ചേട്ടന്റെ പിറന്നാൾ ദിനത്തിന്റെ സന്തോഷത്തിനിടെ ദുരന്തം: ഓടിയെത്തുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച ഡെൽന മോളെ Six-Month-Old Baby Found Dead on Brother's Birthday
Mail This Article
ആറുമാസം പ്രായമായ ഡെൽന കൊല്ലപ്പെട്ടതു ചേട്ടന്റെ പിറന്നാൾ ദിനത്തിൽ: അങ്കമാലി ∙ കറുകുറ്റി കരിപ്പാലയിൽ വീടിനുള്ളിൽ ആറുമാസം പ്രായമായ പെൺകുഞ്ഞ് ഡെൽന മറിയം സാറ കൊല്ലപ്പെട്ടതു ചേട്ടൻ ഡാനിയേലിന്റെ പിറന്നാൾ ദിവസം. പിറന്നാൾ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു പിതാവ് ആന്റണി. റൂത്തിന്റെ നിലവിളി കേട്ട് ഓടിച്ചെന്നപ്പോൾ കുഞ്ഞു രക്തത്തിൽ കുളിച്ചുകിടക്കുന്നതാണു കണ്ടത്. ആന്റണി ഉടൻ കുഞ്ഞിനെ എടുത്തു പുറത്തേക്കിറങ്ങി. അപ്പോഴാണ് അയൽവാസി അവിടേക്ക് എത്തിയത്. അയൽവാസിയുടെ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ജീവൻ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആർട്ടിസ്റ്റായ ആന്റണി വിദേശത്തുനിന്ന് 6 മാസം മുൻപാണു നാട്ടിലെത്തിയത്. നഴ്സായ റൂത്ത് ഇപ്പോൾ ജോലിക്കു പോകുന്നില്ല.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന നിലയിൽ കണ്ടെത്തിയ മുത്തശ്ശി റോസിയെ (66) മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡെൽന മറിയം സാറയാണു കൊല്ലപ്പെട്ടത്. റൂത്തിന്റെ അമ്മയാണ് റോസി. കത്തി ഉപയോഗിച്ചു കഴുത്തിനു മുറിവേൽപ്പിച്ചതായാണു കണ്ടത്. കിടപ്പുമുറിയിൽ നിന്നു കത്തി കണ്ടുകിട്ടി. റോസിയെ അറസ്റ്റ് ചെയ്തു.
ഒരു വർഷത്തിലേറെയായി ആന്റണിയും റൂത്തും കുട്ടികളും കരിപ്പാലയിൽ റൂത്തിന്റെ വീട്ടിലാണു താമസം. അവിടെ ബുധൻ രാവിലെ 9 മണിയോടെയാണു സംഭവം. വീട്ടിൽനിന്നു ബഹളം കേട്ട് അയൽവാസി ചെന്നപ്പോൾ ചോരയിൽകുളിച്ച കുഞ്ഞുമായി നിൽക്കുന്ന പിതാവ് ആന്റണിയെയാണു കണ്ടത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് വീട്ടിലെത്തിയപ്പോഴാണു മുത്തശ്ശിയെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന നിലയിൽ കണ്ടത്. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഡിയം കുറയുന്നതിനെ തുടർന്നുള്ള അസ്വാസ്ഥ്യങ്ങൾക്കും ഉറക്കമില്ലായ്മയ്ക്കും ഇവർ മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. കട്ടിലിൽ കിടന്നിരുന്ന അമ്മയുടെ സമീപത്തു കുഞ്ഞിനെ കിടത്തിയ ശേഷം ആഹാരമെടുക്കാൻ അടുക്കളയിൽ പോയി തിരികെയെത്തിയപ്പോഴാണു കുഞ്ഞിനെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെതെന്നാണു റൂത്ത് പൊലീസിൽ മൊഴി നൽകിയത്. ചുമരിനോടു ചേർന്നുള്ള ഭാഗത്താണു കുഞ്ഞിനെ കിടത്തിയത്. റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയും ആന്റണിയും മൂത്ത മകൻ 5 വയസ്സുകാരൻ ഡാനിയേലും വീട്ടിലുണ്ടായിരുന്ന സമയത്താണു കുഞ്ഞ് കൊല്ലപ്പെട്ടത്.
രക്തത്തിൽ കുളിച്ച കുഞ്ഞ്; ഞെട്ടൽ മാറാതെ മണി
അങ്കമാലി ∙ രക്തത്തിൽ കുളിച്ച കുഞ്ഞിനെ കണ്ടതിന്റെ ഞെട്ടൽ ഇതുവരെ വിട്ടുമാറാതെ അയൽവാസി കരിപ്പാല പാണാട്ട് പി.കെ. മണി. പ്രഭാതഭക്ഷണം കഴിക്കുമ്പോഴാണു നിലവിളി കേട്ടത്. ഓടിച്ചെന്നപ്പോൾ ചോരയിൽ കുളിച്ച കുഞ്ഞിനെ മാറോടണച്ച് കുഞ്ഞിന്റെ പിതാവ് ആന്റണി നിൽക്കുന്നു. ഉടൻ വീട്ടിൽ ചെന്നു കാറെടുത്തു. കുഞ്ഞിന്റെ തലയുടെ പിൻഭാഗത്തു നിന്നു രക്തം ഒഴുകുന്നുണ്ടായിരുന്നു– മണി പറഞ്ഞു.
ചെങ്ങമനാട് ആരോഗ്യവകുപ്പിൽ സീനിയർ ക്ലർക്കായ മണിയുടെ വീടിന്റെ കിഴക്കുഭാഗത്താണു ഡെൽനയുടെ വീട‌്. അസുഖബാധിതയായ മുത്തശ്ശി റോസി രണ്ടാഴ്ച മുൻപ് ആശുപത്രിയിൽ പോയിരുന്നു. അവർക്ക് എന്തെങ്കിലും വല്ലായ്കയുണ്ടെന്നു കരുതിയാണ് ഓടിച്ചെന്നതെന്നു മണി പറഞ്ഞു. ആന്റണിയെയും റൂത്തിനെയും സച്ചു എന്ന അയൽവാസിയെയും കൂട്ടിയാണു കറുകുറ്റിയിലെ ആശുപത്രിയിലേക്കു പോയത്. എന്തോ കടിച്ചതാണെന്നു തോന്നുന്നുവെന്നാണ് ആന്റണി പറഞ്ഞത്. ആശുപത്രിയിലും അത്തരത്തിലാണ് പറഞ്ഞത്. അവിടെയെത്തുമ്പോൾ പൾസ് തീരെ കുറവായിരുന്നു. മരണം സ്ഥിരീകരിക്കുകയും ചെയ്തു.