അന്ന് കണ്ണീരണിഞ്ഞ് കളംവിട്ടു, ഒടുവിൽ വേദന മറന്ന് പ്രതീകയെത്തി: കിരീട നേട്ടം ആഘോഷിച്ചത് വീല്‍ചെയറില്‍ ICC World Cup: Prathik Rawal's inspiring presence on a wheelchair
Mail This Article
വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ പെൺപുലികൾ കിരീടം ചൂടിയ നിമിഷം ഓരോ കായിക പ്രേമികളുടെയും ഹൃദയത്തിലുണ്ടാകും. 2023ൽ രോഹിതും സംഘവും തലകുനിച്ചു മടങ്ങിയ ഇടത്ത് ഇന്ത്യയുടെ പെൺപോരാളികൾ കിരീടം ചൂടിയത് മനോഹരമായൊരു മധുരപ്രതികാരമായി. ഹൃദയസ്പർശിയായ നിമിഷങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു വനിത ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിന്റെ വേദി. ഹർമൻപ്രീത് കൗറും സംഘവും വിജയകിരീടം ചൂടുന്നതിനു സാക്ഷിയാകാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ നായകൻ രോഹിത് ശർമ ഗ്യാലറിയിലെത്തിയത് കായിക പ്രേമികളെ ഇരട്ടി ആവേശത്തിലാക്കി. എന്നാൽ വിജയാഘോഷത്തിന്റെ മധുരംകൂട്ടി ഓപ്പണര്‍ പ്രതീക റാവൽ എത്തിയത് നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്.
വീല്‍ചെയറില്‍ എത്തിയാണ് പ്രതീക റാവൽ ടീമിന്‍റെ വിജയം ആഘോഷിച്ചത്. സ്മൃതി മന്ഥാനയ്ക്കൊപ്പം ഇന്ത്യയുടെ സ്ഥിരം ഓപ്പണറായിരുന്നു പ്രതീക. ടൂര്‍ണമെന്റിലുടനീളം മികച്ച തുടക്കം നല്‍കാന്‍ പ്രതീകയ്ക്ക് സാധിച്ചു. ആറു ഇന്നിങ്സില്‍ നിന്നായി 51.33 ശരാശരിയില്‍ 308 റണ്‍സാണ് പ്രതീക നേടിയത്. ഒരു സെഞ്ചറിയും അര്‍ധ സെഞ്ചറിയും അടക്കമായിരുന്നു ഇത്. എന്നാൽ ബംഗ്ലാദേശിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കണങ്കാലിന് പരുക്കേറ്റ് പ്രതീകയ്ക്ക് ടീമിന് പുറത്തേക്ക് പോകേണ്ടി വന്നു.
പക്ഷേ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനൽ ജയിച്ച് വിജയകിരീടം ചൂടിയ നിമിഷത്തില്‍ ടീം പ്രതീകയെ മറന്നില്ല. വിജയ നിമിഷങ്ങളില്‍ ടീം ഇന്ത്യയുടെ വിശ്വസ്തയായ ഓപ്പണറെ ഒപ്പം നിർത്തി. കിരീട നേട്ട ശേഷം വീല്‍ചെയറിലെത്തിയാണ് ടീമിനൊപ്പം ചേര്‍ന്നത്. 'ഈയൊരു വികാരം എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ല. എന്റെ തോളിലുള്ള ഈ പതാക എനിക്ക് എല്ലാമാണ്, ടീമിനൊപ്പം ഇവിടെ നിൽക്കുന്നത് ഒരു അതിശയകരമായ അനുഭവമാണ്. പരിക്കുകൾ കളിയുടെ ഭാഗമാണ്, പക്ഷേ വിജയിച്ച ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്', എന്നായിരുന്നു പ്രതീകയുടെ വാക്കുകള്‍.
പ്രതീകയ്ക്ക് പകരം ടീമിലെത്തിയ ഷെഫാലി വര്‍മ ഫൈനലില്‍ മികച്ച ഇന്നിങ്സ് കാഴ്ച വച്ചു. ഇന്ത്യയുടെ 298 ടോട്ടടില്‍ 87 റണ്‍സും ഷെഫാലിയുടെ ബാറ്റില്‍ നിന്നായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സാണ് സ്മൃതി മന്ഥന–ഷെഫാലി സഖ്യം നേടിയത്. 78 പന്തിലാണ് ഷെഫാലി 87റണ്‍സെടുത്തത്.