മറിച്ചു നോക്കാൻ ഇഷ്ടപ്പെടാത്ത താളുകളും തിരികെ കയറിച്ചെല്ലാൻ കൊതിപ്പിക്കാത്ത ഇടങ്ങളും ചിലരുടെയെങ്കിലും ജീവിതത്തിലുണ്ടാകും. ഇരുൾ മൂടിയ പാതയിലൂടെ രണ്ടു മക്കളെ ചേർത്തുപിടിച്ചു ദീപ ശ്രീകുമാർ എന്ന അമ്മ നടന്നതു ‘മക്കൾക്കു വേണ്ടി ഞാൻ ജീവിക്കും’ എന്ന ഉറച്ച തീരുമാനത്തിന്റെ വെളിച്ചത്തിലാണ്. തീരാ നോവുകളിലൂടെ കടന്നുപോകുമ്പോഴും ചിരിയോടെ ദീപ പറഞ്ഞു, ‘ പ്രപഞ്ചം എന്റെ കഥ തിരുത്തിയെഴുതും’.
ആ വിശ്വാസം തെറ്റിയില്ല. പ്രപഞ്ചം അവരുടെ കഥ തിരുത്തിയെഴുതി. മാറിടത്തിലും യൂട്രസിലും വന്ന കാൻസറിനെയും തലച്ചോറിനെ കാർന്നു തിന്നാനെത്തിയ ഹെമറേജിനേയും ദുസ്സഹമായ ദാമ്പത്യത്തേയും അതിജീവിച്ചു ദീപ ഇന്നു തിരുവനന്തപുരം പാൽക്കുളങ്ങരയിലെ വീട്ടില്‍ അമ്മ സരോജത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നു.
വീട്ടിലേക്കു നമ്മെ സ്വാഗതം ചെയ്യുന്നതു പ്രൗഢിയോടെ തിളങ്ങുന്ന രണ്ടു കിരീടങ്ങളാണ്. രോഗക്കിടക്കയിൽ നിന്നുയർത്തെഴുന്നേറ്റ്, 51ാം വയസ്സിൽ മിസിസ് ഇന്ത്യ എംപ്രസ് ഓഫ് ദി നേഷൻ സിസൺ 5ൽ ദീപ സ്വന്തമാക്കിയതു രണ്ട് ടൈറ്റിലുകൾ.
പാഷനായ മോഡലിങ്ങിനൊപ്പം സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണു ദീപ. കറുത്ത സാരിയണിഞ്ഞ്, ഹാളിലെ ആട്ടുകട്ടിലിൽ ഇരുന്നു ദീപ ജീവി തം പറഞ്ഞു തുടങ്ങി.
വിവാഹം സ്വർഗത്തിൽ നടക്കുന്നില്ല
സ്നേഹം മാത്രം ചുറ്റുമുള്ളൊരു വീട്ടിലാണു ഞാൻ ജനിച്ചത്. അച്ഛൻ, അമ്മ, ചേട്ടൻ പിന്നെ, ഞാനും. ആഹ്ലാദം നിറഞ്ഞ കുട്ടിക്കാലം പിന്നിട്ടു പതിനെട്ടു വ യസ്സെത്തിയപ്പോൾ അച്ഛൻ ഒരു കാര്യം പറഞ്ഞു. ‘ഡ്രൈവിങ് ലൈസൻസ് എടുക്കണം.’ പെൺകുട്ടികൾക്കു സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാകണമെങ്കിൽ ഡ്രൈവിങ് പഠിച്ചിരിക്കണം എന്നായിരുന്നു അച്ഛന്റെ പക്ഷം.
