റഫാലിൽ പറന്ന് ദ്രൗപദി മുർമു: യുദ്ധവിമാനത്തിൽ പറക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി: അഭിമാനം President Murmu Flies Rafale: A Historic Moment
Mail This Article
ഇന്ത്യൻ വ്യോമ സേനയുടെ അഭിമാനമായ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി, രണ്ടാമത്തെ വനിതാ രാഷ്ട്രപതി എന്നീ നേട്ടങ്ങൾ നെറുകയിലേറ്റിയാണ് ദ്രൗപദി മുർമു പറന്നുയർന്നത്.
ബുധനാഴ്ച രാവിലെ ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ താവളത്തിൽ നിന്ന് രാഷ്ട്രപതിയുമായി റഫാൽ പറന്നുയർന്നത്. രാഷ്ട്പതി ദ്രൗപദി മുർമു ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്. ഇന്ത്യയുടെ സായുധ സേനയുടെ സുപ്രീം കമാൻഡര്‍ സ്ഥാനം അലങ്കരിക്കുന്ന ദ്രൗപദി മുർമു 2023 ഏപ്രിൽ 8 ന് അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽ നിന്ന് സുഖോയ്-30 എംകെഐ ജെറ്റിൽ പറന്നിരുന്നു. പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിയാണ് രാഷ്ട്രപതി സഞ്ചരിച്ച റഫാൽ പറത്തിയത്. ഈ മാസം 18 ന് റഫാലിൽ പറക്കാൻ രാഷ്ട്രപതി തീരുമാനിച്ചിരുന്നെങ്കിലും ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. പാക് അതിർത്തി പ്രദേശത്തിന് സമീപം ഇന്ത്യയുടെ സൈനികാഭ്യാസം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാഷ്ട്രപതിയുടെ ഈ നീക്കം.
ദ്രൗപദി മുർമുവിനു മുമ്പ്, മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൾ കലാമും പ്രതിഭ പാട്ടീലും സുഖോയ്-30 എംകെഐയിൽ പറന്നിരുന്നു. അതേസമയം, റഫാലിൽ ഒരു ഇന്ത്യൻ രാഷ്ട്രപതി ഇതാദ്യമായാണ് പറക്കുന്നത്. 2020 ൽ അംബാലയിലെ വ്യോമസേനാ താവളത്തിൽ വച്ചാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. വ്യോമസേനയുടെ 17-ാമത്തെ സ്ക്വാഡ്രണായ ‘ഗോൾഡൻ ആരോസ്’ ന്റെ ഭാഗമാണ് റഫാൽ വിമാനങ്ങൾ.