എന്തൊരു മടിയാണിത്? നീ മാത്രമിതെന്താ ഇങ്ങനെ എപ്പോഴും തട്ടി വീഴുന്നത്? അൽപം ശ്രദ്ധിച്ചു നടന്നു കൂടേ?’ ചുറ്റുമുള്ളവർ അത്ര ദേഷ്യത്തിൽ അല്ല പറഞ്ഞതെങ്കിലും അതു മുള്ള് പോലെയാണു പ്രിയ മോഹന്റെ മനസ്സിൽ തറച്ചത്.
‘‘എനിക്കു മാത്രം എന്താ ഇങ്ങനെ വരുന്നതെന്നു ചിന്തിച്ചു ദിവസങ്ങൾ തള്ളിനീക്കി. നാളുകൾക്കു ശേഷമാണ് അതു തിരിച്ചറിഞ്ഞത്. ഇതു വെറും മടിയോ ക്ഷീണമോ അല്ല. എല്ലാറ്റിനും പിന്നിൽ നിശബ്ദമായി നിൽക്കുന്നുണ്ടായിരുന്നു ആ രോഗം– ഫൈബ്രോമയാൾജിയ’’ കടന്നുപോയ കഠിനകാലത്തെക്കുറിച്ചു കൊച്ചിയിലെ വീട്ടിലിരുന്നു നടിയും വ്ലോഗറുമായ പ്രിയ മോഹൻ പറഞ്ഞു തുടങ്ങി.
കൊല്ലാതെ കൊന്ന ദിവസങ്ങൾ
‘‘ഒരു വർഷത്തോളമായി ഈ അവസ്ഥ തുടങ്ങിയിട്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരമാകെയൊരു മുറുക്കം. കഴുത്തിലും കയ്യിലും വേദന കൂടുതൽ. അമ്മയ്ക്കു വാതത്തിന്റെ പ്രശ്നമുള്ളതുകൊണ്ടു ചിലപ്പോൾ എനിക്കും അതാകുമെന്നാണു കരുതിയത്.
എഴുന്നേൽക്കുമ്പോൾ കഴുത്തിനുള്ള വ്യായാമം ചെയ്യും. അന്നേരം കുറച്ചാശ്വാസം തോന്നും. അല്ലാതെ ഇതൊരു ഗൗരവമുള്ള രോഗമാണെന്ന തോന്നലേ തുടക്കത്തിൽ ഇല്ലായിരുന്നു.
കുറച്ചു നാളുകൾ അങ്ങനെ പോയി. പേശിവേദന സഹിക്കാവുന്നതിലും അധികമായി. കൈ തോളിനു മുകളിലേക്ക് ഉയർത്താൻ തന്നെ ബുദ്ധിമുട്ടായി. കുളിക്കാനും കാലുയർത്തി വയ്ക്കാനും വരെ ബുദ്ധിമുട്ട്. വേദന കാരണം ദൈനംദിന ജീവിതത്തിന്റെ വേഗം കുറഞ്ഞു. ചെയ്യുന്ന കാര്യങ്ങളെല്ലാം മെല്ലെയായി.
എന്നാലും യാത്രകളും ഷോപ്പിന്റെ നടത്തിപ്പും ഒക്കെയായി നേരത്തിന് ഡോക്ടറെ കാണാൻ പോലും കഴിഞ്ഞില്ല. വേദനയല്ലേ, പതുക്കെയങ്ങു മാറുമെന്നും കരുതി. ആദ്യമൊന്നും പെയിൻകില്ലർ പോലും എടുത്തിരുന്നില്ല.
വ്ലോഗിങ്ങിന്റെ ഭാഗമായുള്ള യാത്രക ൾ ധാരാളം വരുന്നതു കൊണ്ടു സ്ഥിരമായി വ്യായാമം ചെയ്യാനും സാധിച്ചിരുന്നില്ല. ഞാൻ വേദന എന്നു പറയുമ്പോൾ ഭർത്താവും അമ്മയും ഒക്കെ ആദ്യമാദ്യം ‘നീ വ്യായാമം ഒന്നും െചയ്യാത്തതു കൊണ്ടാകും’ എന്നു പറയും. അതു ശരിയായിരിക്കുമെന്ന് എനിക്കും തോന്നി. പേശികളിൽ നീർവീക്കവും ഉറക്കക്കുറവും തുടങ്ങിയെങ്കിലും അതും കാര്യമാക്കിയില്ല.
