ADVERTISEMENT

കാലം എഴുതുന്ന കുറിപ്പടിയിൽ ചിലർ തളർന്നു പോകും. പ ക്ഷേ, മറ്റു ചിലരാകട്ടെ അതു വിജയത്തിന്റെ നീലപെൻസിൽ കൊണ്ടുതിരുത്തിയെഴുതും. അങ്ങനെ സ്വയം മാറ്റിയെഴുതിയ അതിജീവനകഥയാണ് ഡോ. രജിത നന്ദിനിയുടേത്.

പീഡിയാട്രീഷൻ, വ്ലോഗർ, സംരംഭക തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് ഇന്നു രജിതയ്ക്ക്. അലോഹ, നീലൂസ് ബേബി ഫൂഡ് എന്നീ ബ്രാൻഡുകൾ, പെഡ് ടോക്സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് എന്നിവയ്ക്കു പിന്നിലെ ശക്തയായ സ്ത്രീസാന്നിധ്യമാണ് രജിത. പ്രതിസന്ധികളിൽ പതറി നിൽക്കുന്ന ആർക്കും പ്രചോദനമേകുന്നതാണ് ഈ 51കാരിയുടെ ജീവിതം എന്ന കാര്യം ഉറപ്പാണ്.

പഠിക്കാൻ മിടുക്കി, എംബിബിഎസ് ക ഴിഞ്ഞ് ഹൗസ് സർജൻസി ചെയ്തു. പിന്നെ, വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം. സുന്ദരമായൊരു ജീവിതം സ്വപ്നം കണ്ട രജിതയുടെ പരീക്ഷണഘട്ടങ്ങളുടെ തുടക്കം അവിടെ നിന്നാണ്. ദാമ്പത്യത്തിന്റെ തുടക്കത്തിൽ തന്നെ രജിത പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞു. പക്ഷേ, ഇന്നത്തെ തലമുറയെപ്പോലെ ധൈര്യമായി തീരുമാനങ്ങൾ പറയാന്‍ ആ ഇരുപത്തിനാലുകാരിക്ക് അന്നു കഴിഞ്ഞില്ല. അച്ഛൻ രാജേന്ദ്രൻ നായരോടും അ മ്മ നന്ദിനി ദേവിയോടും പോലും ഒന്നും മ നസ്സു തുറന്നു പറഞ്ഞില്ല. സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോയി. ‘‘മകൾ ദുർഗ ജനിച്ച് ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും സ്ഥിതി ആകെ മോശമായി. എങ്കിലും യാന്ത്രികമായി ജീവിതം തുടർന്നു. വീട്ടിൽ സഹായത്തിനു വരുന്ന ചേച്ചിയാണ് അച്ഛനെയും അമ്മയെയും വിവരം അറിയിക്കുന്നത്. അവർ രണ്ടുപേരും വന്നു. അച്ഛൻ കൂടുതലൊന്നും ചോദിച്ചില്ല.

മോളെ, എടുക്കേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തോളൂ. നമുക്കു വീട്ടിലേക്കു പോകാം.’ എനിക്ക് ഒന്നും വിശദീകരിക്കേണ്ടി വന്നില്ല.’’ അച്ഛന്റെ വാക്കിന്റെ കൈപിടിച്ച് രജിത സ്വന്തം വീട്ടിലേക്കു മടങ്ങി. ‘‘വീട്ടിലെത്തിയ ശേഷം പിജി എൻട്രൻസ് തയാറെടുപ്പുകൾ ആരംഭിച്ചു. എന്റെ സ്വപ്നമായ, പീഡിയാട്രിക്സിന് അഡ്മിഷൻ കിട്ടി. ഇന്റർവ്യൂ ഡേറ്റ് അടുത്തപ്പോൾ ഹൃദയാഘാതം വന്ന് അച്ഛൻ ആശുപത്രിയിലായി. അച്ഛന് ഒപ്പം വരാനാവില്ല. ആ മോഹം ഉപേക്ഷിച്ചോളൂ എന്നു പലരും പറഞ്ഞു. ഞാൻ പിജി നേടണം എന്നത് അച്ഛന്റെ മോഹമായിരുന്നു. അങ്ങനെ കോഴ്സിന് ജോയ്ൻ ചെയ്തു.

