ഇന്റർവ്യൂവിനു ചോദിക്കുന്നത് എന്റെ ‘എക്സ്പയറി ഡേറ്റാ’ണ്; ശരീരത്തിന്റെ പാതിയും കവർന്ന കാൻസറിനെ ചിരിയോടെ നേരിടുന്ന ലക്ഷ്മി Lakshmi Jayan's Battle with Breast Cancer
Mail This Article
ബെംഗളൂരുവിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ലക്ഷ്മി ജയൻ ഏഴു വർഷം മുൻപാണ് ഇടതു മാറിലെ മുഴയ്ക്കു ചികിത്സ തേടിയത്. ഫൈബ്രോ അഡിനോമ എന്ന അവസ്ഥയാണെന്നു സ്കാനിങ്ങിൽ മനസ്സിലായതോടെ അപകടകാരി അല്ലെന്നും കാൻസർ കോശങ്ങളില്ല എന്നും ആശ്വസിച്ചിരുന്ന ലക്ഷ്മിയുടെ തലയിൽ എട്ടു മാസത്തിനിപ്പുറം ഇടിത്തീ പോലെ ആ വാർത്ത വന്നു വീണു, ‘മുഴ കാൻസറായെന്നു മാത്രമല്ല, ഇടതു കയ്യിലെ ലിംഫ് നോഡുകളിലേക്കും രോഗം വ്യാപിച്ചിരിക്കുന്നു.’
ബെംഗളൂരുവിലെ ശ്രീശങ്കര കാൻസർ സെന്ററിൽ നടത്തിയ സർജറിയിൽ മുഴയ്ക്കൊപ്പം ഇടതു കൈയ്യിലെ 17 ലിംഫ് നോഡുകളും നീക്കം ചെയ്തു. പിന്നെ 16 കീമോ തെറപിയും ഒരു മാസത്തെ റേഡിയേഷനും. മുടിയൊക്കെ കൊഴിഞ്ഞു മനസ്സുമടുത്ത ലക്ഷ്മി നാട്ടിലേക്കു വണ്ടികയറി. കൊച്ചിയിലെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഭർത്താവിനും മക്കൾക്കുമൊപ്പം തുടർചികിത്സകളോടെ സ്വസ്ഥജീവിതം തുടരുന്നതിനിടെ നാലുവർഷം പുതിയ കമ്പനിയിൽ ജോലിയും ചെയ്തു. പക്ഷേ, 2023ൽ വീണ്ടും മാറിൽ മുഴ കണ്ടു. പിന്നാലെ നടത്തിയ പരിശോധനയിൽ വലതുമാറിലും ഇടതുഭാഗത്തെ എല്ലുകളിലും ശ്വാസകോശത്തിലും കരളിലും പെൽവിസിലും അബ്ഡൊമനിലും അഡ്രീനൽ ഗ്ലാൻഡിലുമൊക്കെ രോഗം വ്യാപിച്ചതിന്റെ സൂചനകൾ കണ്ടു. തലയോട്ടിയിലേക്കും കാൻസർ പടരുന്നതിന്റെ ലക്ഷണങ്ങളുണ്ട്.
ആ കാലഘട്ടമൊക്കെ പേടിയെക്കാൾ വല്ലാത്ത മരവിപ്പിലൂടെയാണു കടന്നുപോയതെന്നു ലക്ഷ്മി പറയുന്നു. ‘‘ആദ്യം മുഴ കണ്ടപ്പോൾ തന്നെ ഓങ്കോളജിസ്റ്റിനെ കാണണമെന്ന അറിവ് ഉണ്ടായിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ സ്തനങ്ങൾ മാത്രം നീക്കം ചെയ്തു രോഗം വ്യാപിക്കുന്നതു പൂർണമായി തടയാമായിരുന്നു.
ലിംഫ് നോഡുകളിലേക്കു വ്യാപിച്ചതാണു രോഗത്തിന്റെ ആക്കം കൂട്ടിയത്. അപ്പോൾ ശരീരത്തിന്റെ ഏതു ഭാഗത്തേക്കും രോഗം പടരാനുള്ള സാധ്യത ഏറി. ശരീരത്തിൽ മുഴ, തടിപ്പ് എന്നിവയ്ക്കൊപ്പം തലവേദന, വേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ ഡോക്ടറെ കാണാൻ ഒട്ടും വൈകരുത്. പുതിയ ജോലിക്കായി ഇന്റർവ്യൂവിനു പോകുമ്പോൾ മാത്രമല്ല എല്ലാവർക്കും അറിയേണ്ടത് എന്രെ എക്സ്പയറി ഡേറ്റാണ്...’’
ലക്ഷ്മിയുടെ കാൻസർ അതിജീവന കഥയും സ്തനാർബുദം നേരത്തേ തിരിച്ചറിയാനും രോഗവ്യാപ്തി കൂടാതിരിക്കാനും ചെയ്യേണ്ട പരിശോധനകളെ കുറിച്ചുള്ള വിദഗ്ധ നിർദേശങ്ങളും പുതിയ ലക്കം വനിതയിൽ വായിക്കാം.
