ADVERTISEMENT

മലയാള സാഹിത്യത്തിലെയും സിനിമയിലെയും ഉന്നതസാന്നിധ്യമായിരുന്നു നരേന്ദ്രപ്രസാദ്. ഇന്ന് അദ്ദേഹത്തിന്റെ ഓർമദിനം. പ്രിയഗുരുവിന്റെ ഓർമദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് സർവ്വവിജ്ഞാനകോശം ഡയറക്ടറും കവിയത്രിയും അധ്യാപികയുമായ ഡോ.മ്യൂസ് മേരി ജോർജ് എഴുതിയ കുറിപ്പ് ഹൃദ്യമാണ്. എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എം ഫിൽ വിദ്യാർത്ഥിനിയായിരുന്ന കാലത്ത്, നരേന്ദ്രപ്രസാദ് മ്യൂസ് മേരിയുടെ അധ്യാപകനായിരുന്നു.

ഡോ.മ്യൂസ് മേരി ജോർജിന്റെ കുറിപ്പ് –

ADVERTISEMENT

ഇന്ന് പ്രസാദ് സാറിന്റെ ഓർമ്മദിവസം. എം ഫിലിന്റെ ഇന്റർവ്യൂവിന് ചെല്ലുമ്പോൾ ആണ് ആദ്യമായി പ്രസാദ് സാറിനെ കാണുന്നത്. സ്കൂൾ ഓഫ് ലെറ്റെഴ്സിലെ ആദ്യ ബാച്ച് എം ഫിൽ കോഴ്സിനുള്ള ആദ്യ ബാച്ച് സ്റുഡൻസ് അഡ്മിഷനുള്ള ഇന്റർവ്യൂ ആണ്. ഇംഗ്ലീഷിലും മലയാളത്തിലും മൂന്നു സ്റ്റുഡന്റ്സ് വീതവും അദ്ധ്യാപകരിൽ നിന്ന് മൂന്നു പേർക്കു വീതവുമാണ് അഡ്മിഷൻ ഉണ്ടായിരുന്നത്. ആ ഇന്റർവ്യൂ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ഏതാണ്ട് മുക്കാൽ മണിക്കൂർ നീണ്ടു നിന്ന ഇന്റർവ്യൂ. എം ഫിൽ എൻട്രൻസ് കഴിഞ്ഞ് പേപ്പർ നോക്കിയിട്ട് ആണെന്ന് തോന്നുന്നു ഇന്റർവ്യൂവിന് വിളിച്ചത്. ആ ഇന്റർവ്യൂ ഏതെല്ലാം വിഷയങ്ങളുടെ സംസാരത്തിലേക്ക് നയിച്ചു!. ഒടുവിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ ചെന്നെത്തി. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് വലിയ പ്രശ്നം ഉണ്ടാക്കുന്ന കാലമാണ്. അദ്ദേഹം എന്നോട് മഗ്ദലന മറിയത്തെയും യേശുവിനെയും കുറിച്ച് കസൻദ് സാക്കിസ് എഴുതിയതും രണ്ടാമൂഴത്തിൽ ശ്രീകൃഷ്ണനും പാഞ്ചാലിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എഴുതിയതും ഒക്കെ ചോദിച്ചു. അത് അല്പം നീണ്ട സംസാര വിഷയമായി. ആ സംസാരം ചിലപ്പോൾ തർക്കമായി. ഒടുവിൽ ആര്യാവർത്തത്തിലെ ഏത് സ്ത്രീക്കും കൃഷ്ണൻ സുഹൃത്തും സ്നേഹിതനുമല്ലേഎന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ തീരെ ചെറിയ പല്ലുകൾ ഉള്ള അദ്ദേഹം ആ പല്ലുകൾ കാണിച്ച് പൊട്ടിച്ചിരിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചോദിച്ചു മുന്നേറിയ ഇന്റർവ്യൂ അവസാനിച്ചു. കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയമാറ്റങ്ങളും സാഹിത്യവും, പി കുഞ്ഞിരാമൻ നായർക്കവിതയും എഴുത്തച്ഛനും അങ്ങനെ വിവിധ കാര്യങ്ങൾ ചേർന്ന ആ ഇന്റർവ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് വന്നു. ലെറ്റേഴ്സിൽ എം ഫിൽ സ്റ്റുഡന്റ് ആയി. പിന്നീട് ആണ് നരേന്ദ്ര പ്രസാദ് എന്ന അദ്ധ്യാപകൻ മനസ്സിൽ സ്ഥാനം പിടിച്ചത്. ക്ലാസുകൾ ഗംഭീരം എന്നല്ലാതെ ഒന്നും പറയാൻ ഇല്ല. ഒഡിസിയുസ് സ്കാർ എന്ന ലേഖനം പഠിപ്പിച്ച ക്ലാസ്സ്‌ മുറി നാടകവേദിയായി. ഒഡസിയുസ് അദേഹത്തിന്റെ ആയ, അവരുടെ കൈയിലെ വെള്ളം നിറച്ച ചരുവം, ഒഡസിയുടെ കാലിലെ പാട് കണ്ട ആയ യുടെ ചേഷ്ഠ ഒക്കെയും അദ്ദേഹം നടിച്ചു. കൂട്ടുകാരിയായ റീന ഇത് അഭിനയിച്ചു കാണിക്കുമായിരുന്നു. ഇങ്ങനെ ഒരോ ക്ലാസും അഭിനയം, അറിവ്, ജനാധിപത്യ ബോധം ഒക്കെയും കൊണ്ടു നിറഞ്ഞത് ആയിരുന്നു.

