽ കുറച്ച് നേരം പുളഞ്ഞു പിന്നെ നിശ്ചലമായി.
അയാൾ പാചകത്തിനുള്ള വിറകും എടുത്തു അടുക്കളയിൽ പോയി. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞ് വീണ്ടും വിറക് ആവശ്യമായിവന്നപ്പോൾ ഈ കൊന്ന മൂർഖന്റെ തല ഒരു തവള യുടെ അത്രയും വലിപ്പത്തിൽ അവിടെ കിടക്കുന്നു. ഇനി അതിന് ജീവൻ കാണില്ലെന്ന ധാരണയിൽ കാൽ വിരൽ കൊണ്ട് ഒന്ന് തട്ടി നീക്കി.. പെട്ടന്ന് ആ തലവായ് തുറന്ന് ഒറ്റകടി. ഇയാൾക്ക് കാൽ വലിക്കാൻ സമയം കിട്ടിയില്ല. അട്ട കടിക്കുമ്പോലെ ആ തല അയാളുടെകാലിൽ കടിച്ചു.. കടിവിടുന്നില്ല. ഒരു വിധത്തിൽ ഒരു കമ്പ് കൊണ്ട് പാമ്പിന്റെ തല തോണ്ടിമാറ്റി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അയാൾ കുഴഞ്ഞു വീണുമരിച്ചു.
ഉടലിൽ നിന്ന് തലയറുത്തപോലെ മാറികിടന്നതിനാൽ പാമ്പ് ചത്തെന്നു കരുതിയത് അബദ്ധമായി. ഉടൽ മുറിഞ്ഞ വേദനയിൽ ഉള്ള വിഷം മുഴുവൻ കടിയിൽ അകത്തു ചെന്നു.
ഇവിടെ മറ്റൊരു അബദ്ധം കൂടിയുണ്ട്. മൂര്ഖന്റെ തല അരിഞ്ഞു മാറ്റിയിട്ടാൽ ആരും പാമ്പാണെന്ന് കരുതുകയുമില്ല, ഒരു വലിയ തവള യാണെന്ന് തോന്നാം അതും അപകടം ആണ്..
റാറ്റിൽ സ്നേക്സ്, കോപ്പർഹെഡ്സ്, സ്പിറ്റിങ് കോബ്ര, ഓസ്ട്രേലിയൻ റെഡ് ബെല്ലീഡ് ബ്ലാക്ക് സ്നേക്സ് എന്നിവയ്ക്ക് ചത്ത ശേഷവും കടിക്കാനും മനുഷ്യനെയും മൃഗങ്ങളെയും കൊല്ലാനുമുള്ള ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ചത്ത ശേഷവും കടിക്കാൻ മൂർഖനും ശംഖുവരയനും കഴിയുമെന്നത് തെളിയിക്കുന്ന സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു.