വീൽച്ചിറകുള്ള ഡോക്ടർ: ഇന്ത്യയിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.എസ്.എച്ച്. അദ്വാനിയുടെ ജീവിതകഥ A Doctor's Determination: Smita Memorial Hospital Chairman Dr. Advani's Contribution to Cancer Treatment in India

ചെറിയ സങ്കടച്ചൂടിൽ പോലും കരഞ്ഞു കരഞ്ഞുകരിഞ്ഞു പോകുന്നവരോട് ഒരു കഥ പറയാം. പണ്ടു പണ്ട് ഇന്ത്യ സ്വതന്ത്രയാവുന്നതിന് 14 ദിവസം മുൻപു കറാച്ചിയിൽ ഒരു കുഞ്ഞു ജനിച്ചു. അച്ഛനും അമ്മയും ആ കുഞ്ഞിനു സുരേഷ് എന്നു പേരിട്ടു. ഒാഗസ്റ്റ് 15 ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നു. പിന്നീടുണ്ടായ കൂട്ടപ്പലായനം. കൈക്കുഞ്ഞിനെയും എടുത്ത് അച്ഛനും അമ്മയും നാസിക്കിലെ ദേവ് ലാലിയിലേക്കും അവിടെ നിന്നു മുംബൈയിലേക്കും എത്തുന്നു. പുതുജീവിതം തുടങ്ങുന്നു.
പഠനത്തിലും കളിയിലും മിടുക്കനായ സുരേഷ് ക്ലാസിലും കളിക്കളത്തിലും ഒരുപോലെ ഒാടിച്ചാടി, ഒന്നാമതായി. ക്രിക്കറ്റായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ, എട്ടാം വയസ്സിൽ വിധി ഒന്നു പരീക്ഷിച്ചു. കാൽച്ചിറകുകൾ പോളിയോ കൊണ്ടു ബന്ധിച്ചു കളഞ്ഞു. പറന്നു നടന്ന അവന്റെ രണ്ടു കാലുകളും തളർന്നു പോയി.
ആ കുട്ടി എന്തു ചെയ്തിട്ടുണ്ടാവും? കളിക്കളത്തിൽ ഒറ്റയ്ക്കായിപ്പോയിട്ടുണ്ടാവില്ലേ? ക്ലാസ് മുറികളിലേക്ക് എങ്ങനെ ചെന്നെത്തും? കാലം ഒാർക്കണം അൻപതുകളുടെ തുടക്കമാണ്. വാഹന സൗകര്യം പോലും കുറവ്. വീൽച്ചെയറിൽ ആ കുഞ്ഞിന് എത്ര ദൂരം പോവാനാവും?

പക്ഷേ, ആകാശമായിരുന്നു അതിര്. ലോകമെങ്ങും ‘വീൽച്ചിറകില്‍’ ആ കുട്ടി പറന്നു. ഇന്ത്യയുടെ അഭിമാനമായി. ഡോ. സുരേഷ് എച്ച്. അദ്വാനി ഇന്ത്യൻ കാൻസർ ചികിത്സാ രംഗത്തെ പ്രഗൽഭരായ ഡോക്ടർമാരിൽ ഒരാൾ. ലോകമെങ്ങുമുള്ള മെഡിക്കൽ വിദ്യാർഥികളുടെ മാതൃകാധ്യാപകൻ. രാജ്യം പത്മശ്രീയും പത്മഭൂഷനും നൽകി ആദരിച്ച ഡോ.സുരേഷിനു കേരളവുമായും ബന്ധമുണ്ട് മലയാളിയായ ഗീതയാണ് അദ്ദേഹത്തിന്റെ ഭാര്യ.
എഴുപത്തിയൊൻപതാം വയസ്സിലും രോഗത്തിന്റെ ചൂടിൽ പൊള്ളുന്നവർക്കു തണൽ വിരിക്കുകയാണ് ഡോ.സുരേഷ് അദ്വാനി. തൊടുപുഴയിലെ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ചെയർമാൻ, പുതുതായി കേരളത്തില്‍ തുടങ്ങാനിരിക്കുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരക്കുകൾ, ഇതിനിടയിലും മുടങ്ങാതെ രോഗികളെ കാണുന്നു ലോകമെമ്പാടുമുള്ള മെഡിക്കൽ കോൺഫറൻസുകളിൽ പങ്കെടുക്കുന്നു.
