രണ്ട് മക്കളും പൈലറ്റ്, ഒരു വീട്ടിൽ ഇരട്ട ഭാഗ്യം: അഭിമാനത്തിന്റെ ആകാശച്ചിറകിലേറി ഗ്യാരിയും നിക്കോളും Kerala Brothers Achieve Aviation Dreams
Mail This Article
അഭിമാനത്തിന്റെ ആകാശച്ചിറകിലേറി ഒരു വീട്ടിലെ 2 പേർ ഇനി വൈമാനികർ. ശക്തികുളങ്ങര സ്വദേശികളും സഹോദരങ്ങളായ നിക്കോൾ ഫ്രാങ്കും ഗ്യാരി ഫ്രാങ്കുമാണ് പൈലറ്റുമാരായത്. ഒന്നര വർഷം മുൻപാണ് ഗ്യാരി ഫ്രാങ്ക് കോഴ്സ് വിജയിച്ചു പൈലറ്റായതെങ്കിൽ കഴിഞ്ഞ 26ന് ആണ് നിക്കോൾ ഫ്രാങ്കിന് മൾട്ടി ക്രൂ പൈലറ്റ് ലൈസൻസ് ലഭിക്കുന്നത്.
അബുദാബിയിൽ താമസിക്കുന്ന ശക്തികുളങ്ങര സഖി ഗാർഡൻസിൽ ഫ്രാങ്ക്ളിൻ ഫ്രാൻസിസിന്റെയും മായ ഫ്രാങ്ക്ളിന്റെയും മക്കളാണ് ഇവർ. അബുദാബിയിൽ ഇൻഡസ്ട്രിയൽ ഫിഷറീസിൽ മേഖലയിൽ ഗവേഷകനായി ജോലി ചെയ്യുകയാണ് ഫ്രാങ്ക്ളിൻ ഫ്രാൻസിസ്. ഇതേ മേഖലയിൽ തന്നെയാണ് മായയും പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇരുവരിൽ നിന്നും ഏറെ വ്യത്യസ്തമായ വ്യോമമേഖലയാണ് മക്കളായ ഗ്യാരിയും നിക്കോളും തിരഞ്ഞെടുത്തത്.
ഇരുവരും ഷാർജയിലെ എയർ അറേബ്യ ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് പൈലറ്റ് കോഴ്സ് പൂർത്തിയാക്കിയത്. നിലവിൽ 6 മാസത്തോളമായി എയർ അറേബ്യയിൽ പൈലറ്റായി ജോലി ചെയ്യുകയാണ് ഗ്യാരി. 2 മക്കളും പൈലറ്റുമാരായതിൽ അഭിമാനംകൊള്ളുകയാണ് ഫ്രാങ്ക്ളിനും മായയും. ഗ്യാരിയുടെയും നിക്കോളിന്റെയും മുതിർന്ന സഹോദരൻ ലോയ്ഡ് ഫ്രാങ്കിന് ഷാർജയിൽ അക്കൗണ്ടന്റിങ് മേഖലയിലാണ് ജോലി.