കുഞ്ഞുണ്ടായ ശേഷം അവന്റെ കാര്യമൊക്കെ നോക്കി അവൻ ഉറങ്ങിക്കഴിഞ്ഞു രാത്രിയാണ് എനിക്ക് എന്റേതായൊരു സമയം കിട്ടുക. അപ്പോഴേക്കും എല്ലാവരും ഉറങ്ങിയിട്ടുണ്ടാകും. അന്നേരമാണു സ്വസ്ഥമായിരുന്ന് എന്റെ ജോലികൾ ചെയ്യുക. പ ക്ഷേ, പിന്നീടതൊരു ശീലമാകുമെന്നോ ഇ ങ്ങനൊരു അസുഖത്തിൽ വന്നു പെടുമെന്നോർക്കുന്നേയില്ല. എന്റെ ജോലി രീതി പ്രകാരം രാവിലെ വ്ലോഗ് ചെയ്യാനിറങ്ങിയാൽ തിരിച്ചെത്തുമ്പോൾ രാത്രി പ ത്തു മണിയോളമാകും. പിന്നെ കുളിച്ചു കഴിച്ചു കുഞ്ഞുറങ്ങി കഴിയുമ്പോഴാണു പോസ്റ്റ് ചെയ്യാനുള്ള ജോലികൾ തുടങ്ങുന്നത്. അങ്ങനെ ഉറക്കത്തിന്റെ താളം തെറ്റി.
ഉറക്കം കുറയുന്നതു മൂലമുള്ള സമ്മർദമാണ് നീർക്കെട്ടായി മാറുന്നതെന്നും അതു മറ്റു പല അസുഖങ്ങളിലേക്കും നയിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു’’
താളം തെറ്റിയ ഉറക്കം
ഉറങ്ങാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ കുടുംബ ഡോ ക്ടറെ കണ്ടു. ഉറക്കഗുളിക നിർദേശിക്കാമോ എന്നു ചോദിച്ചു. അതു തന്നില്ല. പകരം വ്യായാമങ്ങൾ നിർദേശിച്ചു. യാത്രകൾ കാരണം അതും കൃത്യമായി നടന്നില്ല.
അങ്ങനെയിരിക്കെ ഒരു യാത്രയ്ക്കിടെ ഹോട്ടലിലെ കുളിമുറിയിൽ തെന്നി വീണു. പക്ഷേ, എഴുന്നേൽക്കാൻ കഴിയുന്നില്ല. രാത്രിയായതു കൊണ്ടു വിളിച്ചിട്ടൊന്നും ആരും കേൾക്കുന്നുമില്ല. കയ്യും കാലും കുത്തി മെല്ലെ എഴുന്നേൽക്കാൻ നോക്കിയിട്ടും പറ്റിയില്ല. അന്നാണ് എന്റെ അവസ്ഥ എത്ര മോശമാണെന്നു സ്വയം തിരിച്ചറിയുന്നത്. എനിക്കെന്നോടു തന്നെ പാവം തോന്നി, കുറേ കരഞ്ഞു.
പിന്നെ എങ്ങനെയൊക്കെയോ എഴുന്നേറ്റു. വന്നു കിടന്നു, എല്ലാവരും ഉറക്കമായതു കൊണ്ട് അപ്പോൾ വീഴ്ചയുടെ കാര്യം മിണ്ടിയില്ല. പിറ്റേന്നു പറഞ്ഞപ്പോഴും സോപ്പുവെള്ളത്തിൽ തെന്നിയതാകും എന്നായിരുന്നു കേട്ടവരുടെ മറുപടി.
