‘‘എന്നേക്കാൾ മൂന്നിരട്ടി നീളമുണ്ട്, വാലിൽ പിടിച്ചാൽ പോലും ഈസിയായി തിരിഞ്ഞുവന്ന് ആക്രമിക്കാം’’; രാജവെമ്പാലയെ റെസ്ക്യൂ ചെയ്ത കഥയുടെ ഫ്ലാഷ്ബാക് പറഞ്ഞു രോഷ്നി Roshni: The Viral Rescue of a King Cobra

Mail This Article
കാടിനോടു ചേർന്ന ചെറിയ അരുവിയിലെ പാറയ്ക്കു മുകളിൽ പതിനെട്ടടി നീളമുള്ള ഉഗ്രൻ രാജവെമ്പാല. ഹുക്കിൽ കോർത്ത ബാഗിലേക്കു രോഷ്നി രാജവെമ്പാലയെ കയറ്റുന്നതു കണ്ടു ജനക്കൂട്ടം കയ്യടിച്ചു കൊണ്ടു പറഞ്ഞു, ‘നിസ്സാ... രം.’ ആരോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ച ആ വിഡിയോ വൈറൽ ആയി. ഷെയർ ചെയ്തവരുടെ കൂട്ടത്തിൽ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ വരെ. വിഡിയോ ഷെയർ ചെയ്ത പോസ്റ്റിനൊപ്പം സച്ചിൻ എഴുതി. ‘രോഷ്നി, ഗ്രേസ്ഫുൾ, കറേജ്യസ്...’
‘‘ജീവിതത്തിലാദ്യമായി രാജവെമ്പാലയെ ലൈവായി കാണുന്നത് അന്നാണ്. എന്നേക്കാൾ മൂന്നിരട്ടി നീളമുണ്ട്, വാലിൽ പിടിച്ചാൽ പോലും ഈസിയായി തിരിഞ്ഞു വന്ന് ആക്രമിക്കാം. അത്ര ആക്രമണസ്വഭാവം കാണിക്കാത്ത ഇനമാണു രാജവെമ്പാല എന്ന ധൈര്യത്തിലാണു റെസ്ക്യൂ തുടങ്ങിയത്. വെള്ളത്തിൽ, ഒരു കയ്യിൽ നനഞ്ഞ ബാഗും മറുകയ്യിൽ പാമ്പുമായി കുറച്ചു പ്രയാസപ്പെട്ടെങ്കിലും ആറു മിനിറ്റ് നാലു സെക്കൻഡിൽ ദൗത്യം പൂർത്തിയാക്കി.’’ രോഷ്നിയുടെ വാക്കുകളിൽ അഭിമാനം.

വീട്ടിലെ പെൺകുട്ടികൾ
പെണ്ണെന്ന കാരണത്താൽ രാജവെമ്പാലയെ പിടിക്കുന്ന കാര്യത്തില്‍ പലരും മാറ്റിനിർത്തിയെങ്കിലും വീട്ടിലെ വനിതാ ബറ്റാലിയൻ എല്ലാ പിന്തുണയും നൽകി കൂടെ നിന്നെന്നു രോഷ്നി പറയുന്നു. ‘‘തിരുവനന്തപുരം, നെടുമങ്ങാട് മൂഴിയിലാണു വീട്. അച്ഛൻ സോമശേഖരൻ നായർക്കും അമ്മ ഗിരിജാദേവിക്കും ഞങ്ങൾ മൂന്നു പെൺമക്കളാണ്. ചേച്ചിമാരായ രശ്മിയും രാഖിയും ഞാനും സ്കൂൾ കാലം മുതൽ എല്ലാ കാര്യത്തിലും ആക്ടീവ് ആയിരുന്നു.
നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ്ടു പാസ്സാകുന്നതിനിടെ പദ്യപാരായണം മുതൽ നാടകം വരെയായി സ്റ്റേജിൽ നിറഞ്ഞു, സ്കൂൾ ലീഡറുമായി. ഗൈഡ്സ് അംഗമായിരുന്നതു കൂടാതെ ബോൾ ബാഡ്മിന്റൻ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. ബിഎസ്‌സി ബോട്ടണി പാസ്സായ പിറകേ ദൂരദർശനിൽ അനൗൺസറായി ജോലി കിട്ടി, പിന്നെ ആകാശവാണിയിൽ പ്രൊഡക‌്‌ഷൻ അസിസ്റ്റന്റ്.