തളരാതെ യാത്ര
‘‘എല്ലാവരും ചോദിക്കും, കുട്ടിക്കാലത്തു നിങ്ങൾ എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്തു? സങ്കടങ്ങൾ എ ങ്ങനെ മായിച്ചു കളഞ്ഞു? ഏതു പ്രശ്നവും മറികടക്കാനുള്ള ശക്തി എല്ലാവരുടെ ഉള്ളിലുമുണ്ട്. ആ ശക്തിയിൽ വിശ്വസിച്ചു. മറ്റുള്ളവരിൽ നിന്നു ഞാൻ വ്യത്യസ്തനാണെന്ന തോന്നൽ എനിക്കുണ്ടായില്ല. എനിക്കുണ്ടായില്ല എന്നതിനെക്കാൾ അത്തരമൊരു തോന്നൽ എന്റെ മനസ്സിൽ ആരും ഉണ്ടാക്കിയില്ല.’’ സ്മിത മെമ്മോറിയൽ ആശുപത്രിയില്‍ വച്ചു ഡോ.സുരേഷ് എച്ച്. അദ്വാനിയും ഭാര്യ ഗീതയും സംസാരിച്ചു തുടങ്ങി
‘‘പോളിയോ ബാധിച്ചു മൂന്നു മാസത്തോളം മുംബൈയിലെ കുട്ടികളുടെ ആശുപത്രിയിൽ ജീവിച്ചു. അന്നാണ് ഡോക്ടർ എന്ന ‘മജീഷ്യനെ’ ഞാൻ കാണുന്നത്. അസുഖങ്ങൾ മൂലം വിഷമിച്ചിരിക്കുന്നവരുടെ അടുത്തേക്ക് അവർ വരും. മരുന്നു കൊടുക്കും ആശ്വസിപ്പിക്കും. അതോടെ രോഗികളുടെ സങ്കടങ്ങൾ മായുന്നു. അവർ പതുക്കെ പുഞ്ചിരിക്കാൻ തുടങ്ങുന്നു. ഈയൊരു മാജിക് കണ്ടപ്പോൾ ഡോക്ടർമാരുടെ വെളുത്ത കുപ്പായങ്ങൾ എനിക്കിഷ്ടമായി.
തിരികെ വീട്ടിലെത്തിയപ്പോഴും വിഷമം ഒന്നും തോന്നിയില്ല. ക്രിക്കറ്റ് കളിക്കാന്‍ പോയില്ലെങ്കിലും റേഡിയോ കമന്ററികൾ എന്നെ ആവേശം കൊള്ളിച്ചു. ടീച്ചർമാർ വീട്ടിൽ വന്നു ക്ലാസുകൾ എടുത്തു. പരീക്ഷക്കാലത്തു സ്കൂളിലേക്കു കുതിരവണ്ടിൽ കയറി പോവും. കോളജിൽ വച്ചാണ് വീൽച്ചെയർ ഉപയോഗിച്ചു തുടങ്ങിയത്.
വൈറ്റ്കോട്ടിനോടുള്ള ഇഷ്ടം ഒാരോ ക്ലാസുകഴിയുമ്പോഴും കൂടി വന്നു. പക്ഷേ, അഡ്മിഷനു വേണ്ടി ശ്രമിച്ച എനിക്കു നിരാശപ്പെടുത്തിക്കൊണ്ടുള്ള മറുപടി വന്നു ‘കാലുകൾക്കു തളർച്ചബാധിച്ച നിങ്ങൾക്കു രോഗികളെ ചികിത്സിക്കാൻ പറ്റില്ല’ എന്റെ കണ്ണുകൾ നിറഞ്ഞത് ഇന്നും ഒാർമയുണ്ട്. പക്ഷേ, അപ്പോൾ തോന്നി സങ്കടപ്പെട്ടിരുന്നാൽ തോറ്റുപോവും. ഞാൻ പൊരുതാൻ തീരുമാനിച്ചു. സ്വപ്നം ഇത്രവേഗം മറക്കാൻ പറ്റില്ലല്ലോ. സംസ്ഥാനസർക്കാരിനും കേന്ദ്രസർക്കാരിനും നിരന്തരം കത്തുകളയച്ചു. ഒടുവിൽ മുംബൈയിലെ ഗ്രാൻഡ് മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടി.’’ മാറിനിൽക്കാൻ തയാറാവാത്ത ദിവസങ്ങളെക്കുറിച്ചു ഡോ. എസ്. എച്ച്. അദ്വാനി.
