ADVERTISEMENT

രണ്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മയറിയാതെ 50,000 രൂപയ്ക്ക് വിൽക്കാൻ അസം സ്വദേശിയായ പിതാവിന്റെ ശ്രമം. കുഞ്ഞിന്റെ പിതാവ്, വാങ്ങാനെത്തിയ ഉത്തർപ്രദേശ് സ്വദേശികളായ അർമാൻ (31), ഇടനിലക്കാരനായ മോഹ്ദ് ദാനിഷ് ഖാൻ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇന്നലെ രാവിലെ കുമ്മനത്താണ് സംഭവം. സഹോദരിമാരുടെ ഭർത്താക്കന്മാരാണ് അർമാനും മോഹ്ദ് ദാനിഷും. 3 പെൺകുഞ്ഞുങ്ങളാണ് അർമാനുള്ളത്.

തനിക്കൊരു ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹം ഇയാൾ ദാനിഷിനോട് പങ്കുവച്ചിരുന്നു. കുമ്മനത്തെ ബാർബർ ഷോപ്പ് ജീവനക്കാരനായ ദാനിഷിന് കുഞ്ഞിന്റെ പിതാവിനെ മുൻപരിചയമുണ്ടായിരുന്നു. പണം കൊടുത്ത് കുഞ്ഞിനെ വാങ്ങാൻ അർമാൻ തയാറാണെന്ന കാര്യം ഇയാളിൽ നിന്നറിഞ്ഞ കുഞ്ഞിന്റെ പിതാവ് തന്റെ കടബാധ്യത തീർക്കാൻ കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചു. മുൻകൂറായി ആയിരം രൂപയും കൈപ്പറ്റി. എന്നാൽ അമ്മ ഈ വിവരം അറിഞ്ഞിരുന്നില്ല.

ADVERTISEMENT

ശനിയാഴ്ചയാണ് അമ്മ വിവരം അറിഞ്ഞത്. കുട്ടിയെ വിൽക്കണമെന്ന ഭർത്താവിന്റെ ആവശ്യം ഇവർ അംഗീകരിച്ചില്ല. തുടർന്ന് വീട്ടിൽ വഴക്കായി. ബഹളം അന്വേഷിച്ചെത്തിയ സമീപവാസികളായ അസം സ്വദേശികളോട് അമ്മ കാര്യം പറഞ്ഞു. അവർ തങ്ങളെ ജോലിക്കു നിർത്തിയ അൻസിൽ എന്നയാളോട് വിവരം പറയുകയും അയാൾ ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ പിതാവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തു.

ഇയാളുടെ മൊഴിപ്രകാരം ദാനിഷിനെയും അർമാനെയും പൊലീസ് പിടികൂടി. ആൺകുഞ്ഞിനെ ഉത്തർപ്രദേശിലേക്കു കൊണ്ടുപോകുന്നതിനായി അർമാന്റെ ഭാര്യയും പ്രദേശത്ത് എത്തിയിരുന്നു. പെരുമ്പാവൂരിൽ ബന്ധുവീട്ടിൽ താമസിച്ചിരുന്ന ഭാര്യയെയും ആൺകുഞ്ഞിനെയും ഒന്നരമാസം മുൻപാണ് അസം സ്വദേശിയായ പിതാവ് കുമ്മനം മടക്കണ്ടയിലെ വാടകവീട്ടിൽ എത്തിച്ചത്. 5 വയസ്സുള്ള ഒരു മകളും ഇവർക്കുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമൂഹിക പശ്ചാത്തലവും വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.

ADVERTISEMENT

കുഞ്ഞിനെ വിൽക്കാൻ രഹസ്യനീക്കങ്ങൾ; ഒടുവിൽ പിടിയിൽ

ജോലിക്കൊന്നും പോകാതെ വീട്ടിലിരിക്കുന്ന ആളായിരുന്നു കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ അസം സ്വദേശിയായ പിതാവ്. സമീപത്തു താമസിക്കുന്ന മറ്റ് അതിഥിത്തൊഴിലാളികളിൽ നിന്നു കടംവാങ്ങി ചീട്ടുകളിയും ലോട്ടറിയെടുപ്പുമായിരുന്നു പ്രധാന പരിപാടികൾ. കഴിഞ്ഞ മൂന്നു മാസമായി കുമ്മനം മടക്കണ്ടയിലുള്ള അഷറഫിന്റെ വാടകവീട്ടിലാണ് ഇയാളുടെ താമസം.

ADVERTISEMENT

ഈ വീട്ടിൽ മറ്റു 12 പേർ കൂടി താമസിക്കുന്നുണ്ട്. എല്ലാവരും നിർമാണത്തൊഴിലാളികളാണ്.  ഇയാൾ പലരിൽനിന്നും പണം കടം വാങ്ങിയിരുന്നു. കടം കൊടുത്തവർ പ്രശ്നമുണ്ടാക്കുമെന്നതിനാലാണു കുഞ്ഞിനെ വിറ്റ് കടം വീട്ടാൻ ഇയാൾ തീരുമാനമെടുത്തത്. ഇന്നലെ രാവിലെ തന്നെ കുഞ്ഞിനെ വാങ്ങാൻ അർമാൻ എത്തി. നേരത്തേ 2 തവണ ഇവർ ആൺകുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിലും അവസാനനിമിഷം പാളിയിരുന്നു. അതിനാൽ ഇത്തവണ കൂടുതൽ ശ്രദ്ധയോടെയും രഹസ്യസ്വഭാവത്തോടെയുമായിരുന്നു നീക്കങ്ങൾ.

എന്നാൽ, അസം സ്വദേശികളിൽനിന്നു വിവരം ലഭിച്ച അൻസിൽ, പഞ്ചായത്തംഗം മുഷ്റ തൽഹത്ത്, മുൻ പഞ്ചായത്തംഗം തൽഹത്ത് അയ്യൻകോയിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും വീട്ടിലെത്തി കുഞ്ഞിന്റെ പിതാവിനെ രാവിലെ തന്നെ പിടികൂടി. വാടകവീടിനു തൊട്ടടുത്തുള്ള ബാർബർ ഷോപ്പിൽ നിന്ന് ദാനിഷിനെയും പിടികൂടി. കുമരകം എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ എസ്ഐ ഒ.ആർ.ബസന്ത്, എഎസ്ഐമാരായ റോയി, ബൈജു, ജോസ്, എസ്‌സിപിഒ സജയകുമാർ, സിപിഒമാരായ സുമോദ്, ജിജോഷ്, എ.എസ്.അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

English Summary:

Child selling attempt foiled in Kumarakom. A father attempted to sell his two-month-old son for ₹50,000 to clear debts, leading to arrests and a police investigation.

ADVERTISEMENT