ADVERTISEMENT

ഞാനിപ്പോൾ ടൈഗ്രിസ് നദിയുടെ അടുത്താണ്. ഹാ... നല്ല വെയി ൽ...’  വാചകമവസാനിക്കും മുൻപേ വെടിയൊച്ചകൾ മുഴങ്ങി. മാഹീനും കൂട്ടുകാരനും ജീവനും വാരിപ്പിടിച്ച് ഓടുകയാണ്.

ഐഎസ്ഐഎസ് തകർത്തെറിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തകർന്ന തലയോട്ടികളിലേക്കും  കൈകാലുകളുടെ എല്ലുകളിലേക്കും ക്യാമറ തിരിയുന്നു.

ADVERTISEMENT

‘‘ നോക്കൂ... എന്തൊരു അവസ്ഥയാണ്. ഇതിനിടയിൽ പൊട്ടാത്ത മൈനുകൾ കിടപ്പുണ്ടാകാം എന്നു മൊസൂളുകാർ മുന്നറിയിപ്പു തന്നിട്ടുണ്ട്. പക്ഷേ, എ നിക്ക് വരാതിരിക്കാനായില്ല. മൈനിന്റെ മുകളിലെങ്ങാൻ ചവിട്ടിയാൽ നിങ്ങളുടെ ഹിച്ച് ഹൈക്കിങ് നൊമാഡ് പത്തു കഷണമായി ചിതറിത്തെറിച്ചേക്കാം കേട്ടോ...’’ മാഹീൻ എന്ന ഇരുപത്തിരണ്ടുകാരൻ ട്രാവലർ തിരുവനന്തപുരം മലയാളത്തിൽ പുഞ്ചിരിയോടെ പറയുന്നു.

രാവും പകലും വെയിലും മഴയും വകവയ്ക്കാതെ, സംഘർഷ ഭൂമികളിലേക്കു പോലും വെറുമൊരു ബാഗും ചുമലിൽ തൂക്കി പോകുന്ന നെടുമങ്ങാടുകാരൻ മലയാളി പയ്യന്റെ ‘ഹിച്ച് ഹൈക്കിങ് നൊ മാഡ്’ എന്ന വ്ലോഗിന് ഇപ്പോൾ ആരാധകരേറെ...  ഈ പേരിലുള്ള യുട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ  വഴി, യാത്രാ വ്ലോഗിങ്ങിൽ ചരിത്രം കുറിക്കുകയാണ് എസ്. മാഹീൻ. പതിനേഴാം വയസ്സ് മുതൽ ഹിച്ച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മാഹീനെ  അറിയാം.

ADVERTISEMENT

ഹിച്ച് ഹൈക്കിങ്ങിലേക്ക്

‘‘എന്റെ താൽപര്യത്തിനൊത്തു ജീവിക്കണം എന്ന ആഗ്രഹത്താൽ പതിനേഴാം വയസ്സിൽ തന്നെ യാത്ര എന്ന ലഹരിയിലേക്കു വീണു. സഞ്ചാരത്തിന്റെ ബ്ലോഗുകൾ വായിച്ചതിലൂടെയാണു ‘ട്രാവൽ’ എന്ന ആഗ്രഹം മനസ്സിൽ കയറുന്നത്. ലോകം കാണണം, പലഭാഗത്തുള്ള ആളുകളുമായി ഇടപഴകണം, അവരുടെ ഭക്ഷണം കഴിക്കണം...

   ‘ഇത്ര ചെറിയ പ്രായത്തിൽ ഒറ്റയ്ക്ക് യാത്ര വീട്ടുകാർ അനുവദിച്ചോ?’ എന്ന ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ട്. ബാപ്പയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ചെറുപ്രായത്തിൽ തന്നെ സ്വന്തം ചെലവുകളും കുടുംബകാര്യങ്ങളും നോക്കിത്തുടങ്ങിയ വ്യക്തിയാണു ഞാൻ. മാത്രമല്ല, അനുവാദം ചോദിക്കുന്ന രീതിയെനിക്കില്ല.

