ADVERTISEMENT

‘വിവാഹത്തോട് വിമുഖത കാണിക്കുന്ന പെൺകുട്ടികൾ... പുരനിറഞ്ഞു നിൽക്കുന്ന ആൺകുട്ടികൾ.’ കഴിഞ്ഞ കുറേ കാലങ്ങളായി നമ്മുടെ സാമൂഹികാന്തരീക്ഷം ഏതാണ്ട് ഇങ്ങനെയാണ്. എത്രയോ രക്ഷിതാക്കളെ നിരാശയിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുന്ന ഈ വിവാഹ പ്രശ്നത്തെക്കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് എഴുത്തുകാരൻ‌ നജീബ് മൂടാടി. പണമോ പഠിപ്പോ ഉദ്യോഗമോ കുടുംബമഹിമയോ ഒന്നും അത്രയെളുപ്പത്തിൽ പെണ്ണ് കിട്ടാനുള്ള വഴിയല്ല. പണ്ടത്തെ ഗൾഫുകാരന്റെയും മറ്റ് ഉന്നത പ്രഫഷണലുളുടെയും വീട്ടിനു മുന്നിൽ കല്യാണാലോചനക്കാരുടെ ക്യൂ ആയിരുന്നെങ്കിൽ ഇന്ന് അത്തരക്കാർക്ക് പെണ്ണുകിട്ടാനാണ് ഏറ്റവും പെടാപ്പാടെന്നു നജീബ് കുറിക്കുന്നു.

‘പെൺകുട്ടികളുടെ എണ്ണം വല്ലാതെ കുറഞ്ഞത് കൊണ്ടല്ല കാര്യങ്ങൾ ഇങ്ങനെ തലകീഴ് മറഞ്ഞത്. പണ്ട് പെണ്മക്കൾ മാതാപിതാക്കൾക്ക് ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് ഒഴിവാക്കേണ്ട ഭാരവും ബാധ്യതയുമായാണ് സമൂഹവും, പല മാതാപിതാക്കളും, അതുകൊണ്ട് തന്നെ ഏറെക്കുറെ പെൺകുട്ടികൾ തന്നെയും കരുതിയിരുന്നത്. പട്ടിണിയും ദാരിദ്ര്യവും കുറെയൊക്കെ ഇല്ലാതാവുകയും മക്കളുടെ എണ്ണം ചുരുങ്ങുകയും പെൺകുട്ടികൾക്ക് സ്വന്തം വീട്ടിലെങ്കിലും നല്ല പരിഗണന ലഭിക്കുകയും സർവ്വോപരി വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും പെൺകുട്ടികൾ ഏറെ മുന്നേറുകയും ചെയ്തതോടെ ചിത്രം മാറി.’– നജീബ് മൂടാടിയുടെ വാക്കുകൾ.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരപം:

'മോന് വയസ്സ് മുപ്പത് കഴിഞ്ഞു.....കല്യാണം ഇതുവരെ ശരിയായിട്ടില്ല....നിങ്ങടെ അറിവിൽ പെൺകുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ'

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ എത്രയോ രക്ഷിതാക്കൾ വളരെ നിരാശയോടെ, സങ്കടത്തോടെ നിങ്ങളോടും ഇതുപോലെ പറഞ്ഞിട്ടുണ്ടാവും.

കുറച്ചു കാലം മുമ്പ് വരെ നമ്മുടെ നാട്ടിൽ ഇങ്ങനെ 'പുരനിറഞ്ഞു നിൽക്കുന്ന' മക്കളെ കുറിച്ചുള്ള ആധി അനുഭവിച്ചിരുന്നത് പെൺകുട്ടികളുടെ രക്ഷിതാക്കളായിരുന്നു.

അതിൽ തന്നെ ഒന്നിലേറെ പെണ്മക്കൾ ഉള്ളവർ അനുഭവിച്ചിരുന്ന വേവലാതി പറഞ്ഞറിയിക്കാൻ പറ്റില്ല.