മറ്റെല്ലാ ഡോക്ടർമാരെയും പോലെ പ്രവർത്തിക്കണം എന്ന വാശിയായിരുന്നു സുരേഷ് അദ്വാനിക്ക്. ജനറൽ മെഡിസിനിൽ ഉപരിപഠനത്തിനു ചേർന്നു. അതു കഴിഞ്ഞു ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ 1974ൽ അസിസ്റ്റന്റ് ഫിസിഷ്യനായി ചേർന്നു. കാൻസർ രോഗം ഒരു പ്രത്യേക പഠനവിഭാഗമല്ലാതിരുന്ന ആ കാലത്ത് ഒാങ്കോളജിയിൽ കൂടുതൽ ശ്രദ്ധിച്ചു. വിദേശത്തു ഗവേഷണങ്ങൾ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തി. ആ സമയത്താണു മലയാളിയായ ഗീതയെ കണ്ടുമുട്ടുന്നത്.
ഒപ്പം നടന്ന ദിവസങ്ങൾ
‘‘ഈ യാത്രയിൽ ഏറ്റവും കൂടുതൽ ഒാർത്തിരിക്കുന്ന മു ഖം ആരുടേതാണ്? നേർത്ത പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു. ‘‘ഒരുപാടുപേരുണ്ട്. അതിൽ ആദ്യം എന്റെ ഭാര്യയുടേത്.’’ അതുകേട്ടു ഗീത പൊട്ടിച്ചിരിച്ചു. പിന്നെ ടാറ്റാ ആശുപത്രിയുടെ വാർഡിൽ വച്ച് ആദ്യമായി കണ്ട ദിവസം ഒാർത്തെടുത്തു.
‘‘തൊടുപുഴയിലാണു ഞാൻ ജനിച്ചത്. നഴ്സ് ആവണമെന്നു കുട്ടിക്കാലത്തേ മോഹിച്ചതാണ്. പക്ഷേ, എന്റെ വീട്ടിൽ അതിനോടു താൽപര്യം ഉണ്ടായിരുന്നില്ല. സയൻസ്ഗ്രൂപ്പെടുത്താൽ ലാബ് ഒക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ വൈകും. ബസ് തന്നെ വളരെ കുറവാണ്. അതുകൊണ്ട് എന്നെ ബിഎയ്ക്കാണു ചേർത്തത്.
എന്നാൽ, കരഞ്ഞും വഴക്കു പിടിച്ചും ഞാൻ നഴ്സിങിലേക്കു തന്നെ എത്തി. മധ്യപ്രദേശിലെ റേവ ഗവ.മെഡിക്ക ൽ കോളജിൽ നഴ്സിങ്ങിനു ചേർന്നു അതുകഴിഞ്ഞ് ഒരു ക്ലിനിക്കിൽ സർവീസ് ആരംഭിച്ചു. പക്ഷേ, ടൈഫോയ്ഡ് പിടിപെട്ടു. ഗുരുതരമായി. മുടിയെല്ലാം നഷ്ടപ്പെട്ടു. ആ സമയത്തു ഞാനെവിടെ പോയാലും ആളുകൾ എന്റെ കോലം കണ്ടു കളിയാക്കും. ഒടുവിൽ ഇതു സഹിക്കാൻ വയ്യാതെ ജോലി ഉപേക്ഷിച്ചു മുംബൈക്കു പോന്നു. ടാറ്റാ ആശുപത്രിയിൽ ജോലി കിട്ടി. ജോലിക്കു ചേർന്നു മാസങ്ങൾ കഴിഞ്ഞപ്പോഴാണു ഡോ. അദ്വാനിയെ ഞാനാദ്യമായി കാണുന്നത്.
വാർഡുകളിലും ഒപി മുറികളിലും സൗമ്യമായി പുഞ്ചിരിയോടെ സംസാരിക്കുന്ന ഡോക്ടർ. രാത്രി ഒന്‍പതു മ ണി വരെയൊക്കെയാണ് അദ്ദേഹം ഈ അവസ്ഥയിലും റിസർച്ചിനു വേണ്ടി ചെലവഴിക്കുന്നതെന്നു സീനിയേഴ്സ് പറഞ്ഞു. രണ്ടു മൂന്നു മാസം അദ്ദേഹത്തെ നിരീക്ഷിച്ചു. അപ്പോഴാണെനിക്കു തോന്നിയത്. ഞാനൊരു നഴ്സാണ്. ഈ ഘട്ടത്തിൽ ഞാൻ സുരേഷിനെ പിന്തുണച്ചാൽ അദ്ദേഹത്തിനു കൂടുതൽ കാര്യങ്ങൾ ചെയ്യാനാവും.