ഇതിനിടെ വിവാഹം കഴിഞ്ഞു. പിന്നെയാണു സർക്കാർ ജോലി വേണമെന്ന മോഹം തുടങ്ങിയത്. അപ്പോഴേക്കും ചേച്ചിമാർക്കു രണ്ടുപേർക്കും സഹകരണ വകുപ്പിലും പൊല്യൂഷൻ കൺട്രോൾ ബോർഡിലും ജോലി കിട്ടിയിരുന്നു.’’
ധൈര്യപൂർവം മുന്നിൽ
‘‘2014ൽ പിഎസ്‌സി പരീക്ഷയ്ക്കു ശ്രമം തുടങ്ങിയ സമയത്താണു വനംവകുപ്പിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫിസർ നോട്ടിഫിക്കേഷൻ കണ്ടത്. യൂണിഫോം ജോലികളോടുള്ള ഇഷ്ടവും കിരൺ ബേദിയോടുള്ള ആരാധനയും കാരണം അപേക്ഷിച്ചു. 2017ൽ നിയമനം കിട്ടി. രണ്ടു വർഷം കഴിഞ്ഞാണു പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നതിനുള്ള ലൈസൻസ് നൽകി തുടങ്ങിയത്. ട്രെയ്നിങ്ങിൽ പാമ്പുകളെ കുറിച്ചുള്ള അവതരണം കണ്ടപ്പോഴാണു ചേരയെയും മൂർഖനെയും പോലും വേർതിരിച്ചറിയില്ല എന്നു മനസ്സിലായത്.
ആ സെഷനിൽ വച്ചു റെസ്ക്യൂ ചെയ്യാനുള്ള ടാസ്ക് കിട്ടി. പാമ്പിനെ ഹുക്കു കൊണ്ടെടുത്തു മാളം പോലെ തോന്നിപ്പിക്കുന്ന പിവിസി പൈപ്പിലേക്കു പിടിപ്പിച്ച ബാഗിലാക്കുന്നതാണു ജോലി. മൂർഖൻ പാമ്പിനെ മൂന്നു മിനിറ്റിനുള്ളിൽ പിടികൂടിയത് അഭിനന്ദനങ്ങൾ നേടിത്തന്നു. സർട്ടിഫിക്കറ്റും അഞ്ചു വർഷത്തേക്കു പാമ്പിനെ പിടിക്കാനുള്ള ലൈസൻസും റെസ്ക്യൂ ഉപകരണങ്ങളുടെ കിറ്റും കിട്ടി.
കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടാനാണ് ആദ്യത്തെ വിളിയെത്തിയത്. ഭർത്താവിനെയും കൂട്ടിയാണു പോയത്. കുറച്ചു ദിവസത്തിനു ശേഷം രാത്രി മൂർഖൻ പാമ്പിനെ പിടികൂടാൻ വിളി വന്നു. അന്നു വീട്ടിൽ പറയാതെ പോയി. രണ്ടും നന്നായി പൂർത്തിയാക്കിയതോടെ ആത്മവിശ്വാസം വന്നു. പിന്നെ വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമിലേക്കു മാറ്റം ചോദിച്ചു വാങ്ങി.
ആയിരത്തോളം പാമ്പുകളെ ഇതുവരെ റെസ്ക്യൂ ചെയ്തിട്ടുണ്ട്. ചേര, നീർക്കോലി, ചുരുട്ട, വില്ലൂന്നി, നാഗത്താ ൻ എന്നിങ്ങനെ വിഷമില്ലാത്ത പാമ്പുകളും മൂർഖൻ, അണലി, കോമൺ ക്രെയ്റ്റ് (വെള്ളിക്കെട്ടൻ), രാജവെമ്പാല എ ന്നിങ്ങനെ വിഷമേറിയ ഇനങ്ങളും കൂട്ടത്തിലുണ്ട്. കിണറ്റിൽ നിന്നു വരെ പാമ്പിനെ പിടിച്ചിട്ടുണ്ട്. ഒരിക്കൽ പറമ്പു വൃത്തിയാക്കുന്നതിനിടയിൽ ജെസിബിയുടെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ റെസ്ക്യൂ ചെയ്തു. വിഷമില്ലെങ്കിലും കരുത്തനാണു പെരുമ്പാമ്പ്. രണ്ടു മണിക്കൂറോളം വേണ്ടി വന്നു അന്നവനെ ബാഗിലാക്കാൻ.’’