പെൺകുട്ടികൾക്കു പതിനെട്ടു തികയുമ്പോഴേ കല്യാണാലോചന തുടങ്ങുന്ന കാലമാണന്ന്. അന്നത്തെ ചിട്ടയനുസരിച്ചു ജാതകവും കുടുംബവുമൊക്കെ നോക്കി ഉത്തമൻ എന്ന തോന്നിയൊരു ആർമി ഉദ്യോഗസ്ഥനെ വീട്ടുകാർ എനിക്കായി കണ്ടെത്തി. നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം. കത്തുകളാണ് അന്നു തമ്മിലുള്ള ദൂരം കുറച്ചിരുന്നത്.
കുറച്ചു മാസം അങ്ങനെ പോയി. പക്ഷേ, അടുത്തറിയും തോറും എന്തോ പൊരുത്തമില്ലായ്മ തോന്നി. ആദ്യം അച്ഛനോടാണതു പറഞ്ഞത്. പക്ഷേ, നാട്ടുകാരെന്തു പറയും എന്ന ചോദ്യവും അച്ഛന്റെ കണ്ണിലെ നനവും എന്നെ കീഴ്പെടുത്തി. 21ാം വയസ്സിൽ, പിജി ആദ്യ വർഷ വിദ്യാർഥിയായിരിക്കെ വിവാഹം നടന്നു. എന്റെ തോന്നലുകൾ ശരിവയ്ക്കുന്നതായിരുന്നു പിന്നീടുള്ള മാസങ്ങൾ. വിവാഹം കഴിഞ്ഞു ഞങ്ങൾ പോയതു പഞ്ചാബിലേക്കായിരുന്നു. പക്ഷേ, ഒരിടത്തും അയാൾ എന്നെ ഒപ്പം കൊണ്ടുപോകാറില്ല. അയാളുടെ സങ്കൽപത്തിലുള്ള സൗന്ദര്യം എനിക്കില്ല എന്നത് അയാളെ അലോസരപ്പെടുത്തിയിരുന്നുവെന്നു പിന്നീടു മനസ്സിലാക്കി.
എല്ലാം പതുക്കെ ശരിയാകുമെന്നായിരുന്നു പ്രതീക്ഷ. അർജുനും ആരതിയും പിറന്നു. മക്കളുടെ വരവോടെ ജീവിതം മനോഹരമാകുമെന്നു കരുതിയെങ്കിലും അതും വെറുതെയായി.
മാനസികമായി എന്നെ പീഡിപ്പിക്കുന്നതായിരുന്നു അയാളുടെ ആയുധം. അതാകുമ്പോൾ പുറമേ മുറിവുകളോ ചതവുകളോ കാണില്ലല്ലോ. പിന്നെ, വഴിവിട്ട ബന്ധങ്ങളും. ഭർത്താവിന്റെ അത്തരം രീതികൾ ഏതു സ്ത്രീക്കാണ് അംഗീകരിക്കാൻ കഴിയുക?
ഷില്ലോങ്ങിലായിരിക്കെ ഞാൻ ബിഎഡ് ചെയ്തു. ഡ ൽഹിയിൽ എത്തിയപ്പോൾ മോൾ പഠിക്കുന്ന കാർമൽ കോ ൺവന്റ് സ്കൂളിൽ അധ്യാപികയായി ജോലി ലഭിച്ചു. നാളുകൾക്കു മുൻപു മങ്ങിയ ചിരി വീണ്ടെടുക്കാൻ എന്നെ സഹായിച്ചതു വിദ്യാർഥികളുടെ സ്നേഹമാണ്. പക്ഷേ, എന്തുകൊണ്ടോ വേദനകൾ എന്നെ തേടിവന്നുകൊണ്ടേയിരുന്നു.
ഞണ്ടിറുക്കത്തിന്റെ നാളുകൾ
വിവാഹത്തിന്റെ 19ാം വാർഷികത്തിലാണു മറ്റൊരു വില്ലൻ കൂടി കടന്നുവന്നത്. ഇടതു മാറിടത്തിലെ വേദനയായിരുന്നു തുടക്കം. തിരക്കുകളും കുട്ടികളുടെ പഠിത്തവുമെല്ലാം ഓർത്തു ഞാനതു കാര്യമാക്കിയില്ല. പിന്നെ, സഹപ്രവർത്തകരുടെ നിർബന്ധത്താൽ ഡോക്ടറെ കണ്ടു. സത്യത്തിൽ ഒരുതരം മരവിപ്പായിരുന്നു എനിക്കപ്പോൾ.
