കാലം കരുതിവയ്ക്കുന്ന ചില സുന്ദര നിമിഷങ്ങളുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന ചില കടംവീട്ടലുകൾ. അങ്ങനെയൊരു കഥയാണ് സോഷ്യൽ മീഡിയയുടെ മനംനിറയ്ക്കുന്നത്.
52–ാംവയസിൽ ജീവിതത്തിലെ മനോഹരമായൊരു സ്വപ്നം സഫലമാക്കിയൊരു അമ്മ. അതിന് നിറകണ്ണുകളോടെ സാക്ഷിയായി മകൾ കൂടിയെത്തിയപ്പോൾ സോഷ്യൽ മീഡിയ കണ്ട മനോഹരമായൊരു നിമിഷം പിറവിയെടുത്തു.
ഗുരുവായൂർ ക്ഷേത്രത്തിലെ വേദിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വേദിയിലേക്ക് നോക്കി നിൽക്കുന്ന മകളേയാണ് ആദ്യം ദൃശ്യങ്ങളിൽ കാണാനാകുക. മകളുടെ നോട്ടം വേദിയിലേക്ക് പായുമ്പോൾ അമ്പതിന്റെ നിറവിലും മനസു നിറഞ്ഞു നൃത്തം ചെയ്യുന്ന അമ്മയെ കാണാം. 52 –ാം വയസ്സിലെ ഒരു സ്ത്രീയുടെ സ്വപ്നസാക്ഷാത്കാരമാണതെന്ന് തിരിച്ചറിയുമ്പോൾ കാണുന്നവരുടെയും മിഴികൾ നിറയും. അതിമനോഹരമായി തന്നെ അമ്മ നൃത്തം ചെയ്തിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
‘അമ്മ’ എന്ന അടിക്കുറിപ്പോടെ മകൾ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. ‘ഇന്റർനെറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച’ എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
പ്രേക്ഷകർക്കൊപ്പം നിരവധി സെലിബ്രിറ്റികളും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘സോ പ്യുവർ’ എന്നാണ് മഹിമ നമ്പ്യാർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത് എന്റെ ഹൃദയത്തെ ഏറ്റവും നല്ല രീതിയിൽ പിടിച്ചുകുലുക്കി. വളരെ വിലപ്പെട്ടതാണ്’ എന്നാണ് റിയാസ് സലീം കമന്റ് ചെയ്തിരിക്കുന്നത്. ‘ഒരുപാട് സന്തോഷം തോന്നി’യെന്നും ‘കണ്ണ് നിറഞ്ഞെ’ന്നും പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.