സ്വപ്നം കണ്ട റെസ്ക്യൂ
‘‘ഏറ്റവും കൂടുതൽ പിടികൂടിയിട്ടുള്ളതു മൂർഖനെയാണ്. റെസ്ക്യൂ ചെയ്യുമ്പോൾ വലിയ കരുതൽ വേണ്ട ഇനമാണ് അണലി. 360 ഡിഗ്രി തിരിഞ്ഞു ചാടിക്കടിക്കാൻ തക്ക ചടുലമായ പ്രതികരണങ്ങളുണ്ട്. ആന്തരിക രക്തസ്രാവം വരെ ഉണ്ടാക്കാൻ ശേഷിയുള്ളതാണ് അണലി വിഷം. അത്ര സാധാരണമല്ലെങ്കിലും രാജവെമ്പാല കടിച്ചാൽ 15 മിനിറ്റിനുള്ളിൽ മരിക്കും, അതിനുള്ള ആന്റി വെനം ഇന്ത്യയിലില്ല.
റെസ്ക്യൂവിനു പോകുമ്പോൾ മിക്കവാറും യൂണിഫോമിലായിരിക്കും, ഷൂ നിർബന്ധം. ഹുക്കും ബാഗും പൈപ്പും കയ്യിലുണ്ടാകും. ഇക്കാലത്തിനിടെ ഒരു വട്ടമേ പാമ്പുകടിയേറ്റിട്ടുള്ളൂ. പെരുമ്പാമ്പിനെ റെസ്ക്യൂ ചെയ്തു ചാക്കിലാക്കുന്നതിനിടെ ചെറിയൊരു കടി. വിഷമില്ലെങ്കിലും കടിച്ചുപറിച്ചതു പോലെ മുറിവുണ്ടാകും പെരുമ്പാമ്പ് കടിച്ചാൽ.
രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എ ന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്, സത്യമാണത്. മുൻപ് ഒന്നുരണ്ടു തവണ അവസരം വന്നെങ്കിലും സ്ത്രീകൾക്ക് അതു പറ്റില്ല എന്നു പറഞ്ഞ് ഒഴിവാക്കി. ആ വിഷമം ഉള്ളിലൊതുക്കി ഇരിക്കുന്നതിനിടെയാണു മരുതുമ്മൂട്ടിൽ നിന്ന് ആ വിളി വന്നത്. നാട്ടുകാർ കുളിക്കാനിറങ്ങുന്ന ചെറിയ അരുവിയിൽ പാറയുടെ പുറത്താണു രാജവെമ്പാല കിടക്കുന്നത്.
വെള്ളത്തിലേക്കു പിടിച്ചിട്ട്, ഒരു കയ്യിൽ നനഞ്ഞ ബാഗും മറുകയ്യിൽ പാമ്പുമായി അൽപം ബുദ്ധിമുട്ടിയെങ്കിലും പതിയെ കരയിൽ കയറ്റി കക്ഷിയെ ബാഗിലാക്കി. ആറു മിനിറ്റും നാലു സെക്കൻഡും കൊണ്ടാണു ടാസ്ക് പൂർത്തിയാക്കിയത്. വിഡിയോ വൈറലായതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങളെത്തി.
അന്നുതന്നെ വനത്തിനുള്ളിൽ റിലീസ് ചെയ്ത രാജവെമ്പാല ഇക്കാര്യമൊന്നും അറിഞ്ഞുകാണില്ലെന്നു പറഞ്ഞു ഭർത്താവും മക്കളും കളിയാക്കും. സഹകരണ വകുപ്പിൽ സ്പെഷൽ ഗ്രേഡ് ഇൻസ്പെക്ടറായ ഭർത്താവ് സജിത് കുമാറും പ്ലസ് വണ്ണിനും എട്ടാം ക്ലാസ്സിലും പഠിക്കുന്ന മക്കൾ ദേവനാരായണനും സൂര്യനാരായണനും ഫുള്‍ സപ്പോർട്ടോടെ കൂടെയുണ്ട്. വൈറലായ വിഡിയോക്കു ഭൂരിഭാഗവും നല്ല കമന്റിടുമ്പോൾ കുറ്റം കണ്ടെത്തുന്ന ചിലരുണ്ട്. സ്ത്രീകൾ ഇത്തരം ജോലി ചെയ്യുമ്പോൾ അടച്ചാക്ഷേപിക്കാനും മോശക്കാരിയാക്കാനും കമന്റിടുന്നവരോട് ഒന്നേ പറയാനുള്ളൂ. പാമ്പുപിടുത്ത ലൈസൻസ് ആർക്കു വേണമെങ്കിലും എടുക്കാം. നിങ്ങളും അതിനു പരിശ്രമിക്കണം.’’