പക്ഷേ, എന്റെയുള്ളിലൊരു ചോദ്യം മുഴച്ചുനിന്നു ‘എന്തുകൊണ്ടാകും എനിക്ക് എഴുന്നേൽക്കാൻ കഴിയാതിരുന്നത്?’. പിന്നെയും ഇടയ്ക്കിടെ റോഡിലും പടി കേറുമ്പോഴുമൊക്കെ വീഴാൻ തുടങ്ങി. കാലിൽ നീർവീക്കമുള്ളതു കൊണ്ടു ചലനങ്ങൾ ഉദ്ദേശിച്ച പോലെയാകില്ല. പലപ്പോഴും പടിയിൽ തട്ടി വീഴും.
വീണ്ടും കുടുംബഡോക്ടറെ കണ്ടു. അതുവരെയുള്ള അവസ്ഥകളെല്ലാം വിശദമായി പറഞ്ഞു. അന്ന് അദ്ദേഹമാണ് ആദ്യമായി എന്നോട് ‘ഇത് ഫൈബ്രോമയാൾജിയ ആണ്’ എന്നു പറയുന്നത്. ഡയറ്റും യോഗയും ഫിസിയോതെറപ്പിയും ചിട്ടയായി ചെയ്യാൻ നിർദേശിച്ചു.
എന്റെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരുന്നു. കുഞ്ഞിനു ചോറുരുട്ടി കൊടുക്കാൻ പോലും പറ്റുന്നില്ല. ഒന്നും കയ്യിൽ നിൽക്കുന്നില്ല. ഒരു കുപ്പി വെള്ളമെടുത്താൽ പോലും അതു താഴേക്കു പോകും.
ആ സമയത്തു പത്രത്തിൽ ഫൈബ്രോമയാൾജിയയെ കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അമ്മ അതു വായിച്ചിട്ടു ഭർത്താവ് നിഹാലിനു(ദില്ലു) കൊടുത്തു. അപ്പോഴാണ് എന്റെ അവസ്ഥയെക്കുറിച്ച് അവർക്കെല്ലാം ശരിയായ ബോധ്യം വന്നത്. രോഗാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നു തോന്നിയതോടെ യുട്യൂബിൽ ഇതേക്കുറിച്ചൊരു പോഡ്കാസ്റ്റ് ചെയ്തു. അതിനു ലഭിച്ച പ്രതികരണങ്ങളിൽ നിന്നാണു രോഗം എത്രയധികം വ്യാപകമാണെന്നു മനസ്സിലായത്!
ഒരുപാടു സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ചിലരൊക്കെ രോഗം യഥാസമയം ചികിത്സിക്കാതെ മോശം അവസ്ഥയിലായിട്ടുണ്ട്. അതൊരു വലിയ തിരിച്ചറിവായിരുന്നു. ഞാനീ പോഡ്കാസ്റ്റ് ഇട്ടപ്പോൾ തന്നെ ഒരു ഡോക്ടർ ബന്ധപ്പെട്ടു. വിശദമായി സംസാരിച്ച ശേഷം ഞാനവരുടെ ട്രീറ്റ്മെന്റ് സ്വീകരിച്ചു. ന്യൂറോളജി അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് അവർ നൽകുന്നത്.
ഫൈബ്രോമയാൾജിയ എല്ലാവരേയും ഒരുപോലെയല്ല ബാധിക്കുന്നത്. ചിലരുടെ തലച്ചോറിനെയാകും ബാധിക്കുക ചിലരുടെ കരളിനെ. അങ്ങനെ പല രീതിയിലാണ് വരിക. അതുകൊണ്ടു തന്നെ എനിക്ക് വർക്ക് ആയ കാര്യങ്ങൾ മറ്റൊരാൾക്ക് വർക്ക് ആവണമെന്നില്ല. ഇപ്പോഴത്തെ ട്രീറ്റ്മെന്റ് സ്വീകരിക്കുന്നതിനു മുൻപു ഞാൻ മഗ്‌നീഷ്യം ടാബ്‌ലറ്റ് കഴിച്ചിരുന്നു. അപ്പോൾ ഉണർവുണ്ടായിരുന്നു. പക്ഷേ, ഇതു മറ്റൊരാൾക്കു നിർദേശിക്കാനാവില്ല. ഒാരോരുത്തരുടെയും അവസ്ഥ പരിഗണിച്ചു ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നു കഴിക്കാവൂ.
