‘നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടുമായിരുന്നല്ലോ’: തുറിച്ചു നോട്ടങ്ങളെ താണ്ടി അവരുടെ പ്രണയം: നിമ്യയെന്നാൽ ആത്മവിശ്വാസം Nimya Manoj: Redefining beauty standards

Mail This Article
‘എന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കൂ...’
വിവാഹ ചടങ്ങുകളിൽ, ബസ് യാത്രയിൽ, പൊതുയിടങ്ങളിൽ എന്നു വേണ്ട നാലാള് കൂടുന്ന ഇടങ്ങളിൽ അവളെ കണ്ടാൽ എത്തും നാട്ടാരുടെ പാളിനോട്ടങ്ങൾ. നേരമൊരിത്തിരി കൂടി കിട്ടിയാൽ പിന്നെ തുറിച്ചു നോട്ടങ്ങളായി. സംസാരിക്കാനിത്തിരി ഇടം കിട്ടിയാലോ പിന്നെ പറയുകയേ വേണ്ട. നൂറു ചോദ്യങ്ങളാണ്.
‘ഈ വല്യ മറുക്... അതെന്തു പറ്റിയതാ കുട്ട്യേ... വീണതാണോ, പൊള്ളിയതാണോ ഇനി അതല്ല വല്ല ദോഷവുമാണോ?’
കാസർഗോഡ് കാഞ്ഞങ്ങട്ടുകാരിയായ നിമ്യ മനോജിന്റെ നാളിതുവരെയുള്ള ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇജ്ജാതി ചോദ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. കുത്തിനോവിക്കുന്ന തുറിച്ചു നോട്ടങ്ങൾ വേറെയും. അപകർഷതാബോധത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുമാറുള്ള ഇത്തരം സംശയാലുക്കളോട് നിറചിരിയോടെ അവളാ വാക്കുകൾ ആവർത്തിക്കും.
‘എന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കൂ...’
ഇത്തിരിപ്പൊട്ടിന്റെ വലുപ്പത്തിലൊരു മറുകു വന്നാൽ പോലും ബ്യൂട്ടി പേജുകളില്‍ തുടങ്ങി പ്ലാസ്റ്റിക് സർജനില്‍ വരെ അഭയം തേടുന്ന സൗന്ദര്യ ബോധങ്ങളുടെ കാലത്ത് ഇതാ ഒരു പെൺകുട്ടി. മുഖത്ത് പടർന്നു കയറിയ പാടിനെ വ്യക്തിത്വത്തിന്റെ അടയാളമാക്കി പുഞ്ചിരി കൊണ്ട് മറുപടി പറയുന്ന മുപ്പത്തിമൂന്നുകാരി. അപകർഷതാബോധങ്ങളെയും കൂരമ്പു തോൽക്കുന്ന കുത്തുവാക്കുകളെയും പടിക്കു പുറത്തു നിർത്തുന്ന ആത്മവിശ്വാസത്തിന്റെ മറുമുഖം. സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുന്ന ആ വൈറൽ ഫൊട്ടോ ഷൂട്ടിനെകുറിച്ചും ജീവിതം പഠിപ്പിച്ച ആത്മവിശ്വാസത്തിന്റെ പാഠങ്ങളെക്കുറിച്ചും നിമ്യ ഇതാദ്യമായി ഒരു മാധ്യമത്തോട് മനസുതുറക്കുന്നു.
