നടൻ കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചത് നടി ദിവ്യ ഉണ്ണിയല്ലെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ വിനയൻ. ഇതോടെ വര്‍ഷങ്ങളായി ദിവ്യ ഉണ്ണിക്കെതിരെ നിലനിന്നിരുന്ന വിവാദങ്ങൾക്ക് വിരാമമായി. വിവാദത്തിനു ആസ്പദമായ സംഭവം നടന്നത് ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയുടെ സെറ്റിലല്ലെന്നും, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു സംഭവമെന്നും വിനയന്‍ പറയുന്നു. യഥാർഥത്തില്‍ ആ നടി ദിവ്യ ഉണ്ണി അല്ലെന്ന് സമൂഹ മാധ്യമത്തിലൂടെ വിനയൻ വ്യക്തമാക്കി.
വിനയൻ സംവിധാനം ചെയ്ത ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ദിവ്യ ഉണ്ണിക്കെതിരെ ആരോപണം ഉയർന്നത്. മണിയുടെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് ദിവ്യ ഉണ്ണി പറഞ്ഞതായുള്ള വാർത്തകൾ പ്രചരിക്കുകയും നടിക്കു നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
വിനയന്‍ പറയുന്നത്;
‘‘അത് ഈ സിനിമ അല്ല. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പ്രശസ്‌തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. ‘കല്യാണ സൗഗന്ധിക’ത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ‘ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല, എന്റെ ഹീറോ ദിലീപ് ചേട്ടനാണ്’ എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. ദിലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംക്ഷയായി മാത്രമേ അതിനെ കണ്ടിട്ടുള്ളൂ. കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്‌തു.
കലാഭവൻ മണി ‘കല്യാണ സൗഗന്ധിക’ത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, ‘വാസന്തിയും ലക്ഷ്മി’യും എന്ന സിനിമയിലേക്കു നായികയെ അന്വേഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു. വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്.’’- വിനയൻ കുറിച്ചു.
‘മണിച്ചേട്ടനും എനിക്കും ഇതിന്റെ സത്യാവസ്ഥ അറിയാം. ഞാനും മണിച്ചേട്ടനും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണ്. അതിനോട് പ്രതികരിക്കുന്നത് തന്നെ മണിച്ചേട്ടനോടുള്ള അനാദരവാകും.’ എന്നാണ് അന്ന് ദിവ്യ ഉണ്ണി വിവാദത്തെക്കുറിച്ച് പറഞ്ഞിരുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. തന്നോടൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ നടി ദിവ്യ ഉണ്ണി അല്ല എന്ന് കലാഭവൻ മണി തന്നെ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.