നല്ലൊരു പയ്യനെ കണ്ടു പിടിക്കാനുള്ള പാട്, സ്ത്രീധനമായി കൊടുക്കേണ്ട പൊന്നും പണവും പറമ്പുമൊക്കെ ഒപ്പിക്കാനുള്ള കഷ്ടപ്പാട്. കല്യാണം കഴിച്ചു വിട്ടാൽ തന്നെ പിന്നെയും നൂറു മാമൂലുകൾ. പെൺവീട്ടുകാരെന്നാൽ എന്തോ 'രണ്ടാം നമ്പർ' ആൾക്കാർ എന്ന മട്ടിൽ പെരുമാറുന്നവരുടെ കാലവും. മക്കളെ കെട്ടിച്ചയച്ച ഭർതൃവീട്ടുകാർക്ക് മുന്നിൽ വിധേയരെ പോലെ നിൽക്കേണ്ട അവസ്‌ഥ. ചുരുക്കി പറഞ്ഞാൽ ഒരു പെൺകുട്ടി വളർന്നു വരും തോറും രക്ഷിതാക്കൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷം ചെറുതല്ല.

ഗൾഫ്പ്രാവാസത്തിന്റെ ഒഴുക്ക് തുടങ്ങിയപ്പോൾ ഏറെക്കുറെ ചെറുപ്പക്കാരും കടൽ കടന്ന് പോവാനുള്ള പ്രധാന കാരണം വീട്ടിലെ പട്ടിണിയും കഷ്ടപ്പാടും മാത്രമല്ല, പെങ്ങന്മാരെ കെട്ടിച്ചു വിടാനുള്ള പൊന്നും പണവും ഉണ്ടാക്കാൻ കൂടിയായിരുന്നു. പഴയ വീട് പുതുക്കി, പെങ്ങന്മാരുടെ കല്യാണം നടത്തി അതിന്റെ കടവും ബാധ്യതകളും തീർന്നു വരുമ്പോഴേക്കും സ്വന്തം പെണ്മക്കൾ വളർന്നു വരുന്നുണ്ടാവും. പിന്നീടുള്ള ജീവിതം മക്കളെ കെട്ടിച്ചു വിടാൻ വേണ്ടിയുള്ള സമ്പാദ്യത്തിനാവും. അങ്ങനെയങ്ങനെ പെങ്ങന്മാരുടെയും പെണ്മക്കളുടെയും കല്യാണം നടത്തി മരുഭൂമിയിൽ ജീവിതം തീർന്നു പോയവരെത്ര.

കല്യാണനിശ്ചയ ദിവസം പൊന്നിന്റെയും പണത്തിന്റെയും തെങ്ങിന്റെയും കണക്ക് പറഞ്ഞ് തെറ്റിപ്പിരിഞ്ഞു പോയ എത്രയെത്ര വിവാഹങ്ങൾ. മുസ്ലിം വിവാഹങ്ങളിൽ 'പുയ്യാപ്ല' നിക്കാഹിന് ഇരിക്കണമെങ്കിൽ പറഞ്ഞ സ്ത്രീധനം ആദ്യം കിട്ടണം എന്ന് പിടിവാശി പിടിച്ച്, കല്യാണത്തിന് വന്നവരിൽ നിന്ന് പിന്നെയും കയ്യിലുള്ളത് നുള്ളിപ്പെറുക്കി വാങ്ങി പണം ഒപ്പിച്ച്‌ കൊടുത്തത് എണ്ണി തിട്ടപ്പെടുത്തി അരയിൽ തിരുകിയ ശേഷം മാത്രം നിക്കാഹിന് സമ്മതം കൊടുത്ത 'പ്രതാപികളായ' എത്രയെത്ര കാരണവന്മാർ. അപമാനിതരായ എത്ര ബാപ്പമാർ. വിവാഹദിവസം മണിയറയിൽ കണ്ണീരോടെ ഇരിക്കേണ്ടി വന്ന എത്ര പെൺകുട്ടികൾ!.