പക്ഷേ, വിധിയുടെ പരീക്ഷണങ്ങൾ അവിടെയും അവസാനിച്ചില്ല. മൂന്നരവയസ്സിൽ മോൾക്കു വന്ന ഹൃദ്രോഗം എന്നെ വീണ്ടും തളർത്തി. ഞാൻ പഠനത്തിൽ ശ്രദ്ധിക്കട്ടെയെന്നു കരുതി ആദ്യം അച്ഛനും അമ്മയും ആ വിവരം എന്നോടു പറഞ്ഞില്ല. പക്ഷേ, അറിഞ്ഞപ്പോൾ തന്നെ അവധിയെടുത്തു നാട്ടിലെത്തി. മോളുടെ ആരോഗ്യനില മെച്ചമായ ശേഷം മടങ്ങി. മകളെ പിരിഞ്ഞിരിക്കുന്ന സങ്കടം ആദ്യം വല്ലാതെ അലട്ടി. പരീക്ഷ സമയത്തു മാനസിക പിരിമുറുക്കം തോന്നിയപ്പോൾ അച്ഛനെ വിളിച്ചു. ‘പഠിച്ചതൊക്കെ നന്നായി എഴുതൂ, ബാക്കിയെല്ലാം വരുന്നിടത്തു വച്ചു കാണാം’ എന്ന് അച്ഛൻ പറഞ്ഞു. അടുത്ത ദിവസത്തെ പരീക്ഷയ്ക്കായി ഞാൻ സെന്ററിലെത്തി. എന്റെ പരീക്ഷാ ഹാളിനു മുന്നിലെ മൈതാനത്തെ ചാരുബെഞ്ചിൽ അച്ഛനിരിക്കുന്നു. അതോടെ എന്റെ ടെൻഷൻ എല്ലാം അകന്നു. സന്തോഷത്തോടെ പരീക്ഷാഹാളിലേക്ക് കയറി. ഞാൻ പരീക്ഷയെഴുതി മടങ്ങി വരും വരെ അച്ഛൻ ആ ചാരുബെഞ്ചിൽ തന്നെയിരുന്നു. റിസൽറ്റ് വന്നു. ഗവൺമെന്റ് സർവീസിൽ ജോലി കിട്ടി. 9000 രൂപയാണ് അന്ന് ശമ്പളം. 8000 രൂപ എജ്യുക്കേഷൻ ലോൺ അടയ്ക്കും. ബാക്കിയുള്ള 1000 രൂപയിലായിരുന്നു എന്റെയും മകളുടേയും ജീവിതം. അച്ഛനും അമ്മയും ഒരുപാടു സഹായിച്ചതാണ്. അവരെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ മനസ്സു വന്നില്ല.

ജോലി രാജിവച്ചു വിദേശത്തേക്കു പോയി. ആ രണ്ടര വർഷം സാമ്പത്തിക സ്വാതന്ത്ര്യം ഒരു സ്ത്രീക്ക് എത്രത്തോളം പ്രധാനമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. കടം തീർത്തതും വീടു പുതുക്കി പണിതതും പുതിയ ഫ്ലാറ്റിന് ഡൗൺപേയ്മെന്റ് നൽകിയതും കുടുംബത്തെ ദുബായിലേക്കു വെക്കേഷനുകൊണ്ടുപോയതുമൊക്കെ ഈ കാലഘട്ടത്തിലാണ്.

