ജീവിതം കീഴ്മേൽ മറിഞ്ഞ ആ രാത്രി, മരണത്തെ മുഖാമുഖം കണ്ട ആദിത്യൻ: സൂര്യ ശോഭയോടെ ഈ ഉയിർത്തെഴുന്നേൽപ് Aditya's Triumphant Return to Life
Mail This Article
പുതിയൊരു ജീവിതത്തിലേക്ക് ആദിത്യന്റെ മടങ്ങിവരവാണ്, പേരിന്റെ അർഥം പോലെ സൂര്യനായി പ്രശോഭിക്കാൻ. എല്ലാം അവസാനിച്ചെന്നു കരുതിയിടത്ത് നിന്നൊരു ഉയിർത്തെഴുന്നേൽപ്. കുന്നം ചാക്കോ റോഡിൽ പൈനുംമൂട് ജംക്‌ഷനു സമീപം ഇന്നലെ മൊബൈൽ റിപ്പയറിങ് സ്ഥാപനം ആരംഭിക്കുമ്പോൾ തഴക്കര കുന്നം പൊയ്കവടക്കതിൽ അശ്വതിയിൽ ആദിത്യ കൃഷ്ണൻ (21) എല്ലാവരോടും നന്ദി പറയുകയാണ്.
2022 ഒക്ടോബർ 25നു രാത്രി ഏഴരയോടെ മാങ്കാംകുഴി പള്ളിമുക്കിലാണ് ആദിത്യന്റെ ജീവിത സ്വപ്നങ്ങൾ തകർത്ത അപകടം ഉണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകവേ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മരണത്തെ മുഖാമുഖം കണ്ട ആദിത്യനു ശസ്ത്രക്രിയ നടത്താൻ പോലും പണമില്ലാതെ പെയന്റിങ് തൊഴിലാളിയായ പിതാവ് ഉണ്ണിക്കൃഷ്ണനും അമ്മ ശ്രീലേഖയും വേദനിച്ചതു മലയാള മനോരമ അന്നു റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തയെ തുടർന്നു സുമനസ്സുകൾ നൽകിയ തുകയും നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായവും ആണു ആദിത്യനു ജീവിതത്തിലേക്കു തിരികെ വരാൻ തുണയായത്. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ടെക്നിഷ്യൻ കോഴ്സ് പഠിക്കുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്നു ഒരു വർഷത്തോളം കിടപ്പിലായ ആദിത്യനെ പിന്നീട് പിതാവാണ് ദിവസവും ചങ്ങനാശേരിയിൽ എത്തിച്ചിരുന്നത്. പിന്നീട് തനിയെ ബസ് കയറി പോകാൻ തുടങ്ങി. പഠനം പൂർത്തിയാക്കിയ ആദിത്യൻ സ്വന്തം മൊബൈൽ റിപ്പയറിങ് കേന്ദ്രം ആരംഭിക്കുന്നതിനു ബാങ്ക് വായ്പയ്ക്കായി ശ്രമിച്ചു.
അതു പരാജയപ്പെട്ടപ്പോൾ അമ്മയുടെയും ബന്ധുക്കളുടെയും സ്വർണം കടം വാങ്ങി പണയം വച്ചാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. ശരീരത്തിന്റെ ഇടതുഭാഗം പൂർണ സ്വാധീനത്തിൽ എത്താത്തതിനാൽ ആദിത്യൻ ഇപ്പോഴും ചികിത്സ തുടരുകയാണ്. ചെങ്ങന്നൂർ ആർഡിഒ ഓഫിസിലെ ഡപ്യൂട്ടി തഹസിൽദാർ സ്റ്റാൻലി ജോൺ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ചടങ്ങിന്റെ ഭാഗമായി.