പരിശോധനകളിൽ പലപ്പോഴും ലക്ഷണങ്ങളൊന്നും കാണില്ല എന്നതാണ് ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകത. അതോടെ മടിയാണെന്നു ചുറ്റുമുള്ളവർക്കു തോന്നാം. അത്തരം സാഹചര്യങ്ങളിൽ മാനസികസമ്മർദം കൂടുമെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഭാര്യയും ഭർത്താവും ഡിവോഴ്സിന്റെ വക്കോളമെത്തിയ അനുഭവകഥകൾ വരെ ഞാൻ കേട്ടിട്ടുണ്ട്. ചിലർ വിഷാദത്തിലേക്കു വീണു പോകും. ആത്മഹത്യാ ചിന്ത വരെ വരാം. അതൊക്കെ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. ചുറ്റുമുള്ളവർ രോഗിയോടു വളരെ അനുതാപത്തോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയാണ് എനിക്ക് എടുത്തു പറയാനുള്ളത്.
നിലവിൽ ഡോക്ടർ പറഞ്ഞതനുസരിച്ച് ഏഴു മണിക്ക് അത്താഴം കഴിക്കും. കുറച്ചു നേരം നടക്കും. പത്തു മണിക്കെങ്കിലും കിടക്കാൻ ശ്രമിക്കും. ചെക്കപ് കൃത്യമായി ചെയ്യും. അതിനനുസരിച്ചുള്ള ഡയറ്റും വ്യായാമവും ഉണ്ട്. പാക്കറ്റ് ഫൂഡ് പൂർണമായി ഒഴിവാക്കി. യോഗയും മെഡിറ്റേഷനും തുടങ്ങിയിട്ടുണ്ട്.
എനിക്ക് ഇപ്പോഴും ഇങ്ങനെ നിൽക്കാൻ പറ്റുന്നതു ഭർത്താവും മാതാപിതാക്കളും അത്രയധികം സപ്പോർട്ട് തരുന്നതു കൊണ്ടാണ്. മോൻ വേദു (വർഥാൻ) ചില ദിവസം കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ സഹായിക്കാൻ വരും. ആറു വയസ്സേയുള്ളു അവന്. അതൊക്കെ കാണുമ്പോൾ വിഷമവും ആശ്വാസവും വരും. അമ്മ ശാന്തിയാണ് ഇപ്പോൾ ഹാപ്പി സ്റ്റോർ എന്ന ഷോപ്പിന്റെ കാര്യം നോക്കുന്നത്. അച്ഛൻ മോഹൻ എല്ലാത്തിനും ഒപ്പമുണ്ട്. എന്റെ പാതി ഭാരം അവർ കുറയ്ക്കുകയാണു ചെയ്യുന്നത്.
ജീവിതത്തിൽ എന്തൊക്കെ തിരക്ക് ഉണ്ടെങ്കിലും സ്ത്രീകൾ അവർക്കായി മാത്രം കുറച്ചു സമയം മാറ്റി വയ്ക്കണം. അതിപ്പോൾ മെഡിറ്റേഷനു വേണ്ടിയോ വിശ്രമിക്കാനോ എന്തുമാകട്ടേ അതു മാറ്റി വച്ചേ പറ്റൂ. അതൊരിക്കലും സ്വാ ർഥതയല്ല.
നമ്മൾ നമ്മുടെ ജീവിതത്തിനും ആരോഗ്യത്തിനും ആദ്യ സ്ഥാനം കൊടുത്തിട്ടു വേണം ബാക്കി എന്തും നോക്കാൻ. നമ്മൾ ഹാപ്പിയായി ഇരുന്നാലേ ചുറ്റുമുള്ളവരേയും ഹാപ്പിയാക്കാൻ പറ്റൂ.’’