ADVERTISEMENT

തുടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുറ്റിക്കൊണ്ടായിരുന്നു. അപരിചിതമായ സംസ്ഥാനങ്ങളിലും കാടുകളിലും  തെരുവുകളിലും പതിനേഴു  വയസ്സുള്ള ഞാൻ കാൽനടയായും ലിഫ്റ്റ് ചോദി ച്ചും ചുറ്റുന്നു എന്നതു വീട്ടുകാരെ നന്നായി പേടിപ്പെടുത്തിയിരുന്നു. സുരക്ഷിതമായി തിരിച്ചെത്തുന്നു എന്നു കണ്ടതോടെയാണു സാവധാനം വാപ്പ ഷാജഹാനും ഉമ്മ നദീറയും സഹോദരി നദിയയും അംഗീകരിച്ചത്.  താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്കു പോകാനൊരുങ്ങിയപ്പോൾ മാത്രം  ഉമ്മ ‘പോകണ്ട’ എന്നു പറഞ്ഞു. വാപ്പ പിണങ്ങി. എങ്കിലും ഞാൻ പോയി.  ഒരു കൊല്ലം ആ പിണക്കം നീണ്ടു.

ആളുകൾ അപകടകരം എന്നു വിളിക്കുന്ന സ്ഥലങ്ങളിലേക്കും ഏറ്റവും കുറവ് ആളുകൾ സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാനാണ് ഇഷ്ടം. ഒരു രാജ്യത്തു നിന്നു  വീസ കിട്ടുന്നതിനനുസരിച്ച് അടുത്ത രാജ്യത്തേക്കു കടക്കുകയാണു പതിവ്.

‍ക്ലോത്തിങ് ബിസിനസും കാർ വാഷ് ബിസിനസും ചെയ്തു സ്വരൂപിച്ച പണം കൊണ്ടാണു കോളജ് പഠനവും ആ ദ്യകാല യാത്രയ്ക്കുള്ള പണവും കണ്ടെത്തിയത്. ഇന്നു യുട്യൂബിൽ  നിന്നു ലഭിക്കുന്ന പരസ്യ വരുമാനം കൊണ്ടാണു ജീവിതവും യാത്രയും മുന്നോട്ടു പോകുന്നത്.
പേടിയില്ലേ എന്നു ചോദിക്കും ചിലർ. നൂറു സാഹസിക യാത്ര ചെയ്തിട്ടുണ്ടെങ്കിൽ നൂറ്റൻപതെണ്ണം ഞാൻ മാറ്റി വച്ചിട്ടുണ്ട്. ഭയം കൊണ്ട്. പോയാൽ കൊല ചെയ്യപ്പെടും അല്ലെങ്കിൽ  അപകടം സംഭവിക്കും എന്ന് ഉറപ്പാണെങ്കിൽ മാറ്റി വയ്ക്കും. ഇനിയും യാത്ര ചെയ്യാൻ ഞാൻ ഉണ്ടാകണമല്ലോ. ലോകം മുഴുവൻ ജീവിതകാലം മുഴുവൻ  യാത്ര ചെയ്തുകൊണ്ടേയിരിക്കണം എന്നാണ് ആഗ്രഹം.

ഇരുപത്തിനാലും കടന്ന്

ഏറ്റവും ദരിദ്ര രാജ്യമായ ബുറുണ്ടി മുതൽ നേപ്പാൾ, ഉസ്ബക്കിസ്ഥാൻ, തജിക്കിസ്ഥാൻ,   ഇറാൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ജോർദാൻ, കുർദിസ്ഥാൻ, ഈ ജിപ്റ്റ്, സുഡാൻ, എത്യോപ്യ, എറിത്രിയ, ജിബൂട്ടി, സൊ മാലിലാൻഡ്, സൊമാലിയ, കെനിയ, താൻസാനിയ, റുവാ ണ്ട, ഉഗാണ്ട, കോംഗോ, താൻസാനിയ, മലാവി, മുസാംബിക്, നമീബിയ, ബോട്സ്വാന, സിംബാബ്‌വേ, സാംബിയ, കസാക്കിസ്ഥാൻ, ചൈന എന്നിങ്ങനെ 34 രാജ്യങ്ങൾ സന്ദർശിച്ചു.