ബയോപ്സി റിസൽറ്റ് വന്നു. കാൻസർ നാലാം സ്റ്റേജിലെത്തി. വേദനകൾക്കിടയിലും, ഭർത്താവ് എന്നെയൊന്നു സ്നേഹിച്ചിരുന്നെങ്കിൽ, കരുണയോടെ നോക്കിയിരുന്നെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്. മൂന്നാമത്തെ കീമോ കഴിഞ്ഞു വീട്ടിലെത്തിയ ദിവസം അയാൾ പറഞ്ഞു ‘കാൻസറിനൊപ്പം നീ ഒഴിഞ്ഞു കിട്ടുമെന്നാണു പ്രതീക്ഷിച്ചത്. അതും നടന്നില്ല.’ 25 റേഡിയേഷൻ ആറ് കീമോ 12 സിറ്റിങ്ങ് ഹോർമോൺ തെറപ്പി. ഞാൻ മെല്ലെ ജീവിതത്തിലേക്കു നടക്കാൻ തുടങ്ങി.
വേദനകളുടെ ഘോഷയാത്ര
ബ്രസ്റ്റ് ക്യാൻസറിന് പിന്നാലെ യൂട്രസിൽ മുഴ കണ്ടെത്തി. യൂട്രസും ഓവറിയും ശസ്ത്രക്രിയയിലൂടെ നീക്കി. വിശ്രമത്തിനുശേഷവും വീടിനുള്ളിൽ തന്നെയുള്ള ഇരിപ്പു മനസ്സിനെ മടുപ്പിച്ചതോെട വീണ്ടും ജോലിയിൽ പ്രവേശിച്ചു. എല്ലാം ഒന്നൊതുങ്ങി എന്നു കരുതിയിരിക്കുമ്പോഴാണു പഴയ തലവേദന തിരികെയെത്തിയത്. കണ്ണിൽ ഇരുട്ടു കയറുക, നാവുകുഴയുക തുടങ്ങിയ ഒരുപാടു പ്രശ്നങ്ങളും പിന്നാലെ വന്നു. പരിശോധനയിൽ തലച്ചോറിലെ ഒരു ലീഷനിൽ ബ്ലീഡിങ് തുടങ്ങിയെന്നു തിരിച്ചറിഞ്ഞു. ശസ്ത്രക്രിയ ചെയ്താൽ കോമയിലേക്കു പോകുന്ന സ്ഥിതി വരെയുണ്ടാകാമെന്നു ഡോക്ടർ പറഞ്ഞിരുന്നു. പക്ഷേ, ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ രക്ഷപെടാനൊരു മാർഗവുമില്ല. ഓപ്പറേഷനു ശേഷം ഓർമയ്ക്കു മങ്ങൽ വന്നു. സംസാരശേഷി നഷ്ടമായി. പിന്നെ, നാളുകൾ നീണ്ട തെറപ്പിയിലൂടെ എല്ലാം സാധാരണനിലയിലെത്തി.

ആ നാളുകളിലൊന്നിൽ, അമ്മയെ ഇനിയും വിഷമിപ്പിക്കാനാവില്ലെന്നും അമ്മയെ ജീവനോടെ വേണമെന്നും കുട്ടികൾ പറഞ്ഞു. ‘നിങ്ങൾക്കു വേണമായിരിക്കും, പക്ഷേ എനിക്കു വേണ്ട’ എന്നായിരുന്നു അയാളുടെ മറുപടി. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഞങ്ങൾ ആ വീട്ടിൽ നിന്നിറങ്ങി. തിരുവനന്തപുരത്തേക്കുള്ള ആ യാത്ര സത്യത്തിൽ കാരാഗൃഹത്തിൽ നിന്നുള്ള മോചനമായിരുന്നു. മ ക്കൾ രണ്ടു പേരും ഇപ്പോൾ നല്ല നിലയിൽ എത്തി. അർജുൻ ആർക്കിടെക്റ്റും ആരതി സൈക്കോളജിസ്റ്റുമാണ്.