വിവാഹം കഴിക്കാനുള്ള താൽപര്യം ഞാനദ്ദേഹത്തൊടു പറഞ്ഞു. ‘‘എന്തുകൊണ്ടാ എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ?’’ എന്നായിരുന്നു ആദ്യം ചോദിച്ചത്. ഞാനതിനു മറുപടി പറഞ്ഞില്ല. അതിനുള്ള ഉത്തരമാണ് ഈ ജീവിതം. ഒാരോ നിമിഷവും അദ്ദേഹത്തെക്കുറിച്ചുള്ള അഭിമാനത്തോടെയാണു ജീവിക്കുന്നത്.’’ ഗീത പറയുന്നു.
പിന്നീടങ്ങോട്ടു ഡോ.സുരേഷിന്റെ യാത്രകൾക്കു നിഴ ൽ പോലെ ഗീതയുമുണ്ടായിരുന്നു. 1980ൽ യൂണിയൻ ഒാ ഫ് ഇന്റർനാഷനല്‍ കാൻസർ കൺട്രോൾ ഫെലോഷിപ് നേടി ഇംഗ്ലണ്ടിലെത്തി. ബോൺമാരോ ട്രാൻസ്പ്ലാന്റേഷന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.ഡോണൽ തോമസിനുകീഴിൽ ഗവേഷണം നടത്തി. 1990ലെ നൊബേൽ സമ്മാന ജേതാവാണ് ഡോ.ഡോണല്‍ തോമസ്. ഗവേഷണത്തിനു ശേഷം ഇന്ത്യയിലേക്കു തിരികെയെത്തിയ ഡോ.സുരേഷ് അദ്വാനി ചരിത്രത്തിലേക്കാണ് ചുവടെടുത്തു വച്ചത്. ഇ ന്ത്യയിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ഡോ.സുരേഷും സംഘവുമായിരുന്നു.
‘‘ലോകത്ത് ആദ്യമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി 12 വർഷത്തിനു ശേഷം നമുക്കു െചയ്യാനായി. അതൊരു വലിയ നേട്ടമായിരുന്നു. ടിബി അന്ന് ഒരുപാടു പേരെ ബാധിച്ചിരുന്നു. പലരും മരണത്തിലേക്കു വീണു പോയി. ടിബി ബാധിച്ച എട്ടു വയസ്സുള്ള പെൺകുട്ടിക്കാണ് അന്നു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തത്. ആ കു ട്ടി ഇപ്പോഴും സുഖമായിരിക്കുന്നു എന്നാണു ഞാൻ അറിഞ്ഞത്. അന്നു ഞങ്ങളുടെ മെഡിക്കൽ സംഘത്തിൽ ഒരു മലയാളി നഴ്സും ഉണ്ടായിരുന്നു’’ ഡോക്ടർ ഒാർമിക്കുന്നു.
ഡോക്ടർ പിന്നീടു തിരക്കുകളിൽ നിന്നു തിരക്കുകളിലേക്കു പറന്നു. കാൻസർ ബോധവൽക്കരണം, അധ്യാപനം,സെമിനാറുകൾ, ഗവേഷണം... മോഹിതും സ്മിതയും ജനിച്ചതോടെ ഗീത ജോലി നിർത്തി കുട്ടികൾക്കൊപ്പം തിരക്കിലായി. മോഹിത് ഫാർമബിസിനസ് തിരഞ്ഞെടുത്തപ്പോൾ സ്മിത അച്ഛന്റെ പാതയായിരുന്നു സ്വീകരിച്ചത്. ഒാങ്കോളജിസ്റ്റാവണം എന്ന ആഗ്രഹത്തോടെ മുന്നോട്ടു പോയി.
കുട്ടികൾ മുതിർന്നതോടെ കാൻസർ ബോധവൽക്കരണത്തിൽ ഗീത പങ്കാളിയായി. ഹെൽപിങ് ഹാൻഡ് ഫോർ കാൻസർ കെയർ എന്ന സന്നദ്ധ സംഘടന തുടങ്ങി. മാമോഗ്രാം, രക്തപരിശോധന ഉൾപ്പടെയുള്ള ലാബ് ബസിൽ ക്രമീകരിച്ചു നാട്ടിൻ പുറങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. എല്ലാം സന്തോഷമായി പോവുമ്പോഴായിരുന്നു ജീവിതം പിന്നെയും പരീക്ഷിച്ചത് ഒരപകടത്തിൽ സ്മിതയെ നഷ്ടപ്പെട്ടു.