കരമാർഗമാണു  യാത്രകളിലധികവും. ഓരോ രാജ്യങ്ങളിലും സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കിയാണു  മുന്നോട്ടു പോകുന്നത്. താമസിക്കുന്നതു പരിചയപ്പെടുന്നവരുടെ വീടുകളിൽ. അവർ തരുന്നതെന്തോ അതാണു  ഭക്ഷണം,  അതു സാധിക്കാതെ വന്നാൽ ഉപയോഗിക്കാൻ ടെന്റ്, സ്ലീപ്പിങ് ബാഗ്, മാട്രസ്, വാട്ടർ ഫിൽട്ടർ, രണ്ടു മരങ്ങളിൽ കെട്ടി കിടക്കാവുന്ന  ഹാമോക്ക് എന്നിവ കയ്യിലുണ്ട്. 

വെള്ളം  വാങ്ങാറില്ല. പുഴയിൽ നിന്നോ  മറ്റു ജലാശയങ്ങളിൽ നിന്നോ ശേഖരിച്ചു ഫിൽറ്ററിൽ ശുദ്ധീകരിച്ച് ഉപയോഗിക്കും.  ചെറിയ തോതിൽ പാചകം ചെയ്യാനുള്ള സാമഗ്രികൾ, മൊബൈൽ, ചാർജർ, ബാറ്ററി ബാക്കപ്പ്, രാത്രി സഞ്ചരിക്കാനുള്ള ലൈറ്റ് തുടങ്ങിയവയും കരുതും.
 രണ്ടോ മൂന്നോ ജോഡി ഡ്രസ്, ഒരു ഷൂസ്, ഒരു ജോഡി വള്ളിച്ചെരുപ്പ്, തൊപ്പി എന്നിവയാണ് ഉപയോഗിക്കുക. ഷൂ സും വസ്ത്രങ്ങളും ചെറിയ കേടുപാടുകൾ വന്നാലും  തുള വീണാലും കഴിയുന്നത്ര ഉപയോഗിക്കും. പരമാവധി ചെലവു ചുരുക്കി യാത്ര ചെയ്യും.

maheen-11

ചില യാത്രകളിൽ നമ്മളെപ്പോലെ യാത്ര ചെയ്യുന്നവരെ കണ്ടുമുട്ടും. പുരുഷന്മാരും സ്ത്രീകളുമുണ്ടാകും. ഒരേ ലക്ഷ്യത്തിലേക്കാണെങ്കിൽ ഒന്നിച്ചു നീങ്ങും. അവരുടെ ല ക്ഷ്യം വേറെയാകുമ്പോൾ വഴിപിരിയും.

സദാ യാത്രചെയ്യുന്നുവെങ്കിലും എനിക്കു കുടുംബം വീ ട് എന്നിവ പ്രധാനമാണ്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഭർത്താവ് ഷഹീൻ. മകൾ സൻഹാ പർവീൺ.  ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാട്ടിലെത്തി വീട്ടുകാരെ കാണാറുണ്ട്. ചൈന യാത്ര കഴിഞ്ഞതോടെ മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ വീട്ടിലേക്കു തിരികെ വന്നു. ഇന്ത്യയ്ക്കകത്തു ചില യാത്രകൾ നടത്തിയെങ്കിലും തൽക്കാലം ആരോഗ്യം സംരക്ഷിക്കാനായി വിശ്രമത്തിലാണ്.