അദ്ദേഹം ക്ലാസ്സ്‌ എടുക്കുമ്പോൾ കടലിനെക്കുറിച്ചുള്ള പരാമർശം ഉണ്ടായി. കടൽ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ഞങ്ങൾ തലകുലുക്കി. ഉടനെ അദ്ദേഹം ചോദിച്ചു ‘മ്യൂസ് കാഞ്ഞിരപ്പള്ളിയിൽ കടലുണ്ടോ’എന്ന്.

ADVERTISEMENT

അപ്പോൾ ഞാൻ മെല്ലെ പറഞ്ഞു ഉൾക്കടൽ ആണ് സാറെ. അപ്പോഴും അദ്ദേഹം ചെറുതായി ചിരിച്ചു. പിന്നീട് ഒരിക്കൽ ഒരു തമാശ ഉണ്ടായി. എനിക്ക് അത്യാവശ്യം ആയി ഫോൺ ചെയ്യേണ്ട കാര്യം ഉണ്ടായി. ഓഫീസിൽ ഒരു ഫോൺ ഉണ്ട്. സാർ ഒന്ന് ഫോൺ വിളിച്ചോട്ടെ എന്ന്. അദ്ദേഹം സമ്മതിച്ചു. ഫോൺ വിളിക്കാൻ ഞാൻ എഴുന്നേറ്റപ്പോൾ അറ്റൻഡർ വന്നിട്ട് എനിക്ക് ഫോൺ ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം കുസൃതിയോടെ പറഞ്ഞു. ഇതാണ് ടെലിപ്പതിക് ഫോൺ. ചെറുപ്പക്കാരിയായ സ്റ്റുഡന്റ്, അവൾക്ക് ഫോൺ വിളിക്കാൻ അത്യാവശ്യം എന്ന് പറയുന്നു. ഉടനെ അവൾക്ക് ഫോൺ വരുന്നു... എനിക്ക് കാര്യം മനസ്സിലായി എന്ന മട്ടിലുള്ള ആ ചിരി ഇന്നും മനസ്സിലുണ്ട്. കാലം എത്ര കടന്നു പോയി. അദ്ദേഹം ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയാൽ മൂന്നു മണിക്കൂർ ഒക്കെ ക്ലാസ്സ്‌ എടുക്കും. സാഹിത്യവുംസാഹിത്യസിദ്ധാന്തങ്ങളുമൊക്കെ അനായാസം ക്ലാസ്സിൽ വന്നു നിറയും. പൗരസ്ത്യവും പശ്ചാത്യവുമായ സാഹിത്യ സിദ്ധാന്തങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഉപരിപ്ലവം അല്ലാത്ത വായനകൾ ആയിരുന്നു. സമയം പോകുന്നത് അറിയില്ല. അറിവിൽ മുഴുകിയ അവതരണം...

അക്കാലത്ത് അഞ്ചു ദിവസം നീണ്ടു നിന്ന കമ്പരറ്റീവ് ലിറ്ററെറി കോൺഫറൻസ് – ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുവന്ന ഡിലീഗേറ്റ്സ്, പേപ്പർ പ്രസന്റേഷൻ, ഡിസ്കഷൻസ്, രാത്രിയിൽ കൂടിയാട്ടം, കഥകളി തുടങ്ങിയ കലാ രൂപങ്ങൾ. ഞങ്ങൾ വിദ്യാർത്ഥികൾക്ക് സെമിനാറിലും ചർച്ചകളിലും ആക്റ്റീവ് ആകാൻ സ്വാതന്ത്ര്യം നൽകി, ചോദ്യങ്ങൾ ചോദിക്കാനും സെമിനാർ റിപ്പോർട്ട്‌ ചെയ്യാനുമൊക്കെ അവസരങ്ങൾ നൽകി. അങ്ങനെ അക്കാദമികമായ നേതൃത്വം കൊണ്ട് സ്കൂൾ ഓഫ് ലെറ്റേഴ്സ് സമൃദ്ധമായ കാലം. ഞങ്ങളുടെ കോഴ്സ് തീരാറാകുമ്പോൾ ആണ് അദ്ദേഹം ടെലിഷൻഫിലിമിൽ അഭിനയിക്കുന്നത്. പെരുവഴിയിലെ കരിയിലകൾ ആയിരുന്നു അത്. പിന്നീട് മരണം ദുർബലം, തുടർന്ന് സിനിമയിലേക്ക്. അദ്ദേഹത്തിലെ അധ്യാപകനെയും നാടകകാരനേയും എഴുത്തുകാരനെയും സിനിമ വിഴുങ്ങി. ഇന്ന് ഓർമ്മകൾ വന്നു വഴി മുടക്കി. പ്രണാമം സാർ.

ADVERTISEMENT
ADVERTISEMENT