ADVERTISEMENT

ദുരനുഭവങ്ങൾ തുടർക്കഥയാകുമ്പോഴും അനാസ്ഥ തുടരുകയാണോ? ജീവിത സ്വപ്നങ്ങൾ ബാക്കിയാക്കി മരണത്തെ പുൽകിയ സൗമ്യയും ഗോവിന്ദച്ചാമിയുടെ കൊടുംക്രൂരതയും നമ്മുടെ കൺമുന്നിലുണ്ട്. ഇപ്പോഴിതാ ട്രെയിനിലെ സമാനമായൊരു ക്രൂരസംഭവവും നാടിന് ഞെട്ടൽ നൽകുകയാണ്.

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നു പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം ഭയപ്പെടുത്തുന്നതാണ്. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയത് എന്നുമാണ് സുരേഷ് കുമാറിന്റെ നിസംഗമായ മൊഴി. പെൺകുട്ടിയുടെ പിന്നിൽ നിന്നുമാണ് ചവിട്ടിയത്. അതേസമയം പ്രതിയായ സുരേഷ്കുമാര്‍ പെണ്‍കുട്ടികളുടെ ദേഹത്ത് ചാരി നിന്നെന്നും ഇത് എതിര്‍ത്തപ്പോള്‍ സോനയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നുവെന്നും വിവരമുണ്ട്. ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയെയും ചവിട്ടിയെങ്കിലും അര്‍ച്ചന വാതില്‍ കമ്പിയില്‍ പിടിച്ചു കിടന്നു. സഹയാത്രികരാണ് അര്‍ച്ചനയെ പിടിച്ചുകയറ്റിയത്. സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ADVERTISEMENT

ഏറ്റവും ഗുരുതരമായ കാര്യം പെൺകുട്ടി യാത്ര ചെയ്ത ട്രെയിനിൽ മതിയായ സുരക്ഷയുടെ അഭാവം ഉണ്ടെന്നുള്ളതാണ്. കേരള എക്സ്പ്രസിൽ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്നാണു വിവരം. എന്നാൽ, ക്രൈം പാറ്റേൺ അനുസരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നതെന്നാണ് ആർപിഎഫിന്റെ വിശദീകരണം. സംഭവം വാർത്തയാകുമ്പോൾ സൗമ്യയ്ക്കു സംഭവിച്ച ഗുരനുഭവത്തിന്റെ സാക്ഷ്യങ്ങളും കുറ്റപത്രത്തിലൂടെ നാമറിഞ്ഞ ക്രൂരതയും വീണ്ടും ചർച്ചയാകുകയാണ്.

എങ്ങനെ മറക്കും ആ കറുത്ത ദിനം

ADVERTISEMENT

വിവാഹ സ്വപ്നങ്ങളുമായി വീട്ടിലേക്ക് ട്രെയിൻ‌ കയറിയ പെൺകുട്ടിയെയാണ് ഗോവിന്ദച്ചാമി ക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത്. 2011 ഫെബ്രുവരി 1 ഷൊർണൂർ സ്വദേശിയായ യുവതിയെ റെയിൽവേ ട്രാക്കിനരികിൽ തലയ്ക്കു മാരക പരുക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞപ്പോൾ കേട്ടത് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സമാനതകളില്ലാത്ത പീഡന വാർത്ത.

കൊച്ചിയിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്ന 23 കാരിയായ യുവതിയെ വള്ളത്തോൾനഗർ റെയിൽവേ സ്‌റ്റേഷനു സമീപത്തുവച്ചാണ് ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിടുകയായിരുന്നു. പിന്നാലെ ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ പ്രതി പാളത്തിൽ പരുക്കേറ്റു കിടന്ന യുവതിയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ മൊബൈൽ ഫോണും പഴ്‌സിലെ പൈസയും കവർന്ന് ഇയാൾ രക്ഷപ്പെട്ടു.

ADVERTISEMENT

ഒരു മണിക്കൂറിലേറെ ആരാലും ശ്രദ്ധിക്കപ്പെടാതെ സമയം മരണ തുല്യമായ വേദന സഹിച്ച് അവൾക്ക് അവിടെ കിടക്കേണ്ടി വന്നു. ഒന്നെഴുന്നേൽക്കാൻ പോലും കഴിയാതെ പിടഞ്ഞ ആ നിമിഷങ്ങൾക്ക് ജീവന്റെ വിലയുണ്ടായിരുന്നു. പിന്നീട് പരിസരവാസികളാണു യുവതിയെ കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന യുവതി ഫെബ്രുവരി ആറിനു മരിച്ചു. പ്രതി ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ടുനിന്നു പൊലീസ് അറസ്‌റ്റ് ചെയ്‌തു.