യാത്രകളിൽ പലവട്ടം അപകടങ്ങളിൽ പെട്ടിട്ടുണ്ട്. ജയിലിലായിട്ടുണ്ട്. മരണം പോലും മുന്നിൽ കാണേണ്ടി വന്നിട്ടുണ്ട്. അതു മനസ്സിലാക്കുന്ന പങ്കാളിയെ കിട്ടിയാലേ വിവാഹം കഴിക്കൂ. ഒരു കാലത്തു പ്രണയമുണ്ടായിരുന്നു. 2018 കാലഘട്ടത്തിൽ ഗുജറാത്തിൽ ബിരുദ പഠനം ചെയ്യുമ്പോൾ  . ഇപ്പോൾ ബ്രേക്കപ്പ് ആയി. എങ്കിലും നല്ല സുഹൃത്തുക്കളായി തുടരുന്നു. ഉഗാണ്ടയിൽ പോയാൽ അവളുടെ വീട്ടിലാണ് താമസിക്കാറുള്ളത്.

maheen-travel

അടിയും തൊഴിയും ഏറ്റിട്ടും പിന്മാറാതെ

അഫ്ഗാനിൽ  കൊട്ടസങ്കി  എന്ന സ്ഥലത്തേക്കു യാത്ര ചെയ്യവേ ബസിൽ താലിബാൻകാർ കയറി. മൊബൈൽ പിടിച്ചു വാങ്ങി. കവിളുകളിൽ പൊതിരെ തല്ലി. അഫ്ഗാനിൽ തന്നെ ജയിലിലാകേണ്ടിയും വന്നു.

പാക്കിസ്ഥാനിലേക്കു കടക്കുന്നതിനായി എംബസിയിലെത്തിയതായിരുന്നു.  ഇന്ത്യക്കാരനായ ഐഎസ്ഐഎസ് തീവ്രവാദി നിശ്ചിത സ്ഥലത്ത് വരും  എന്ന വിവരം കിട്ടിയതിനെത്തുടർന്ന് അവർ കാത്തിരിക്കുമ്പോഴാണ് ഞാൻ അവിടെ ചെന്നു പെടുന്നത്. ഉടൻ അറസ്റ്റിലായി.

വളരെ മോശമായാണു താലിബാൻ കമാൻഡോസ് പെരുമാറിയത്. ശക്തിയായി ജലം വരുന്ന ഹോസ് ഉപയോഗിച്ചു ശരീരത്തിലേക്കു വെള്ളം ചീറ്റുകയും തൊഴിക്കുകയും ചെയ്തു. കരഞ്ഞപ്പോൾ കരണത്തടിച്ചു.

റോഡിൽ നിന്നു വലിച്ചിഴച്ചും ബാരിക്കേഡിനു മുകളിലൂടെ വലിച്ചെറിഞ്ഞുമാണു ജീപ്പിലേക്കു കയറ്റിയത്.  ക ണ്ണുമൂടിക്കെട്ടിയിരുന്നു. കണ്ണു തുറന്നപ്പോൾ ജയിലായിരുന്നു. എന്റെ സാധനങ്ങളെല്ലാം അവരുടെ കസ്റ്റഡിയിലായതിനാൽ ഫോൺ വിളിക്കാനൊന്നും കഴിഞ്ഞില്ല. അവരുടെ പഷ്തൂൺ ഭാഷ എനിക്ക് അറിയുകയുമില്ല.

രാത്രി ഉന്നത ഓഫിസർ വന്നു. ഇംഗ്ലിഷ് അറിയാമായിരുന്ന അദ്ദേഹത്തോട് ഉസ്താദ് യാസിർ എന്ന പേരു പറഞ്ഞതോടെയാണു മോചനത്തിനു വഴി തെളിഞ്ഞത്.