സന്തോഷത്തിന്റെ വീണ്ടെടുപ്പ്

‘‘ഒാരോ തവണ നഷ്ടപ്പെടുമ്പോഴും ഇരട്ടി ശക്തിയോടെ സന്തോഷം വീണ്ടെടുക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ദുബായിൽ എത്തിയ കഥ അല്ലേ ആദ്യം പറഞ്ഞുള്ളൂ. അവിടെ നിന്നു നാട്ടിലേക്കു വന്നതും ഒരു സന്തോഷനഷ്ടത്തിലൂടെയാണ്. കുട്ടിയുടെ ലീഗൽ കസ്റ്റോഡിയൻ ഒപ്പമില്ലാത്തതു കൊണ്ടു മകളെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് ദുർഗയുടെ അച്ഛൻ കേസ് ഫയൽ ചെയ്തുവെന്നറിഞ്ഞു. ദുബായിലെ ജോലിയും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ചു വീണ്ടും നാട്ടിലെത്തി.

കേസും വഴക്കുമെല്ലാം മോളുടെ മനസ്സിനെ മുറിവേൽപ്പിച്ചിട്ടുണ്ട്. അതിനു ശേഷം മോളുടെ സന്തോഷത്തിനു വേണ്ടിയുള്ള യാത്രയായി മാറി ജീവിതം. അലോഹയുടെ പിറവിയും അവൾക്കുവേണ്ടിയായിരുന്നു.

ദുർഗയ്ക്കു വേണ്ടിയാണ് സോപ്പ് നിർമാണം പഠിച്ചത്. ചെറുപ്പം മുതൽ വളരെ വരണ്ട ചർമമാണു ദുർഗയ്ക്ക്. മഞ്ഞുകാലമാകുമ്പോൾ അവസ്ഥ വഷളാകും. കേട്ടറിഞ്ഞ ചികിത്സകളെല്ലാം പരീക്ഷിച്ചു മടുത്തു. അപ്പോഴാണ് ആട്ടിൻപാലുകൊണ്ടു നിർമിക്കുന്ന സോപ്പ് വരണ്ട ചർമത്തിന് ഉത്തമമാണെന്ന് അറിയുന്നത്. രാജസ്ഥാനിൽ നിന്ന് ഓൺലൈനായി സോപ്പ് വരുത്തി. വീണ്ടും വാങ്ങാൻ നോക്കിയപ്പോൾ സോപ്പ് ലഭ്യമല്ല. തിരക്കിയപ്പോൾ ആട്ടിൻപാലിന്റെ ലഭ്യതക്കുറവു മൂലം സോപ്പ് നിർമാണം നിർത്തിയെന്നവർ പറഞ്ഞു. യൂട്യൂബ് ട്യൂട്ടോറിയൽ നോക്കി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം സാധാരണ സോപ്പുണ്ടാക്കി. കുഴപ്പമില്ലെന്നു കണ്ടപ്പോൾ ആട്ടിൻപാല്‍ സംഘടിപ്പിച്ച് ഗോട്ട് മിൽക് സോപ്പ് തയാറാക്കി. ദുർഗ സോപ്പ് ഉപയോഗിച്ചു കുഴപ്പമൊന്നുമില്ലെന്നു പറയുന്നതുവരെ എനിക്ക് ടെൻഷനായിരുന്നു.

dr-rajitha-2

അലോഹ എന്ന ഹവായിയൻ വാക്കിന്റെ അർഥം പ്രകൃതിദത്തം, നന്മകളാൽ സമൃദ്ധം എന്നൊക്കെയാണ്. ഒരിക്കൽ കസിൻ പത്തു സോപ്പിന് ഓർഡർ ചെയ്തു. സോപ് നൽകിയപ്പോൾ അവർ നിർബന്ധപൂർവം ഒരു തുക കയ്യിൽ വച്ചു തന്നു. ശമ്പളം വാങ്ങുമ്പോൾ ലഭിച്ചതിനേക്കാൾ സന്തോഷം തോന്നി. സോപ്പിന് ആവശ്യക്കാർ കൂടിയതോടെ വിശദമായി പഠിക്കണമെന്നായി. തെലുങ്കാനയിലെ തിയ സോപ്പ് അക്കാദമിയിൽ നിന്നു പരിശീലനം നേടുകയും അലോഹയെ ബ്രാൻഡ് ആയി എസ്റ്റാബ്ലിഷ് ചെയ്യുകയും ചെയ്തു. കസിൻസ് നൽകിയ പിന്തുണയാണ് ഈ ബ്രാൻഡിന്റെ കരുത്തെന്നു പറയാം.