ജീവിതത്തിന്റെ അടയാളം
‘നമ്മൾ ജീവിക്കുന്ന ജീവിതം നമ്മുടേതു മാത്രമാണെന്നല്ലേ പറയാറ്. പക്ഷേ സമൂഹത്തിലേക്കിറങ്ങുമ്പോള്‍ മനസിലാകും. മറ്റുപലരും ഏച്ചുകെട്ടി വച്ചിരിക്കുന്ന തിയറികളിലും മുൻവിധികളിലും ശാസനങ്ങളിലുമായിരിക്കും ഇത്തിരിയുള്ള നമ്മുടെ ജീവിതം നാം ജീവിച്ചു തീർക്കുന്നത്. എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം ഇത്തിരി കൂടുതലായിരുന്നു. ജന്മനാ മുഖത്ത് തെളിഞ്ഞൊരു പാട്. ബാല്യ കൗമാരങ്ങളിൽ എനിക്കൊപ്പം ആ ആ പാടും പടർന്നു കയറിയപ്പോൾ മേൽപറഞ്ഞ ചോദ്യങ്ങളും ശാസനകളും ഇരട്ടിയായി തുടങ്ങി. ആ കഥയാണ് എനിക്കും പറയാനുള്ളത്.’– നിമ്യ വനിത ഓൺലൈനോടു സംസാരിച്ചു തുടങ്ങുകയാണ്.

അച്ഛൻ ബാലകൃഷ്ണൻ ഹോട്ടൽ തൊഴിലാളിയായിരുന്നു. അമ്മ ബേബി തൊഴിലുറപ്പ് ജോലിക്ക് പോകുന്നു. കുടുംബത്തിൽ ഞാനുൾപ്പെടെ 5 പെൺമക്കളാണ്. ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതു പോലെ നിറമുള്ളതായിരുന്നില്ലെങ്കിലും ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞു പോന്നു. 5 പെൺമക്കളിൽ നാലാമത്തെ പെൺകൊടിയായിരുന്നു ഞാൻ. മുഖത്തു തെളിഞ്ഞുകണ്ട രണ്ട് കുഞ്ഞൻ വരകളിൽ നിന്നായിരുന്നു എന്റെ കഥയുടെ തുടക്കം. കുറുമ്പുകൾ നിറഞ്ഞ ബാല്യത്തിൽ അതു വലുതാകുന്നതു കണ്ടപ്പോൾ വീട്ടുകാർ കരുതിയത് എന്റെ നഖം കൊണ്ട് പോറിയതാകാം എന്നാണ്. ആദ്യമൊന്നും ആശുപത്രിയിൽ പോലും കാണിക്കാതിരുന്നതും ഇക്കാരണം കൊണ്ടാണ്. പക്ഷേ കഥയിലെ വില്ലൻ നഖമോ എന്റെ ‘ബാല്യകാല സംഘട്ടനങ്ങളോ’ അല്ലാ എന്നു മനസിലാക്കയപ്പോൾ വീട്ടുകാർ ആശുപത്രിയിലേക്ക് പോയി. ഈ പടർന്നു കയറുന്ന മറുക് ഇനിയങ്ങോട്ട് എന്റെ ജീവിതത്തിൽ ഉണ്ടാകും എന്ന വിധിയെഴുത്താണ് ഡോക്ടർമാർക്ക് പറയാനുണ്ടായിരുന്നത്. മരുന്നുകൾ കൊണ്ട് നിൽക്കാത്ത മറുകിന് അവസാന പ്രതിവിധിയായി ഡോക്ടർമാർ കണ്ടത് പ്ലാസ്റ്റിക് സർജറി! അതും ഞാൻ മുതിർന്നതിനു ശേഷംമാത്രം എടുക്കേണ്ടുന്ന തീരുമാനം.
ഇതിനിടെ വീട്ടുകാരും ബന്ധുക്കളും രക്തചന്ദനവും കസ്തൂരി മഞ്ഞളും അടങ്ങുന്ന നാട്ടുമരുന്നു പരീക്ഷണങ്ങളുമായെത്തി. പക്ഷേ മുഖത്ത് തെളിഞ്ഞു നിന്ന മറുക് തോറ്റുപിൻമാറിയതേയില്ല. അങ്ങനെ വർഷങ്ങൾ കടന്നു പോയി. അറിയാവുന്ന പ്രായത്തിൽ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു, ഈ മറുക് വെറുമൊരു അടയാളമല്ല ജീവിതത്തിന്റെ തന്നെ അടയാളമാണെന്ന്.

ഇങ്ങോട്ട് നോക്കേണ്ട കണ്ണുകളേ...
