ADVERTISEMENT

ജെമീമ ഇന്ത്യയുടെ ജെം ആയ രാത്രിയാണ് കഴിഞ്ഞു പോയത്. ലോകക്രിക്കറ്റിലെ രാജ്ഞിമാരായ ഓസീസിനെ തറപറ്റിച്ച് കലാശപ്പോരിലേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തിയ ഹീറോയിനായി മാറുകയാണ് ജെമീമ റോഡ്രിഗസ് എന്ന പെൺപുലി. കംഗാരുപ്പട ഉയർത്തിയ റൺമലയ്ക്കു മുന്നിൽ പതറാതെ സെഞ്ചറി തിളക്കത്തോടെ ബാറ്റുവീശിയ ജെമീമ ഇന്ത്യയുടെ ഹീറോയിനായി മാറി.

രാജ്യം ആ പോരാട്ട മികവിനെ നെഞ്ചിലേറ്റുന്നുണ്ടെങ്കിലും നാളുകൾക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഗിത്താര്‍ വായിച്ച് പാട്ടും പാടി പൊട്ടിച്ചിരിക്കുന്ന റീല്‍സിട്ട് നടന്ന ജെമീമയെ കടന്നാക്രമിക്കുന്ന സോഷ്യൽ മീഡിയയെയാണ് ഏവരും കണ്ടത്. ഫോമില്ലായ്മ ചൂണ്ടിക്കാട്ടി കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും വരെ ജെമിമയെ തേടിയെത്തി. കായികതാരങ്ങള്‍ ഇങ്ങനെ ചിരിച്ച് മറിഞ്ഞ് നടക്കേണ്ടവരല്ല, റീല്‍സെടുക്കാതെ റണ്‍സെടുത്ത് കാണിക്ക് എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ പരിഹാസം. ടീം തോല്‍ക്കുമ്പോഴും ജമിമയെ ചിരിച്ച മുഖത്തോടെ കാണുന്നുവെന്നതായി മറ്റൊരു പ്രശ്നം. ആത്മവിശ്വാസവും സന്തോഷും നിറച്ച് പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അത്ര നല്ലതല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാ വിമർശനങ്ങളും അസ്ഥാനത്താക്കി ഒരൊറ്റ രാത്രിയിൽ അവൾ ഇന്ത്യയുടെ ഹീറോയായി മാറി. 134 പന്തില്‍ 127 റണ്‍സിന്റെ തങ്കത്തിളക്കത്തോടെ ജെമീമ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെ ആയിരങ്ങൾക്കു മുന്നിൽ നിറഞ്ഞാടി.

ADVERTISEMENT

ഒരു ഘട്ടത്തിൽ തകർച്ചയുടെ മുന്നിൽ നിൽക്കുമ്പോൾ ആയിരുന്നു ജെമീമയുടെ അവതാര പിറവി. തുറുപ്പു ചീട്ടാകുമെന്നു കരുതിയ ബാറ്റർ സ്മൃതി മന്ഥന നിർഭാഗ്യത്താൽ കൂടാരം കയറിയപ്പോൾ ജെമീമ കടിഞ്ഞാൺ‌ ഏറ്റെടുത്തു. തലങ്ങും വിലങ്ങും ഫോറും സിക്സുകളും പായിച്ച് ജെമീമ കളി കൈവിടാതെ കാത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം ശക്തമായി നിലയുറപ്പിച്ച് ഇന്ത്യയെ വിജയതീരത്തേക്ക് മെല്ലെയടുപ്പിച്ചു. ഒടുവിൽ ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു. റീല്‍സെടുക്കാന്‍ മാത്രമല്ല, അതേ താളത്തില്‍ റണ്‍സടിക്കാനും അറിയാമെന്ന് താരം തെളിയിച്ചു.

ടൂർണമെന്റിലെ ജെമീമയുടെ യാത്രയും അത്ര സുഖകരമായിരുന്നില്ല. ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ പൂജ്യത്തിന് പുറത്തായി. എക്സ്ട്രാ ബോളറെ ഇന്ത്യന്‍ ടീമിന് വേണ്ടപ്പോഴെല്ലാം ജെമീമയ്ക്ക് പുറത്തിരിക്കേണ്ടി വന്നു. ഒടുവിൽ വിമർശകരുടെ വായടപ്പിച്ച ആ മനോഹര ഇന്നിങ്സ് പിറന്നു. ടൂർണമെന്റിലുടനീളം താൻ നേരിട്ട സമ്മർദ്ദത്തെക്കുറിച്ച് ജെമീമ പറഞ്ഞ വാക്കുകൾ ഇങ്ങനെ.

ADVERTISEMENT

‘ഈ ടൂർണമെന്റിൽ ഞാൻ മിക്ക ദിവസവും കരയുകയായിരുന്നു. മാനസികമായി സുഖമില്ല, മൽസരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോയ നാളുകൾ ഉണ്ടായി. എന്റെ ഫോം ഞാൻ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തിൽ, ഞാൻ കളിക്കുകയായിരുന്നു, ഞാൻ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ഞാൻ ബൈബിളിൽ നിന്നുള്ള ഒരു തിരുവചനങ്ങൾ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. - നിശ്ചലമായി നിൽക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി.

2017 ല്‍ സൗരാഷ്ട്രയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചറിയാണ് 2018 ല്‍ ജമിമയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ട്വന്‍റി 20യില്‍ 2018 ഫെബ്രുവരിയിലും മാര്‍ച്ചില്‍ ഏകദിനത്തിലും താരം അരങ്ങേറി. 57 ഏകദിനങ്ങളില്‍ നിന്നായി 1598 റണ്‍സാണ് താരം ഇതുവരെ നേടിയത്. 112 ട്വന്‍റി20കളില്‍ നിന്ന് 2375 റണ്‍സും ജമിമ നേടിയിട്ടുണ്ട്. 2017 ലോകകപ്പ് ഫൈനലോളമെത്തിയ ഇന്ത്യന്‍ വനിതാ ടീമിന് മുംബൈയില്‍ സ്വീകരണമൊരുക്കിയപ്പോള്‍ വിമാനത്താവളത്തില്‍ കാത്തുനിന്നവരില്‍ പതിനാറുകാരി ജമീമയുമുണ്ടായിരുന്നു. അന്ന് ലോര്‍ഡ്സില്‍ പൊലിഞ്ഞ ലോകകപ്പ് സ്വപ്നത്തിന് നിറം പകരാന്‍ ഇക്കുറി ജമിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഞായറാഴ്ച നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

ADVERTISEMENT
English Summary:

Jemimah Rodrigues: India's New Cricket Sensation From Criticism to Comeback: Jemimah's Inspiring Journey Jemimah Rodrigues' Stellar Performance Against Australia Overcoming Challenges: Jemimah Rodrigues' Path to Success India's Victory: Jemimah Rodrigues' Impactful Innings

ADVERTISEMENT