പറയുന്ന പൊന്നും പണവും കൊടുത്താണെങ്കിലും പെണ്മക്കളെ കെട്ടിച്ചയക്കുന്നതോടെ വലിയൊരു ബാധ്യത ഒഴിവായി എന്ന് കരുതുന്ന പെൺകുട്ടികളുടെ മാതാപിതാക്കളും, മകനൊരു കൂട്ട് എന്നതിനപ്പുറം അടുക്കളപ്പണിക്കും മറ്റും സഹായത്തിന് ഒരാളാവുമല്ലോ എന്ന് ചിന്തിക്കുന്ന ആൺകുട്ടികളുടെ മാതാപിതാക്കളുമായിരുന്നു ഏറെയും. സ്വന്തം വിവാഹ തീരുമാനങ്ങളിൽ പെണ്ണായാലും ആണായാലും വലിയ പങ്കൊന്നുമില്ലാഞ്ഞ കാലം കൂടിയായിരുന്നു അത് എന്നതാണ് തമാശ. അതുകൊണ്ട് തന്നെ പറഞ്ഞ പോലെ പൊന്നും പണവും കൊടുത്താണ് കെട്ടിച്ചതെങ്കിലും പെൺകുട്ടിയും അവളുടെ വീട്ടുകാരും ഭർതൃവീട്ടുകാർക്ക് മുന്നിൽ ഒട്ടും വിലയില്ലാത്ത വിനീതവിധേയരായി നിൽക്കേണ്ടി വന്ന കാലം.

അത് ആണിന്റെ കാലമായിരുന്നു. വിവാഹക്കമ്പോളത്തിൽ പെണ്ണ് 'എടുക്കാച്ചരക്ക്' പോലെയും ആണിന് ഏറെ ഡിമാൻഡ് ഉള്ളതുമായ കാലം. മാനസികവിഭ്രാന്തിയോ, ബുദ്ധിപരമായ പ്രശ്നമോ സ്വഭാവദൂഷ്യമോ ഉള്ള ഒരാളുടെ കുഴപ്പങ്ങൾ മാറി നന്നാവാൻ പോലും ഒരു പെണ്ണ് കെട്ടിച്ചാൽ മതി
 എന്ന് ചിന്തിക്കുന്ന ആളുകളുടെ, അതിനായി കഴുത്തു നീട്ടിക്കൊടുക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികളുടെ കൂടി കാലം.

പഴയപോലെയുള്ള വിവേചനമൊക്കെ ഏറെക്കുറെ നേർത്തുപോയെങ്കിലും

കുറഞ്ഞകാലം മുമ്പ് വരെയെങ്കിലും ആൺകുട്ടികൾക്ക് തന്നെയായിരുന്നു വിവാഹ മർക്കറ്റിൽ ഡിമാൻഡ്. എന്നാലിപ്പോൾ ചിത്രം മാറി. ആൺകുട്ടികൾക്ക് പെണ്ണ് കിട്ടാനില്ലാത്ത കാലമായി. പണമോ പഠിപ്പോ ഉദ്യോഗമോ കുടുംബമഹിമയോ ഒന്നും അത്രയെളുപ്പത്തിൽ പെണ്ണ് കിട്ടാനുള്ള വഴിയല്ല. പണ്ടത്തെ ഗൾഫുകാരന്റെ വീട്ടിനു മുന്നിൽ കല്യാണാലോചനക്കാരുടെ ക്യൂ ആയിരുന്നെങ്കിൽ ഇന്ന് ഗൾഫുകാർക്ക് പെണ്ണുകിട്ടാനാണ് ഏറ്റവും പെടാപ്പാട്.

പെൺകുട്ടികളുടെ എണ്ണം വല്ലാതെ കുറഞ്ഞത് കൊണ്ടല്ല കാര്യങ്ങൾ ഇങ്ങനെ തലകീഴ് മറഞ്ഞത്. പണ്ട് പെണ്മക്കൾ മാതാപിതാക്കൾക്ക് ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് ഒഴിവാക്കേണ്ട ഭാരവും ബാധ്യതയുമായാണ് സമൂഹവും, പല മാതാപിതാക്കളും, അതുകൊണ്ട് തന്നെ ഏറെക്കുറെ പെൺകുട്ടികൾ തന്നെയും കരുതിയിരുന്നത്.