പീഡിയാട്രീഷൻ ആയതുകൊണ്ടുതന്നെ കുട്ടികളാണ് എന്റെ ലോകം. പോഷകഗുണം ഒട്ടും ഇല്ലാത്ത ഭക്ഷണങ്ങൾ കുഞ്ഞുമക്കൾക്കു നൽകുന്നതിനോടു യോജിക്കാനാവില്ല. കസിന്റെ കുഞ്ഞ് നീലിനുവേണ്ടി ആരംഭിച്ചതാണ് നീലൂസ് ബേബി ഫൂഡും പെഡ് ടോക്സും. നീൽ ജനിച്ചപ്പോൾ അവന്റെ അമ്മയ്ക്ക് ഒരായിരം സംശയങ്ങളായിരുന്നു. സംശയങ്ങൾക്കു മറുപടി നൽകുമ്പോൾ അവളെപ്പോലെ ഒരുപാട് അമ്മമാർ ഉണ്ടാകുമല്ലോ എന്ന ചിന്ത മനസ്സിൽ വന്നു. അങ്ങനെയാണ് പെഡ് ടോക്സ് തുടങ്ങിയത്. പരമ്പരാഗതമായി കുഞ്ഞുങ്ങൾക്കു നൽകുന്ന റാഗി, നവരയരിപ്പൊടി, ഏത്തക്കപ്പൊടി, മുളപ്പിച്ച പയര്‍ നവരയരി മിക്സ്, ന്യൂട്രി കിഡ് തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണു നീലൂസ് ബേബി ഫൂഡിന്റെ പ്രത്യേകത.

പിന്തുടരുന്ന വേദനകൾ

വിദേശത്തു നിന്നു നാട്ടിലെത്തി അധികം കഴിയുന്നതിനു മുൻപേ സ്വകാര്യആശുപത്രിയിൽ ജോലിക്കു കയറിയിരുന്നു. പക്ഷേ, അപ്പോഴേക്കും നടുവേദനയുടെ രൂപത്തിൽ പുതിയ വില്ലനെത്തി. പൂർണമായി കിടപ്പിലായി. പിന്നെയും പിന്നെയും വന്നുമൂടുന്ന ഇരുട്ടിന്റെ തുരങ്കത്തിൽ നിന്ന് എന്നെ പുറത്തേക്കു നയിച്ചതു ദുർഗയുടെ ചിരിയാണ്. ആ വെളിച്ചത്തിന്റെ കരുത്തിൽ എനിക്കു വീണ്ടും ജീവിക്കാനുള്ള പ്രതീക്ഷ തോന്നി. 12 വർഷം മുൻപാണു ഞങ്ങൾ തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു താമസം മാറ്റുന്നത്. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ട്. പക്ഷേ, ഞാനതൊന്നും കാര്യമാക്കുന്നില്ല.

‘‘എല്ലാ കുട്ടികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ, ജോലി നേടേണ്ടതും സാമ്പത്തിക സ്വാതന്ത്ര്യം ആർജിക്കേണ്ടതും വളരെ പ്രധാനമാണ്. പെൺകുട്ടികൾക്കായുള്ള അലിഖിത നിയമങ്ങളിൽ ആദ്യത്തേത് ഇതാകണം. ജോലിയുടെ വലുപ്പത്തിലല്ല, ജോലി ചെയ്യുക എന്നതാണു പ്രധാനം.’’ രജിതയുടെ വാക്കുകളിൽ ഒരമ്മയുടെ, സഹോദരിയുടെ കരുതൽ നിറയുന്നു.

