ജെമീമ... എങ്ങനെയാണ് ഞങ്ങൾ നന്ദി പറയേണ്ടത്? സെമിയിൽ ഓസീസിനെ തകർത്ത പെൺവീര്യം: ഹൃദയത്തിലേറ്റി രാജ്യം Jemimah Rodrigues Shines as India Defeats Australia
 
Mail This Article
വിശ്വകിരീടത്തിലേക്ക് ഇനി ഇന്ത്യൻ വനിതകൾക്ക് ഒരു മത്സരത്തിന്റെ മാത്രം വഴിദൂരം. വനിത ലോകകപ്പ് ക്രിക്കറ്റിന്റെ നിർണായക സെമിയിൽ ഓസ്ട്രേലിയയുടെ പെൺപടയ്ക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് വനിതകൾ സ്വന്തമാക്കിയത്. സെമി പോരാട്ടത്തിൽ 338 റൺസെന്ന റൺമല മുന്നോട്ടുവച്ച ഓസീസിനെതിരെ 5 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോൽപിച്ചിരുന്നു.
ലീഗ് ഘട്ടത്തിൽ ഇന്ത്യയെ നാണംകെടുത്തിവിട്ട ഓസീസിന് ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയപ്പോൾ തലയയുർത്തി നിൽക്കുന്ന ഒരാളുണ്ട്. ജെമീമ റോഡ്രിഗസ്! വമ്പൻ ലക്ഷ്യത്തിനു മുന്നിലും പതറാതെ സമയചിത്തതയോടെ ബാറ്റ് ചെയ്ത ജെമീന സെഞ്ചറി തിളക്കത്തോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 134 പന്തുകൾ നേരിട്ട ജെമീമ 12 ഫോറുകൾ ഉൾപ്പടെ 127 റൺസെടുത്തു പുറത്താകാതെനിന്നു,
 
മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിനിടെ ജെമീമ ഈ ടൂർണമെന്റിലെ തന്റെ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് വികാരനിർഭരമായാണ് ജെമീമപങ്കുവച്ചത്. ‘ഈ ടൂർണമെന്റിൽ ഞാൻ മിക്ക ദിവസവും കരയുകയായിരുന്നു. മാനസികമായി സുഖമില്ല, മൽസരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോയ നാളുകൾ ഉണ്ടായി. എന്റെ ഫോം ഞാൻ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തിൽ, ഞാൻ കളിക്കുകയായിരുന്നു, ഞാൻ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ഞാൻ ബൈബിളിൽ നിന്നുള്ള ഒരു തിരുവചനങ്ങൾ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. - നിശ്ചലമായി നിൽക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി.
മറുപടി ബാറ്റിങ്ങിൽ 13 റൺസിൽ നിൽക്കെ ഷെഫാലി വർമയെയും 59ൽ നിൽക്കെ സ്മൃതി മന്ഥനയെയും മടക്കി ഓസ്ട്രേലിയ ഇന്ത്യയ്ക്ക് ഷോക്ക് നൽകിയെങ്കിലും ഇന്ത്യൻ വനിതകൾ തളരാതെ പിടിച്ചു നിന്നു.
ഇന്ത്യയ്ക്ക് ജെമീമ– ഹർമൻപ്രീത് സഖ്യമാണു കരുത്തായത്. കിം ഗാർത്താണ് രണ്ടു മുൻനിര ബാറ്റർമാരെ വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യൻ ക്യാപ്റ്റനൊപ്പം ജെമീമയും തകർത്തടിച്ചതോടെ 17 ഓവറിൽ 100 ഉം 31.2 ഓവറിൽ 200 ഉം കടന്ന് സ്കോർ മുന്നേറി. 88 പന്തിൽ 89 റൺസ് നേടി ഹർമൻപ്രീത് ജെമീമയ്ക്ക് ഉറച്ച പിന്തുണ നൽകി. ജെമീമയാണ് കളിയിലെ താരം.
ഞായറാഴ്ച നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
 
 
 
 
 
 
 