നിയമം അഴിക്കുള്ളിലാക്കിയ ഗോവിന്ദച്ചാമിക്കുള്ള യഥാർഥ ശിക്ഷ തൂക്കു കയറാണെന്ന് അന്നു തൊട്ടിന്നു വരെ പ്രബുദ്ധ കേരളം വാദിച്ചു. ജയിൽ ഭക്ഷണം കഴിച്ച് തടിച്ച് തുടുത്ത് മാധ്യമങ്ങൾക്കു മുന്നിലെത്തിയ ഗോവിന്ദച്ചാമി ജനരോഷം ഇരട്ടിയാക്കി. പീഡനത്തിനുള്ള ശിക്ഷ ഇതോ എന്ന് ഓരോരുത്തരും ചോദിച്ചു. ആ ചോദ്യങ്ങളെല്ലാം ബാക്കി നിൽക്കേയാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും നാടകീയമായ പിടികൂടലും.

പെണ്ണുകാണലിനായി വീട്ടിലേക്ക്, പതിയിരുന്നു നരാധമൻ

പിറ്റേന്നു നടക്കാനിരുന്ന പെണ്ണുകാണൽ ചടങ്ങിനായാണു യുവതി ഷൊർണൂർ പാസഞ്ചറിൽ പാമ്പാടി ഐവർമഠത്തിലുള്ള വീട്ടിലേക്ക് വന്നത്. പക്ഷേ പതിയിരുന്നത് ക്രൂരമായ വിധി. സംഭവദിവസം യുവതി യാത്രചെയ്ത ട്രെയിനിൽ ഗോവിന്ദച്ചാമി കൊച്ചി മുതൽ യാത്ര ചെയ്തു വരികയായിരുന്നു. തൃശൂർ എത്തിയതോടെ ലേഡീസ് കംപാർട്‌മെന്റ് ഏകദേശം കാലിയായി. ഇതേ തുടർന്നു യുവതി തൊട്ടുമുന്നിലെ ജനറൽ കംപാർട്‌മെന്റിൽ മാറിക്കയറി. വള്ളത്തോൾ നഗർ സ്‌റ്റേഷൻ എത്തിയപ്പോഴേക്കും ഈ കംപാർട്‌മെന്റിലുണ്ടായിരുന്ന എട്ടുപേരും സ്‌റ്റേഷനുകളിൽ ഇറങ്ങിയിരുന്നു. ഇരുട്ടു പരന്നതും ട്രെയിൻ അനിയന്ത്രിതമായി വൈകുന്നതും മൂലം യുവതി ആശങ്കയിലായിരുന്നു. ഇടയ്‌ക്കു വീട്ടിലേക്കു വിളിക്കുകയും ചെയ്‌തിരുന്നു. ഈ സമയം ഇരയെ നോക്കി വന്ന ഗോവിന്ദച്ചാമി യുവതിയെ കണ്ടു. ട്രെയിൻ വിട്ടതോടെ ഇയാളും ഈ കംപാർട്‌മെന്റിൽ കയറി. ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച ഇയാളെ പെൺകുട്ടി ചെറുത്തു.

കംപാർട്‌മെന്റിൽ അങ്ങുമിങ്ങും ഓടിയ യുവതി ബാഗിലെ പിടിവിട്ടില്ല. ഇതേതുടർന്നു വാതിലിന്റെ സമീപത്ത് എത്തിയപ്പോൾ പുറത്തേക്ക് ആഞ്ഞു തൊഴിച്ചു. അൽപം കൂടി മുന്നോട്ടുപോയ ട്രെയിനിൽനിന്നു ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. ട്രാക്കിൽ തലയിടിച്ചു രക്‌തം വാർന്ന നിലയിലായിരുന്നു യുവതി. ബോധം പൂർണമായി നശിച്ചിരുന്നില്ല. വേദനകൊണ്ടു പുളയുന്ന യുവതിയെ തോളിലേറ്റി പാളങ്ങളുടെ സമീപത്ത് എത്തിച്ചാണു പീഡിപ്പിച്ചത്.

എതിർത്തപ്പോൾ കല്ലെടുത്ത് മുഖത്തും തലയിലും ഇടിച്ചു. യുവതിയുടെ പക്കൽനിന്ന് വെറും 70 രൂപയും ഒരു സാധാരണ മൊബൈൽ ഫോണും മാത്രമാണ് ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതീക്ഷിച്ച പണം കിട്ടാതെ വന്നതിലൂള്ള ദേഷ്യമാണ് ഹീനമായ കുറ്റകൃത്യത്തിനു ഗോവിന്ദച്ചാമിയെ പ്രേരിപ്പിച്ചത്.

സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടിയാണ് സ്വദേശം. അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. ഗോവിന്ദച്ചാമി അമിത ലൈംഗികാസക്തിയുള്ള ആളാണെന്ന് ഫൊറൻസിക് പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനുകളിലും തൊട്ടടുത്ത ചേരികളിലും സ്‌ഥിരമായി സ്‌ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. അമിത മദ്യപാനിയായ ഇയാൾ ലഹരിക്കും അടിമയാമെന്ന് കണ്ടെത്തി.

English Summary:

Train Safety is crucial after recent incidents. This article discusses the lack of security in trains and highlights past incidents like the Soumya case and the recent Varkala train incident, emphasizing the urgent need for improved safety measures.

ADVERTISEMENT