കൺതുറന്നു കാണൂ... ഇത് ഇന്ത്യൻ വനിതകൾ രചിക്കുന്ന പുതുചരിത്രം: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വിശ്വകിരീടം India Clinches Women's Cricket World Cup Title
Mail This Article
കലാശപ്പോരിലെ നിർഭാഗ്യങ്ങളും കാലക്കേടും ഇനി മറന്നേക്കൂ. ത്രസിപ്പിക്കുന്ന പോരാട്ട മികവുമായി ഇന്ത്യയുടെ പെൺപുലികൾ ഇതാ ലോകകക്രിക്കറ്റിന്റെ നെറുകയിലേക്ക്. 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തിൽ സ്വപ്നസാഫല്യം. കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ലോകക്രിക്കറ്റിലെ കന്നിക്കിരീടം.
ഒരു സിനിമ പോലെ നാടകീയതയും ഭാഗ്യനിർഭാഗ്യങ്ങളും ട്വിസ്റ്റും മിന്നിമറഞ്ഞ മത്സരം. അങ്ങനെയൊന്നിനാണ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 98 പന്തില്‍ 101 റണ്‍ നേടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്‍റെ വിക്കറ്റാണ് മത്സരത്തിന്റെ ഗതിമാറ്റിയത്. ദീപ്തി ശർമയുടെ 42–ാം ഓവറില്‍ പിറന്നൊരു ക്യാച്ച്.അതു വെറുമൊരു വിക്കറ്റ് മാത്രമായിരുന്നില്ല. അതിനാടകീയമായി അമൻജ്യോത് കൗറിന്റെ കൈകകളിലേക്ക് വന്നുവീണത് ശരിക്കും ക്രിക്കറ്റിന്റെ വിശ്വകിരീടമായിരുന്നു.
ലോകകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ഇന്ത്യയുയർത്തിയ ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്കൻ വനിതകൾ നിസംശയം എത്തുമെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു ട്വിസ്റ്റ്. ഇന്ത്യൻ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായ നിന്ന പ്രോട്ടീസ് നായിക ലോറ വോള്‍വാര്‍ഡിനെ പവലിയിനിലേക്ക് മടക്കി ഇന്ത്യൻ വനിതകളുടെ സമഗ്രാധിപധ്യം. നിര്‍ണായകമായത്. 42–ാം ഓവറില്‍ ലോറ പുറത്താകുന്നതുവരെ ജയസാധ്യത ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നു.
നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തിൽ സ്വപ്നസാഫല്യം. ബാറ്റുകൊണ്ട് മികച്ചു നിന്ന ഷെഫാലി വർമയാണ് കളിയിലെ താരം. ഓൾറൗണ്ട് മികവോടെ മിന്നിത്തളങ്ങിയ ദീപ്തി ശർമ ടൂർണമെന്റിലെ താരവുമായി. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ ഫൈനലിൽ 5 വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയുടെയും (78 പന്തില്‍ 87) ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെയും അര്‍ധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സ് നേടിയ സ്മൃതി മന്ഥന–ഷെഫാലി സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയ ജമീമ റോഡ്രിഗസിനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രതീനും ആ തുടക്കം മുതലാക്കാനായില്ല. ഷെഫാലി പുറത്തായതോടെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. അവസാന ഓവറുകളില്‍ കൂറ്റനടികളുമായി റിച്ച ഘോഷും ദീപ്തി ശര്‍മയും ഇന്ത്യയ്ക്ക് രക്ഷയായി. പക്ഷേ ഒരുഘട്ടത്തില്‍ 350ന് മുകളില്‍ പോകുമെന്ന് വിചാരിച്ച സ്കോര്‍ 298ല്‍ ഒതുങ്ങി.