പട്ടിണിയും ദാരിദ്ര്യവും കുറെയൊക്കെ ഇല്ലാതാവുകയും മക്കളുടെ എണ്ണം ചുരുങ്ങുകയും പെൺകുട്ടികൾക്ക് സ്വന്തം വീട്ടിലെങ്കിലും നല്ല പരിഗണന ലഭിക്കുകയും സർവ്വോപരി വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും പെൺകുട്ടികൾ ഏറെ മുന്നേറുകയും ചെയ്തതോടെ ചിത്രം മാറി. അടുക്കളക്കപ്പുറം ഒരു ലോകമുണ്ടെന്നും തനിക്കും ഈ ലോകത്ത് എന്തൊക്കെയോ ചെയ്യാനുണ്ടെന്നും ഓരോ പെണ്ണും തിരിച്ചറിഞ്ഞു.

ആണും പെണ്ണും ജീവിക്കുന്നത് തന്നെ കല്യാണം കഴിക്കാനാണ് എന്ന് സമൂഹവും നമ്മുടെ നോവലുകളും സിനിമകളുമൊക്കെ പറഞ്ഞ സങ്കല്പങ്ങളിൽ നിന്ന് മാറി വിദ്യാഭ്യാസവും തൊഴിലും വരുമാനവുമൊക്കെ ആയശേഷം ജീവിതപങ്കാളിയെ കണ്ടെത്തുന്ന ഉയരത്തിലേക്ക് കാര്യങ്ങൾ എത്തി. എടുക്കാചരക്ക് എന്ന സങ്കല്പത്തിൽ നിന്നും പെണ്ണ് പുരുഷന്റെ ജീവിതത്തിൽ ശരിക്കും 'നല്ലപാതി'യാണെന്ന ബോധ്യം വന്നു.

മാതാപിതാക്കൾ കണ്ടെത്തിയാലും അവർക്ക് ഇഷ്ടപ്പെട്ടാലും തനിക്ക് പൊരുത്തപ്പെട്ടുപോവാൻ കഴിയുന്ന, തന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന, താൽപര്യങ്ങളെ മനസ്സിലാക്കുന്ന, പഠനത്തിലായാലും ജോലിയിലായാലും സപ്പോർട്ട് ചെയ്യുന്ന ജീവിതപങ്കാളിയാവണം എന്ന് ഇന്നത്തെ പെൺകുട്ടികൾക്ക് നിർബന്ധമുണ്ട്.

കാലങ്ങൾ കൊണ്ട് ഇങ്ങനെ സമൂഹത്തിലുണ്ടായ ഗുണപരമായ കുറേ മാറ്റങ്ങൾ തന്നെയാണ് പഴയ കാലത്തിൽ നിന്ന് വിപരീതമായി പെൺകുട്ടികൾക്ക് ഡിമാൻഡ് കൂടാൻ കാരണം.

ഇന്ന് മലബാറിലെങ്കിലും സ്ത്രീധനം ആവശ്യപ്പെടുന്ന ഏർപ്പാട് ഏറെക്കുറെ ഇല്ലാതായി എന്ന് പറയാം. ആവശ്യപ്പെടാതെ തന്നെ ജ്വല്ലറി പരസ്യത്തിൽ എന്ന പോലെ അൻപതും നൂറും പവനൊക്കെ കൊടുത്തിരുന്ന ഏർപ്പാടും സ്വർണ്ണത്തിന് പിടിച്ചാൽ കിട്ടാത്ത വിലയേറിയതോടെ കൂടിയാൽ പത്തോ പതിനഞ്ചോ പവൻ കൊടുക്കുന്നതിൽ ഒതുങ്ങി. പത്തുമുപ്പത് വർഷം മുമ്പൊക്കെ ഊഹിക്കാൻ പോലും കഴിയാത്ത മാറ്റമാണിത്. വലിയൊരു നിശ്ശബ്ദ വിപ്ലവം.

കല്യാണം കഴിക്കുന്ന ആളുടെ പെരുമാറ്റത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും കാഴ്ചപ്പാടിനെ കുറിച്ചുമൊക്കെയുള്ള ആശങ്ക പുതിയ തലമുറയിലെ പെൺകുട്ടികൾ വിവാഹത്തെ കുറിച്ച് പറയുമ്പോൾ തന്നെ ഒഴിഞ്ഞു മാറുന്നതിന് കാരണമാവുന്നുണ്ട്. ചേർന്നു പോവാൻ കഴിയാത്ത ആളായാൽ അതല്ലെങ്കിൽ മദ്യം, മയക്കുമരുന്ന്, അടിപിടി തുടങ്ങിയ പ്രശ്നക്കാരൻ ആണെങ്കിൽ പെട്ടുപോവുമോ എന്ന പേടി. വിവാഹാലോചന നടത്തുന്നവരുടെ സോഷ്യൽ മീഡിയ ഇടപെടൽ വരെ നിരീക്ഷിച്ചാണ് പുതിയതലമുറ ആളെ വിലയിരുത്തുന്നത്.

മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ താൽപര്യങ്ങളോ സങ്കല്പങ്ങളോ ആവണം എന്നില്ല പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ജീവിതപങ്കാളിയെ കുറിച്ച്. മാതാപിതാക്കൾക്ക് അത് കൃത്യമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും സാധിക്കണമെന്നില്ല. ഇങ്ങനെ കുറെ ആശയക്കുഴപ്പങ്ങളിലൂടെ കൂടിയാണ് ഓരോ പെൺകുട്ടിയും വിവാഹാന്വേഷണ സമയത്ത്‌ കടന്നുപോകുന്നത്.

കണ്ടിഷ്ടപ്പെട്ട, പറഞ്ഞുറപ്പിച്ച പല വിവാഹങ്ങളും കുറഞ്ഞ നാളത്തെ ഫോൺ വിളികളോ ചാറ്റോ കഴിഞ്ഞപ്പോൾ പെണ്ണ് വേണ്ടെന്ന് വെച്ചു എന്നത് ഇപ്പോൾ സ്ഥിരമായി കേൾക്കുന്നതാണ്. പൊരുത്തപ്പെട്ടു പോവാനാവില്ല എന്ന തിരിച്ചറിവ് കൊണ്ടാണ് ഏറെയും ഇങ്ങനെ പെൺകുട്ടി വേണ്ടെന്ന് വെക്കുന്നത്. അവർ പറയുന്ന കാരണങ്ങൾ മുതിർന്നവർക്ക് അത്ര ഗൗരവമായി തോന്നണം എന്നില്ല. ഇങ്ങനെയുള്ള ചില തെറ്റിപ്പിരിയലുകളുടെ കാരണം പരിശോധിച്ചാൽ പലതും അത്ര ഗൗരവമുള്ള വിഷയങ്ങൾ ആവണം എന്നുമില്ല. എങ്കിലും ഭാവിയിൽ തങ്ങളുടെ സ്വാസ്ഥ്യം നശിപ്പിക്കുന്ന ഒന്നാവരുത് വിവാഹം എന്ന് പെൺകുട്ടികൾക്ക് നിർബന്ധമുണ്ട്. ഈ ആശങ്കകൾ കൊണ്ട് വിവാഹമേ വേണ്ട എന്ന് വെക്കുന്ന പെൺകുട്ടികളുമുണ്ട്.

നമ്മുടെ നാട്ടിൽ നിന്ന് വിദേശത്തു പോയി പഠിക്കുന്നതിൽ 54 ശതമാനത്തിലേറെ പെൺകുട്ടികളാണ് എന്നാണ് പുതിയ കണക്കുകൾ. ജോലിയിലും വിദേശം സ്വപ്നം കാണുന്നവരാണ് പുതിയ തലമുറ പെൺകുട്ടികളിൽ ഏറെ. അവരുടെ സ്വപ്‌നങ്ങളോളം വളരാൻ ആൺകുട്ടികൾക്ക് സാധിക്കുന്നോ എന്നൊരു ചോദ്യം കൂടിയുണ്ട്.

കാരണങ്ങൾ എന്തൊക്കെയായാലും പെണ്ണ് കിട്ടാതെ 'പുരനിറഞ്ഞു' നിൽക്കുന്ന ചെറുപ്പക്കാരുടെയും, അതു കാരണം ആധിയും വേവലാതിയും ഏറി വരുന്ന മാതാപിതാക്കളുടെയും എണ്ണം കൂടിക്കൂടി വരികയാണ് എന്നതൊരു പരമാർത്ഥമാണ്.

(✍️ നജീബ് മൂടാടി)

ADVERTISEMENT