ജീവിതം നൽകിയ ഈ അടയാളത്തെക്കുറിച്ച് യാതൊരു വിധ അപകർഷതാ ബോധവും എനിക്കില്ലായിരുന്നു. മാത്രമല്ല, എന്തു വന്നാലും പ്ലാസ്റ്റിക് സർജറി ചെയ്യില്ലെന്നും ഞാനുറപ്പിച്ചിരുന്നു. പക്ഷേ പഠിക്കുന്ന സമയങ്ങളിലും പുറത്തേക്ക് പോകുന്ന അവസരങ്ങളിലും നേരിട്ട ചോദ്യങ്ങളും തുറിച്ചു നോട്ടങ്ങളും വല്ലാത്ത ട്രോമയാണ് നൽകിയത്. പൊള്ളിയതാണോ, അപകടത്തിൽ പറ്റിയതാണോ ഇനി അതല്ല ദോഷമാണോ എന്നു വരെ ചോദിച്ച് ആൾക്കാർ പിന്നാലെ കൂടും. പഠിക്കുന്ന അവസരങ്ങളിൽ ഞാനായിട്ട് ഒന്നിൽ നിന്നും മാറി നിന്നിട്ടില്ല. പക്ഷേ സുഹൃത്തുക്കളിൽ നിന്നൊക്കെ എന്തോ ഒരു അകൽച്ച എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ‘വളർന്നു വരുന്ന ഒരു പെൺകുട്ടിയല്ലേ... നല്ലൊരു ചെക്കനെ കിട്ടോ, ജീവിതം എങ്ങനാ എന്നൊക്കെ പറഞ്ഞവരും ഏറെ.’ അവരുടെ കണ്ണിൽ അതൊക്കെ ആശ്വാസവാക്കാണ്, പക്ഷേ കേൾക്കുന്ന ഞങ്ങൾക്ക് അതെല്ലാം ഒന്നാന്തരം കുത്തുവാക്കാണ്.

മനസുകണ്ട പ്രണയം
തുറിച്ചു നോട്ടങ്ങളുടെയും പരിഹാസങ്ങളുടെയും കാലത്ത് ഈ യൂണിവേഴ്സ് നമുക്കായി ഒരാളെ കരുതി വയ്ക്കും. അങ്ങനെ എന്റെ ജീവിതത്തിലേക്ക് ഒരാളെ ഈ കാലം കരുതിവച്ചു. മനോജേട്ടൻ... എന്റെ എല്ലാമെല്ലാമായ ഭർത്താവ്. ബാലസംഘം മുതലുള്ള പരിചയമാണ് മനോജേട്ടനുമായി. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയ നിമിഷത്തിൽ ചിലരെങ്കിലും ചോദിക്കുന്ന ക്ലീഷേ ഡയലോഗ് ഞാനും പറഞ്ഞു. ‘ചേട്ടന് എന്നെക്കാളും നല്ലൊരു പെണ്ണിനെ കിട്ടില്ലേ...’ എന്ന്. ഒന്നും നാട്ടാരെ ബോധിപ്പിച്ച് ശീലമില്ലാത്ത ആ മനുഷ്യന്ന് മറുകല്ല, എന്റെ ചിരിയായിരുന്നു ഇഷ്ടപ്പെട്ടതത്രേ. കൂടെയൊരു മാസ് ഡയലോഗും. നീ ഓ.കെ ആണെങ്കിൽ ഞാൻ വീട്ടിൽ വന്ന് ആലോചിക്കും എന്നും പറഞ്ഞു. അങ്ങനെ വീട്ടുകാരുടെ ആശീർവാദത്തോടെ ഞങ്ങളുടെ കല്യാണം 2015ൽ കഴിഞ്ഞു. വിവാഹ സദസിലും മനഃസമാധാനം ഇല്ലാത്ത ഒരു കൂട്ടം എത്തിയിരുന്നു എന്നു ഞാൻ പിന്നീട് അറിഞ്ഞു. ‘നിനക്ക് ഇതിനെക്കാളും നല്ല പെണ്ണിനെ കിട്ടുമായിരുന്നില്ലേ മോനേ...’ എന്ന് പറഞ്ഞവർ ഉണ്ടായിരുന്നത്രേ. അവരോടൊക്കെ ‘നാട്ടുകാരെ ബോധിപ്പിക്കാനല്ല, എനിക്ക് ഇഷ്ടമുള്ള പെണ്ണിനെ ഞാൻ കെട്ടുന്നു അത്ര തന്നെ’ എന്ന് കക്ഷി മറുപടി പറഞ്ഞു. സന്തോഷങ്ങളുടെ ഈ ജീവതത്തിൽ ഞങ്ങൾക്ക് കൂട്ടായി രണ്ടു പേര്‍ കൂടിയുണ്ട്. മകന്‍ അലൻ മനോജും മകൾ ആംഗ്ലിൻ മനോജും. മനോജേട്ടൻ പെയിന്റിങ് തൊഴിലാളിയും പെയിന്റിങ് ആർട്ടിസ്റ്റുമാണ്.