മകൾ പകർന്ന പാഠങ്ങൾ

ഫോട്ടോ: ഹരികൃഷ്ണൻ ജി.
ഫോട്ടോ: ഹരികൃഷ്ണൻ ജി.

ദുർഗയ്ക്കിപ്പോൾ 25 വയസ്സായി. മോളാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. നമ്മുടെ മക്കൾ മിടുക്കരാണ്. അവർ പറയുന്നതു കേൾക്കാൻ തയാറായാൽ അമ്മമാരുടെ ജീവിതം കൂടുതൽ കളറാകും. സെൽഫ് ലൗ, മെന്റൽ ഹെൽത്ത് എന്നീ കാര്യങ്ങളൊക്കെ എനിക്കു പഠിപ്പിച്ചു തന്നതു ദുർഗയാണ്. എന്റെ സന്തോഷമെന്നാൽ മകളുടെ സന്തോഷം എന്നല്ല. എന്റെ ജീവിതം എന്റേതു മാത്രമാണ് എന്ന് എന്നെ പഠിപ്പിച്ചതും മകളാണ്. രണ്ടാമതൊരു വിവാഹം ചിന്തയിലേ ഉണ്ടായിരുന്നില്ല. ‌പക്ഷേ, പകുതിക്കു വച്ചൊരാൾ കൂട്ടിനു വരുന്നതു നല്ലതിനാകുമെന്നു പറഞ്ഞതു മോളാണ്. അവൾ പറഞ്ഞതു ശരിയാണെന്നു ജയകുമാർ തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നേക്കാളേറെ എന്നിൽ വിശ്വാസമുള്ളതു ജയ്ക്കാണ്. ബിസിനസ്സുകാരനായതുകൊണ്ടുതന്നെ അലോഹയുടെ വളർച്ചയിൽ ജയ് നൽകുന്ന പിന്തുണ വളരെ വലുതാണ്.

ഞാൻ കുത്തിക്കുറിക്കുന്നതൊക്കെയും മഹത്തായ സൃഷ്ടികളാണെന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിക്കും. ‍തിരുത്തലുകൾ വരുത്താനും മികവോടെ എഴുതാനും പ്രോത്സാഹിപ്പിക്കും. ഞാൻ തളരുന്നു എന്നു തോന്നുമ്പോൾ ജയ് പതിവായി പറയുന്ന ഒരു വാചകമുണ്ട്, ‘ഇത്രയൊക്കെ വിഷമങ്ങൾ നീന്തിക്കയറിയ നിനക്ക് ഇതു സാധിക്കും.’ ആ വാക്കുകൾ നൽകുന്ന ധൈര്യം എത്രത്തോളമാണെന്നു പറയാൻ എനിക്കറിയില്ല.

പലപ്പോഴായി ഞാൻ എഴുതിയതൊക്കെയും രണ്ടു പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത് ജയ്‍യുടെ കൂടെ ശ്രമത്തിന്റെ ഫലമാണ്. മറ്റൊരാൾ യാതൊരുവിധ പരിഗണനയും നൽകാതെ തച്ചുടച്ച എന്റെ ആത്മവിശ്വാസവും ചിരിയും എത്ര മനോഹരമായാണു ജയ് കാത്തുവയ്ക്കുന്നതെന്ന് ആലോചിക്കുമ്പോള്‍ ഈശ്വരനോടു നന്ദി പറയാൻ മാത്രമേ എനിക്കു സാധിക്കൂ.’’ ജയകുമാറിന്റെ മുഖത്തേക്കു നോക്കി നിറചിരിയോടെ രജിത പറഞ്ഞു.

English Summary:

Dr. Rajitha Nandini's story is a beacon of resilience. Overcoming personal challenges and career setbacks, she emerged as a successful pediatrician, vlogger, and entrepreneur, inspiring many with her Alohha and Neeloos Baby Food brands.

ADVERTISEMENT