മകന്റെ പ്രകടനം കാത്ത് അമ്മ കലോത്സവ വേദിയിൽ, പക്ഷേ അവനെത്തിയില്ല...കണ്ണീരിന്റെ ജലച്ചായമൊരുക്കി ദിൽജിത്ത് മടങ്ങി Road Accident Claims Life of Kalolsavam Participant
Mail This Article
കലോത്സവത്തിൽ കണ്ണീരിന്റെ ജലച്ചായമൊരുക്കി പി.ദിൽജിത്ത് മടങ്ങി. മണ്ണാർക്കാട് ഉപജില്ലാ കലോത്സവം നാടൻ പാട്ട് മത്സരത്തിനായി ബൈക്കിൽ വരുന്നതിനിടെ അപകടം കവർന്നെടുത്തത് കുടുംബത്തിന്റെയും നാടിന്റെ പ്രതീക്ഷകൾകൂടി.മണ്ണാർക്കാട്ടു നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപനമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസം എച്ച്എസ്എസ് വിഭാഗം ചിത്രരചന– ജലച്ചായം മത്സരത്തിൽ പള്ളിക്കുറുപ്പ് ശബരി എച്ച്എസ്എസിലെ പി.ദിൽജിത്ത് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിനുള്ള ഒരുക്കത്തിലായിരുന്നു.
പുഴയും മരവും പക്ഷിമൃഗാദികളും മനുഷ്യരും കുളിക്കടവും പാലവും ബസുമെല്ലാം ഒറ്റ ഫ്രെയിമിൽ കോർത്തിണക്കിയതായിരുന്നു ദിൽജിത്തിന്റെ ജലച്ചായം.നാടൻപാട്ട് മത്സരവും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദിൽജിത്തും സ്കൂളും.മത്സരത്തിന് ഉപയോഗിക്കുന്ന വസ്ത്രം എടുക്കാനായാണു ദിൽജിത്തും സഹപാഠി മുഹമ്മദ് സിനാനും ബൈക്കിൽ ദിൽജിത്തിന്റെ അമ്മ ദിവ്യയുടെ കാഞ്ഞിരം പള്ളിപ്പടിയിലുള്ള തറവാട്ടുവീട്ടിലെത്തിയത്. വസ്ത്രമെടുത്തു മത്സര വേദിയിലേക്കു വരുന്നതിനിടെ പാലാമ്പട്ടയിൽ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിൽജിത്തിനെ രക്ഷിക്കാനായില്ല. അപകടവാർത്ത കേൾക്കുമ്പോൾ ദിൽജിത്തിന്റെ അമ്മ ദിവ്യയും കലോത്സവ വേദിയിലുണ്ടായിരുന്നു. കൂലിപ്പണിക്കു പോയ ഭർത്താവ് രാജേഷിനെ പിന്നീടു വിവരം അറിയിച്ചു. അധ്യാപകരും വീട്ടുകാരും ആശുപത്രിയിലെത്തി. പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ ദിൽജിത്ത് ശബരി ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നു മുതൽ 12 വരെയും പഠനം നടത്തിയത്. പാട്ടിലും ചിത്രരചനയിലും മിടുക്കനായിരുന്നെന്നു പ്രിൻസിപ്പൽ എ.ബിജു പറഞ്ഞു. വിശേഷദിവസങ്ങളിൽ സ്കൂളിൽ സ്കിറ്റുകൾ ഒരുക്കുമായിരുന്നു.
അപകടം പതിയിരിക്കുന്ന പാലാമ്പട്ട വളവ്
ചിറക്കൽപടി–കാഞ്ഞിരപ്പുഴ റോഡിലെ പാലാമ്പട്ടയിൽ നാലു ദിവസത്തിനിടെ രണ്ട് അപകടങ്ങളിലായി പരുക്കേറ്റത് ആറു പേർക്ക്; ഒരാൾക്കു ജീവൻ നഷ്ടമായി. മാസങ്ങൾക്കു മുൻപും ഇതേ സ്ഥലത്തു നടന്ന അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനു ജീവൻ നഷ്ടപ്പെട്ടിരുന്നു. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് അധികൃതർ പറയുമ്പോഴും നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണം കഴിഞ്ഞതോടെ വാഹനങ്ങളുടെ വേഗം വർധിച്ചു. പാലാമ്പട്ടയിലെ വളവിൽ ശ്രദ്ധയൊന്നു പാളിയാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കും. കഴിഞ്ഞ ഞായറാഴ്ച മൂന്നു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോയും അപകടത്തിൽപെട്ട് കുഞ്ഞ് അടക്കം അഞ്ചു പേർക്കാണു പരുക്കേറ്റത്. ഇതിന് ഏതാനും മീറ്റർ മാറിയാണ് ഇന്നലെ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞത്.പ്രദേശത്തു വേഗ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കി ഗതാഗതം സുഗമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.