ADVERTISEMENT

കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റ് കുറച്ച് ആലങ്കാരികമായി പറഞ്ഞാൽ മിനി മട്ടാഞ്ചേരിയാണ്. മുൻപ് ഇവിടെ നാനൂറിലേറെ ഗുജറാത്തി കുടുംബങ്ങൾ താമസിച്ചിരുന്നു. ഇന്ന് അവ നൂറിൽ താഴെയായി ചുരുങ്ങിയെങ്കിലും ദീപാവലി ആഘോഷങ്ങളുടെ തിളക്കവും പൊലിമയും ഒട്ടും കുറഞ്ഞിട്ടില്ലെന്നു മൂന്നു തലമുറയ്ക്കു മുൻപേ കോഴിക്കോടെത്തി സ്ഥിരതാമസമാക്കിയ ആർ. ജയന്ത് കുമാർ പറയുന്നു.

‘‘ഇവിടെ ദീപാവലിക്ക് അഞ്ചു ദിവസത്തെ ആഘോഷമാണ്, രണ്ടു ദിവസം മുൻപേ തുടങ്ങും ചടങ്ങുകൾ. ദീപാവലിയുടെ പിറ്റേന്നാണ് പുതുവർഷം. പുതുവർഷത്തിൽ ഐശ്വര്യത്തെ നിലനിൽക്കാനായി ദീപാവലി ദിവസം കടകൾ അടയ്ക്കാറേയില്ല. പുതിയ കണക്കു പുസ്തകങ്ങളും ലെഡ്ജർ ബുക്കുമൊക്കെ വാങ്ങി ദീപാവലി നാളിൽ പൂജിക്കും. ലക്ഷ്മീപൂജയ്ക്കു ശേഷം പിറ്റേന്നു രാവിലെ ഈ പുസ്തകത്തിൽ ആദ്യത്തെ കണക്ക് എഴുതുന്നതോടെയാണ് അടുത്ത വർഷത്തെ കച്ചവടത്തിനും തുടക്കമാകുന്നത്.

ADVERTISEMENT

കച്ചവടക്കാരുടെ സമൂഹമായതു കൊണ്ടുതന്നെ ദീപാവലിക്കു പ്രത്യേകതയുണ്ട്, അന്നാണു കണക്കുകൾ തീർക്കുന്നത്. കടം തീർക്കുമ്പോൾ സ്നേഹോപഹാരമായി മിഠായിക്കൊട്ട കൂടി നൽകും. മുള കൊണ്ടുള്ള കുട്ടയിൽ മധുരപലഹാരങ്ങൾ നിറച്ചു നൽകുന്നത് അടുത്ത വർഷം വീണ്ടും കടം വാങ്ങുമ്പോൾ സാഹോദര്യത്തിന്റെ മധുരം കുറയാതിരിക്കാൻ കൂടിയാണ്.’’

deepavalicelebrationatkozhikodegujaratistreet
ബാലകൃഷ്ണലാൽജി മന്ദിറിനു മുന്നിലെ ദീപമാലിക, ഫോട്ടോ: അബു ഹാഷിം, ജയന്ത് കുമാറും ഹൻസ ജയന്തും കുടുംബവും ദീവാലി ആഘോഷത്തിൽ

ദീപാവലി ആഘോഷങ്ങളിൽ മധുരവിഭവങ്ങളും വർണങ്ങളുടെ രംഗോലിയും പ്രധാനമാണെന്നു വലിയങ്ങാടി വാർഡിനെ പ്രതിനിധീകരിച്ചു കോഴിക്കോട് നഗരസഭാംഗമായ പ്രവർത്തിച്ച അധ്യാപിക കൂടിയായ ഹൻസ ജയന്ത് പറയുന്നു. ‘‘ അഞ്ചു ദിവസവും രംഗോലി വരയ്ക്കും. അതിനുള്ള കളർ പൊടി ഗുജറാത്തിൽ നിന്നാണു വരുത്തുന്നത്. ചെരാതുകളിൽ ദീപങ്ങളും കത്തിച്ചുവയ്ക്കും. ആ ദിവസങ്ങളിൽ ജെയ്ൻ മന്ദിറിലും ലാൽജികൃഷ്ണ മന്ദിറിലും പ്രത്യേക ദർശനവും പൂജകളുമുണ്ടാകും. ബാലകൃഷ്ണലാൽജി മന്ദിറിനു മുന്നിൽ തട്ടുതട്ടായി ദീപമാലിക തീർക്കും. കച്ചവടത്തിനായി വരുന്ന കപ്പലുകൾക്കു കടലിൽ അപകടമുണ്ടാകാതിരിക്കാനായി നടത്തിയ പ്രാർഥനകളുടെ പ്രതീകമായി സമുദ്രപൂജയും നടത്തും.

ADVERTISEMENT

ദീപാവലി കൊട്ടയിൽ ലഡുവും മൈസൂർ പാക്കുമൊക്കെയാണു വിഭവങ്ങൾ. വീടുകളിൽ ലാപ്സി, ശ്രീഖണ്ഡ് എന്നിവയും ധാരാളം പച്ചക്കറികളും വിവിധയിനം പരിപ്പുകളും വഴറ്റിയെടുത്തുണ്ടാക്കുന്ന ഇന്ദിയുവും തയാറാക്കും. ഞാൻ ജനിച്ചതും ജോലി ചെയ്തതുമെല്ലാം ഈ നാട്ടിലാണ്. പക്ഷേ, പുതിയ തലമുറയിലെ മിക്കവരും പഠിക്കാനും ജോലിക്കുമായി മറ്റിടങ്ങളിലേക്കു പോകുന്നു. പക്ഷേ, ഈ നാടിന്റെ സ്നേഹം വേറെങ്ങും കിട്ടില്ല എന്നു പറഞ്ഞു ചിരിക്കുമ്പോൾ ആ വാക്കുകളിലുണ്ടു കോഴിക്കോടിന്റെ നന്മയുടെയും സ്നേഹത്തിന്റെയും ദീപാവലിക്കാഴ്ച.

English Summary:

Kozhikode Gujarati Street Diwali celebrations are vibrant and unique. This 'Mini Mattancherry' hosts a five-day celebration with special traditions, sweets, and community events that highlight the enduring Gujarati culture in Kozhikode.

ADVERTISEMENT
ADVERTISEMENT