കൺമുന്നിൽ ചലനമില്ലാതെ 34കാരൻ, ഹൃദയാഘാതം! വിമാന യാത്രയിൽ ജീവന്റെ കാവൽക്കാരായി മലയാളികൾ Nurses Abhijith and Ajeesh saved a passenger's life in mid-flight
Mail This Article
ഏതു സാഹചര്യത്തിലും തങ്ങളുടെ കടമകളും ഉത്തരവാദിത്തവും മറക്കാത്തവരുണ്ട്. നിസഹായർക്കും മുന്നിൽ സഹാനുഭൂതിയുടെയും ദയയുടെയും കരനീട്ടുന്നവർ. ജീവനുവേണ്ടി പിടഞ്ഞ മനുഷ്യന് രക്ഷകരവുമായെത്തിയ നഴ്സുമാരായ അഭിജിത്തും അജീഷും അങ്ങനെയുള്ള രണ്ടു പേരാണ്. ജോലി ലഭിച്ച് അബൂദാബിയിലേക്ക് യാത്ര തിരിക്കവേയാണ് ഒരു മനുഷ്യന്റെ ജീവന്റെ കാവൽക്കാരാകാൻ ഇരുവർക്കും നിയോഗം ലഭിച്ചത്.
യുഎഇയിലെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർപിഎം) റജിസ്റ്റേർഡ് നഴ്സായി ജോലി തുടങ്ങാനായി യാത്ര തിരിച്ചതായിരുന്നു വയനാട്ടുകാരൻ അഭിജിത് ജിൻസും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസണും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3എൽ 128 വിമാനത്തിലായിരുന്നു യാത്ര. വിമാനയാത്രയിൽ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഇരുവരും ജീവൻ രക്ഷയൊരുക്കി. ഇരുവരുടെയും സമയോചിത ഇടപെടലിൽ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തു. ഈ മാസം 13നായിരുന്നു സംഭവം.
‘സഹയാത്രികനായ വ്യക്തി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതാണ് ആദ്യം കണ്ടത്. തിരിഞ്ഞു നോക്കുമ്പോൾ. ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൾസ് നോക്കി കിട്ടാതെ വന്നപ്പോൾ തന്നെ മനസിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്’.–അഭിജിത്ത് പറയുന്നു.
34 വയസ്സുകാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാന ജീവനക്കാരെ അറിയിച്ചതോടൊപ്പം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത് സിപിആർ നൽകാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സിപിആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി. വിമാനം അബുദാബിയിൽ സുരക്ഷിതമായി ഇറങ്ങുന്നത് വരെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാനും ശ്രദ്ധിച്ചു.
കന്നി യാത്ര തന്നെ അഭിമാന കർമവഴിയിലെ അഭിമാന യാത്രയാക്കി മാറ്റിയ ഇരുവരെയും സോഷ്യൽ മീഡിയയും വാനോളം പുകഴ്ത്തുകയാണ്. ആർപിഎമ്മിലെ മറ്റൊരു ജീവനക്കാരനായ ബ്രിൻറ് ആന്റോയാണ് ഇരുവരുടെയും സമയോചിതമായ പ്രവൃത്തി ആർപിഎം സഹപ്രവർത്തകരോട് പറയുന്നത്. പിന്നാലെ സംഭവം സോഷ്യൽ മീഡിയയും ഏറ്റെടുത്തു.