താലിബാന്റെ മുൻ സീനിയർ കമാൻഡോ ആയിരുന്ന ഉസ്താദ് യാസിറിന്റെ മകൻ എന്റെ സുഹൃത്തായിരുന്നതിനാൽ മാത്രം കഷ്ടിച്ചു രക്ഷപ്പെട്ടു. കണ്ണു കെട്ടിത്തന്നെ അവരെന്നെ കാബുളിലെ വലിയൊരു ഇന്റലിജന്റ്സ് ഓഫിസിനു മുന്നിലെത്തിച്ചു. അവിടെ സുഹൃത്തു കാത്തു നിൽപ്പുണ്ടായിരുന്നു. അസഹനീയമായിരുന്നെങ്കിലും ആ അനുഭവത്തിലൂടെ കടന്നു പോയത് എന്നെ സന്തോഷിപ്പിക്കുന്നു. അത്രയും വ്യത്യസ്തമായ അനുഭവമാണല്ലോ.
കൊള്ളയടിക്കപ്പെട്ടു എങ്കിലും എംബസികളുമായി ബന്ധപ്പെട്ടു പരിചയങ്ങളുണ്ടാക്കിയെടുക്കാൻ ശ്രമിക്കാറുണ്ട്. അതുവഴി ഒരു രാജ്യത്തെ രീതികൾ അറിയാം. മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്ന വിവരങ്ങൾ നോക്കി മനസ്സിലാക്കാനും  ശ്രദ്ധിക്കും.  എങ്കിലും അപകടത്തിൽ പെട്ടേക്കാം.

ഇറാഖിൽ വീസ തീർന്നു എന്നു തെറ്റിദ്ധരിച്ചാണ് അറസ്റ്റ് ചെയ്തത്.  കൂടെ ഇറാഖി സുഹൃത്ത് ഉണ്ടായിരുന്നതിനാൽ അഞ്ചു ദിവസമേ ജയിൽ കിടക്കേണ്ടി വന്നുള്ളു.

maheen-14

അറസ്റ്റിലായാൽ സഹായിക്കാനാരുമില്ലെങ്കിൽ ചിലപ്പോൾ മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നേക്കാം. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പോലും ചിലപ്പോൾ പിന്നീടു പുറം ലോകം കാണാനായില്ലെന്നും വരാം.   
ജൂലൈയിൽ നയ്റോബിയിൽ വച്ച് ആയുധധാരികളാൽ കൊള്ളയടിക്കപ്പെട്ടു.  രണ്ടു ഫോൺ, ക്യാമറ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയടക്കം 3500 ഡോളറിനടുത്തു വിലപിടിപ്പുള്ള വസ്തുക്കളും പാസ്പോർട്ടും ന ഷ്ടപ്പെട്ടു.
എത്രയോ രാജ്യങ്ങളുടെ ഔദ്യോഗിക സീൽ പതിഞ്ഞ പാസ്പോർട്ട്  നഷ്ടപ്പെട്ടതാണ് ഏറെ സങ്കടകരം. താൽക്കാലിക പാസ്പോർട്ട് കൊണ്ടാണ് ഇതുവരെ സഞ്ചരിച്ചത്. ഇപ്പോൾ നാട്ടിലെത്തിയല്ലോ. പുതിയ പാസ്പോർട്ട് എ ടുക്കണം.


നഷ്ടപ്പെട്ട സാധനങ്ങളൊന്നും വീണ്ടും വാങ്ങിയില്ല. മൊബൈൽ ഒഴിച്ച്. വിഡിയോ/  ഫോട്ടോ എടുക്കാറുണ്ടെങ്കിലും പ്രധാന ലക്ഷ്യം യാത്ര  ആയതിനാൽ അതിനായി പണം മുടക്കുന്നില്ല.  നഷ്ടങ്ങളുടെ ദുഃഖങ്ങളിൽ നിന്നും കരകയറാൻ നാടാണ് നല്ലത്. പുതിയ ഊർജം സംഭരിച്ചുതാമസിയാതെ യാത്ര തുടരും. ഒരിക്കലും നഷ്ടപ്പെടാത്ത  നേരനുഭവങ്ങൾക്കായി...

English Summary:

Hitchhiking Nomad is the travel vlog of S. Maheen, a 22-year-old traveler from Kerala who hitchhikes through conflict zones and explores the world. His YouTube and Instagram accounts, under the name 'Hitchhiking Nomad,' have gained popularity for his unique travel stories and experiences.

ADVERTISEMENT