ചിരിയഴകിൽ ഫൊട്ടോഷൂട്ട്
കാസർഗോഡ് ഒരു സഹകരണ ബാങ്കില്‍ ഡെയിലി കലക്ഷൻ ഏജന്റായി ജോലി നോക്കവേയാണ് ഒരു കോൾ വരുന്നത്. ബാങ്കിന് അടുത്തുള്ള ഇൻസൈറ്റ് സ്റ്റുഡിയോയിലെ ശബരി ചേട്ടന്റെ കോൾ. ഫൊട്ടോഗ്രഫിയിലെ പുലിയാണ് കക്ഷി. മഹിമ നമ്പ്യാർ അടക്കമുള്ള താരങ്ങളുടെ ഫൊട്ടോ ഷൂട്ടൊക്കെ ചെയ്തിട്ടുണ്ട്. ഒരു ഫൊട്ടോഷൂട്ട് ചെയ്താലോ എന്ന് ശബരി ചേട്ടന്‍ ചോദിക്കുമ്പോൾ ഞാൻ ഞെട്ടി. ഒരു ടെൻഷനും വേണ്ട ആ ചിരിയും ആത്മവിശ്വാസവുമയി ഇങ്ങ് പോന്നാൽ മതിയെന്ന് പുള്ളി പറഞ്ഞു. സംഭവമറിഞ്ഞ് ‘നിന്നെ തന്നെയാണോ വിളിച്ചേ... ശബരിക്ക് ആള് മാറി പോയിട്ടില്ലല്ലോ എന്നു പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ടേ...’ സംഭവം മനോജേട്ടനെ അറിയിച്ചപ്പോൾ പലരും കുറ്റം പറഞ്ഞ സ്ഥിതിക്ക് നീ എന്തായാലും ഫൊട്ടോഷൂട്ടിന് പോണം എന്ന് അദ്ദേഹം പറഞ്ഞു.’ അങ്ങനെയാണ് ചിരിയും ആത്മവിശ്വാസവും സമം ചേർന്ന എന്റെ ആ ഫൊട്ടോഷൂട്ട് ജനിക്കുന്നത്. ചെറിയ ജീവിതം നൽകിയ വലിയ സന്തോഷങ്ങളിൽ ഒന്ന്.

ഇതെല്ലാം സംഭവിക്കുമ്പോഴും തുറിച്ചു നോട്ടങ്ങളും സ്കാൻ ചെയ്യുന്ന പരിഹാസ–സഹതാപ കമ്മിറ്റിക്കാരും നമുക്കു ചുറ്റുമുണ്ട്. എന്റെ ജീവിതം ആരെയും ബോധിപ്പിക്കാനല്ലാത്തതു കൊണ്ട് അതൊന്നും മൈൻഡാക്കുന്നില്ല. ചിറകുപോലെ ചേർന്നിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരുള്ളപ്പോൾ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.– നിമ്യ പറഞ്ഞു നിർത്തി.