ജീവിതം എന്ന പരീക്ഷണശാല
‘‘അവൾ ഞങ്ങളുെട നക്ഷത്രമായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖം. എംബിബിഎസ് കഴിഞ്ഞ് എംഡി പഠനത്തിനു പോയപ്പോഴായിരുന്നു അപകടത്തിൽ അവള്‍ പോയത്. ഞങ്ങൾ തളർന്നു പോയി. എല്ലാവരെയും സഹായിക്കുന്നവരായിരുന്നു ഞങ്ങൾ. കുട്ടികളും അതുപോലെ തന്നെ എന്നിട്ടും ഇങ്ങനെയൊരു സങ്കടം എങ്ങനെ ജീവിതത്തിലേക്കു വന്നു എന്നാലോചിക്കുമ്പോൾ...’’ ഗീത പറയുന്നതു കേട്ട് ഡോ. സുരേഷ് ഒരു നിമിഷം നിശബ്ദനായി. പിന്നെ തുടർന്നു
‘‘ അച്ഛനമ്മമാരെ സംബന്ധിച്ചു മക്കളെ നഷ്ടമാവുന്നതു പ്രാണൻ പിടയുന്ന വേദനയാണ്. ഞങ്ങളുടെ ജീവിതം തന്നെയാണു നഷ്ടമായത്. ലോകം മുഴുവൻ എനിക്കു ശിഷ്യരുണ്ട്. അവർ എന്റെ കുട്ടികളാണെന്നോർത്തു സമാധാനിക്കാൻ ശ്രമിക്കുകയാണ്.
ഈ തിരക്കുകളിൽ ഇരിക്കുമ്പോൾ അതൊന്നും മനസ്സിലേക്കു വരില്ല. മകളുടെ ഒാർമയ്ക്കാണ് തൊടുപുഴയിൽ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ആരംഭിച്ചത്. എപ്പോഴും പുഞ്ചിരിക്കുന്ന കുട്ടിയായിരുന്നു അവൾ അതുകൊണ്ടു തന്നെയാണു സർവീസ് വിത് സ്ൈമൽ എന്ന ടാഗ്‍ലൈൻ നൽകിയത്.
ഗീതയുടെ വീട് തൊടുപുഴയിലാണല്ലോ. ഇടുക്കി ജില്ലയിൽ ആധുനിക ആശുപത്രികൾ കുറവാണ്. എല്ലാ ചികി ത്സകളും ഒരു കുടക്കീഴില്‍ നൽകണം എന്നായിരുന്നു ആ ഗ്രഹം. തൊടുപുഴയിൽ മുപ്പതു ലക്ഷം സ്ക്വയർ ഫീറ്റ് ആ ശുപത്രി ആയിരുന്നു എന്റെ സ്വപ്നം. സമൂഹത്തിനായി പ്രവർത്തിക്കുക മകളുടെയും സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഞാനും ഗീതയും മോഹിതും ചേർന്നു കഴിഞ്ഞ നാലു വർഷമായി സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലൂടെ പ്രാവർത്തികമാക്കുന്നത്.
രാജ്യാന്തര ചികിത്സാരീതികളിലൂടെ നൂറിൽപരം സ്പെഷലിസ്റ്റ് ഡോക്ടർമാരാണ് ജോലി ചെയ്യുന്നത്. ഇടുക്കിയിൽ ആദ്യത്തെ 350 കിടക്കകള്‍ ഉള്ള ആശുപത്രിയായി മാറി. ഇടുക്കിയിലെ ആദ്യത്തെ കാർ ടി സെൽ തെറപ്പി യൂണിറ്റും കാർഡിയാക് സർജറി യൂണിറ്റും ഇവിെടയുണ്ട്.
ഈ വർഷത്തെ ടൈംസ് ഹെൽത്ത് വേൾഡ് ഹെൽത്ത് കെയർ അവാർഡ് എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൗത്ത് അവാർഡും ലഭിച്ചു. ചെറിയ കാലത്തിനുള്ളില്‍ ഇത്രയൊക്കെ ചെയ്യാനായി. കാണാനാവുന്നില്ലെങ്കിലും തൊട്ടടുത്തിരുന്നു മകൾ എല്ലാം മുൻകയ്യെടുത്തു നടത്തുന്നുണ്ടെന്ന് വിശ്വസിക്കുകയാണ് ഞങ്ങൾ.
മകനും കുടുംബവും മുംബൈയിലാണ്. മോഹിത് അവിടെ ഫാർമ ബിസിനസ് മുന്നോട്ടു കൊണ്ടുപോവുന്നു. മോഹിതിന് മകളുണ്ട്. അവളുടെ പേരും സ്മിത എന്നാണ്. അവളുടെ ചിരി കാണുമ്പോൾ ഞങ്ങൾക്കു തോന്നും ഇതു മകളുെട പുനർജന്മമാണ്. അതേ ചിരി,അതേ കുസൃതികൾ...