അമ്മത്തണലിൽ ഞാൻ
ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ എന്നെ സംബന്ധിച്ച് 16 വർഷത്തെ അധ്യാപന ജീവിതത്തോടു വിട പറഞ്ഞു നാട്ടിലേക്കുള്ള പറിച്ചു നടൽ ഉള്ളുലച്ചു. പക്ഷേ, എന്റെ അമ്മയുടെ അടുത്തെത്തിയപ്പോൾ അതെല്ലാം അകലെയായി. കെഎസ്ഇബിയിൽ അക്കൗണ്ട്സ് ഓഫീസറായിരുന്നു അമ്മ. കാൻസർ സ്ഥിരീകരിച്ച അടുത്ത ദിവസം അമ്മ ഡൽഹിയിലെത്തി. പിന്നെ ഒരു കുഞ്ഞിനെപ്പോലെ എന്ന ശുശ്രൂഷിച്ച് അവിടെ കൂടി. അന്നൊക്കെ ഭക്ഷണവും മരുന്നും കൃത്യമായി തരുന്നതും രാമായണവും ഭാഗവതവും വായിച്ചു തരുന്നതുമെല്ലാം അമ്മയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാലും മക്കൾക്ക് അമ്മയുണ്ടാകുമെന്നതു വ ലിയ ധൈര്യമായിരുന്നു.
നാട്ടിലെത്തി ആദ്യം ചെയ്തത് മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കലാണ്. മറ്റേതു ശരീര ഭാഗവുമെന്നപോലെ പ്രധാനമാണു മനസ്സിന്റെ ആരോഗ്യം. അതിനായി തെറപ്പികളെടുക്കുകയും സന്തോഷം നൽകുന്ന കാര്യങ്ങളിൽ മുഴുകുകയും ചെയ്തു. പണ്ടുപേക്ഷിച്ച നൃത്തവും സംഗീതവുമെല്ലാം പൊടിതട്ടിയെടുത്തു. അങ്ങനെയാണ് മോഡലിങ് രംഗത്തെത്തുന്നത്.
ഒരു രസത്തിനാണ് സൗന്ദര്യമത്സരത്തിൽ പങ്കെടുത്തത്. എന്നാൽ ഒന്നിനും കൊള്ളില്ലെന്നു കേട്ടു തഴമ്പിച്ച എനിക്ക് ആ സുന്ദരിപ്പട്ടം ആത്മവിശ്വാസമായി. ഇപ്പോൾ പാലിയം ഇന്ത്യയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. എന്റെ അമ്മയും മക്കളും തന്ന സ്നേഹമാണ് എന്നെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. അതുകൊണ്ടു തന്നെ സാന്ത്വനസ്പർശത്തിന്റെ ആഴം എനിക്കു നന്നായി അറിയാം. നമ്മുടെ സാമീപ്യം ഒരാളിലെങ്കിലും ആശ്വാസമാകുകയാണെങ്കിൽ അതു പുണ്യമല്ലേ?
ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും സമാധാനവുമാണ് എന്റെ ആരോഗ്യം. എല്ലാ പെൺകുട്ടികളും ആദ്യം പഠിക്കേണ്ടതു സ്വയം സ്നേഹിക്കാനാണ്. നമ്മളാണു നമ്മുടെ ജീവിതത്തിലെ രാജ്ഞി. ആ തിരിച്ചറിവുണ്ടായാൽ ഉറപ്പാണ്, എല്ലാ തിരിച്ചടികളും കടന്നു മുന്നോട്ടു പോകാനാകും.