വിഷാദം. മൂഡ് സ്വിങ്സ് തുടങ്ങിയ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. സ്ത്രീകളുടെ മാനസികാരോഗ്യം മുൻനിർത്തിയുള്ള ഇത്തരം പ്രശ്നങ്ങളെ ലഘൂകരിച്ച് ഒരു വിഭാഗം എത്തിയതും വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. ഇപ്പോഴിതാ വിഷയത്തിൽ ശ്രദ്ധേയമായ ശ്രദ്ധേയമായ പ്രതികരണം പങ്കുവയ്ക്കുകയാണ് ഡോ. സൗമ്യ സരിന്‍. ഡിപ്രെഷന്‍ എന്ന വാക്ക് ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഒരു തമാശയാണെന്നും സ്വയം അതനുഭവിച്ചാലോ പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെട്ടാലോ ആണ് അതിന്റെ ആഴം മനസിലാകുകയുള്ളുവെന്ന് സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഡിപ്രെഷൻ എന്ന വാക്ക് ബഹുഭൂരിപക്ഷം ആളുകൾക്കും ഒരു തമാശയാണ്...ഒന്നുകിൽ സ്വയം അതനുഭവിക്കണം...അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെടണം...എങ്കിലേ ആ വാക്കിന്റെ ശെരിക്കുമുള്ള ആഴം നമ്മൾ മനസ്സിലാക്കൂ...അറിവില്ലാത്ത പക്ഷം ഏറ്റവും കുറഞ്ഞത് അതിനെ പറ്റി പറഞ്ഞു പരിഹസിച്ചു അട്ടഹസിക്കാതിരിക്കാനുള്ള വകതിരിവ് എങ്കിലും കാണിക്കാം നമുക്ക്... വിഷാദം ഒരു വെറും വാക്കല്ല! മൂഡ് സ്വിങ്സ് ഒരു വെറും വാക്കല്ല!’– ഡോ. സൗമ്യയുടെ കുറിപ്പ് ഇങ്ങനെ പോകുന്നു.
‘പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളും’ എന്ന നടി കൃഷ്ണപ്രഭയുടെ പ്രസ്താവനയ്ക്കെതിരെ സൈബറിടത്തിൽ പ്രതിഷേധം പുകയുമ്പോഴാണ് ഡോ. സൗമ്യയുടെ മറുപടി.
‘ആളുകളുടെ വലിയ പ്രശ്‌നമായി കേള്‍ക്കുന്നത് ഓവര്‍ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ. മൂഡ് സ്വിങ്സ് എന്നൊക്കെ. ഞങ്ങള്‍ തമാശയ്ക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍. പുതിയ പേരിട്ടു.' എന്നായിരുന്നു കൃഷ്ണപ്രഭയുടെ പ്രതികരണം.
അതേസമയം മൂഡ് സ്വിങ്‌സുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറ്റപ്പെടുത്തി പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂര്‍ രംഗത്തെത്തിയതും വലിയ വിവാദമായി. . സ്ത്രീകള്‍ക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു അഭിഷാദിന്റെ പരാമര്‍ശം.
'സ്ത്രീകള്‍ക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാര്‍ക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം', അഭിഷാദ് പറഞ്ഞു.