‘കണ്ണുതുറക്കാൻ പറ്റുന്നില്ല... ആ അമ്മ സാരിത്തുമ്പ് മാറ്റിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച’: ഡോ. ദീപ്തി പറയുന്നു The Unseen Struggles of Cancer Patients
Mail This Article
ദേശീയ കാൻസർ അവബോധ ദിനമാണ് വെള്ളിയാഴ്ച. കരളുരുക്കുന്ന കാൻസർ വേദനയിലും കരുത്തോടെ നിൽക്കുന്നവർക്ക് പിന്തുണ നൽകുന്ന ദിനം. തന്റെ കർമവഴിയിൽ കടന്നുപോയ കാൻസർ പോരാളികളെ കുറിച്ച് വികാരനിർഭരമായി പങ്കുവയ്ക്കുകയാണ് ഡോ. ദീപ്തി ടി.ആർ. തന്റെ ഏറ്റവും പുതിയ പുസ്തകമായ ജീവന്റെമണമുള്ള ജീവിതങ്ങളിൽ പങ്കുവച്ചിട്ടുള്ള കാൻസർ പോരാളികളുടെ അനുഭവ സാക്ഷ്യങ്ങൾ മുൻനിർത്തിയുള്ള കുറിപ്പാണ് ഡോ. ദീപ്തി വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നത്.
ഡോ. ദീപ്തി വനിത ഓൺലൈനുമായി
നിർത്താതെ തകർത്ത് പെയ്യുന്ന മഴ.. സാധാരണ മഴയോ വെയിലോ കാൻസർ സെന്ററുകളിലെ തിരക്കിനെ ഒരു രീതിയിലും ബാധിക്കാറില്ല. രാവിലെ 8 മണിയാവുമ്പോഴേക്കും രോഗികളുടെയും ബൈസ്റ്റാൻഡേഴ്സിന്റെയും തിരക്ക് കണ്ടിട്ടാണ് ഓരോ ദിവസവും ഒ പിയിൽ കയറാറുള്ളത്!! പക്ഷെ അന്നെന്തോ വരാന്തയിലൊക്കെ ആളുകൾ കുറവായിരുന്നു.ഹോസ്പിറ്റലിൽ അധികം തിരക്കില്ലായിരുന്നു. ആ മഴയത്ത് നനഞ്ഞ് കുളിച്ച് കൊണ്ട് ഒരമ്മയും മകനും കേറി വന്നു. ആകെപ്പാടെ പരിഭ്രമിച്ച അവസ്ഥയിൽ ആയിരുന്നു അവർ രണ്ടു പേരും.
നനഞ്ഞ കുടയും കുറെ പേപ്പറുകളും ചുറ്റിപ്പിടിച്ച് ആ മകന്റെ നിൽപ്പ് കണ്ടാൽ തന്നെ വിഷമം ആവും.
അമ്മ തല വഴി സാരി ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. സാരിക്കിടയിലൂടെ ആണ് അവർ പുറത്തേക്ക് നോക്കികൊണ്ടിരുന്നത്. ഞാൻ അവരോട് രണ്ട് പേരോടും ഇരിക്കാൻ പറഞ്ഞു. നനഞ്ഞ് ക്ഷീണിച്ച് അവർ മുന്നിലിരുന്നു. എന്താ വിഷമം എന്ന് ചോദിച്ചപ്പോഴാണ് ആ അമ്മ സാരി മുഖത്ത് നിന്ന് മാറ്റിയത്. കണ്ണ് മറയുന്ന രീതിയിൽ രീതിയിൽ ഒരു വലിയ മുഴ സാരിത്തുമ്പ് മാറ്റിയപ്പോഴാണ് എത്ര ഗുരുതരമാണെന്ന് കാര്യങ്ങൾ എന്ന് വ്യക്തമായത്.. മുഴ കൊണ്ട് കണ്ണുതുറക്കാൻ പറ്റുന്നില്ല.. കാഴ്ചയും ഉണ്ടാവാൻ സാധ്യതയില്ല.
മകൻ വളരെ നിർവികാരനായി നിൽക്കുന്നതുപോലെ തോന്നി. എല്ലാ രോഗികളോടും വളരെ സൗമ്യമായി പെരുമാറുന്ന ഞങ്ങളുടെ പ്രൊഫസർ രോഗിയെ മാറ്റി നിർത്തിയതിനുശേഷം ആ മകനോട് വളരെ ദേഷ്യത്തോടെ ചോദിച്ചു "ഇത് ഇങ്ങനെ കണ്ടിട്ട് വീട്ടിൽ വെച്ചിരിക്കാൻ എങ്ങനെ നിങ്ങൾക്കൊക്കെ മനസ്സ് വന്നു? ഒന്നുമില്ലെങ്കിൽ സ്വന്തം അമ്മയല്ലേ" അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടിത്തരിച്ചെങ്കിലും ആ മകന്റെ മുഖഭാവത്തിൽ യാതൊരു വ്യത്യാസവും ഉണ്ടായില്ല, പകരം നിസ്സഹായത മാത്രം ആ കണ്ണിൽ നിറഞ്ഞു നിന്നു.
എല്ലാറ്റിനും കാരണം ഞാൻ തന്നെയാണ് എന്നുള്ള ഒരു നിൽപ്പ്.. പിന്നീടാണ് ഞങ്ങൾ അയാളുടെ കഥ മുഴുവനായി അറിഞ്ഞത്.
ആ അമ്മയുടെ ഏക മകനായിരുന്നു അയാൾ.
രണ്ടുവർഷമായി ദുബായിലാണ് ജോലി ചെയ്യുന്നത്. അത്ര വലിയ ജോലിയൊന്നുമായിരുന്നില്ല. അതുകൊണ്ടുതന്നെ ലീവ് കിട്ടാനും നാട്ടിലേക്ക് ഇടയ്ക്കിടെ വരാനും ഒക്കെ വളരെ ബുദ്ധിമുട്ടായിരുന്നു.. അമ്മയ്ക്ക് അസുഖം വരുന്നത് ഒരു വർഷം മുമ്പേയാണ്.. കാര്യം എല്ലാം അറിഞ്ഞിരുന്നു എങ്കിലും അമ്മയെ ചികിൽസിക്കാൻ കൊണ്ട് പോകാൻ ബന്ധുക്കളുടെ സഹായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടുംബക്കാരും ബന്ധുക്കളും ഒക്കെ ചേർന്ന് അടുത്തുള്ള സിദ്ധ ഔഷധ ചികിത്സക്കും മറ്റു പൊടിക്കൈകൾ പരീക്ഷിക്കാനും അവരെ കൊണ്ട് പോയി.
‘എനിക്ക് ഇതിനെപ്പറ്റി വലിയ അറിവുണ്ടായിരുന്നില്ല. എല്ലാമാസവും ഞാൻ പൈസ അയച്ചു കൊടുത്തിരുന്നു. പക്ഷെ ആരും നല്ല ഒരു ആശുപത്രിയിൽ അമ്മയെ കൊണ്ട് പോയില്ല. രണ്ട് കൊല്ലം കഴിഞ്ഞ് ഞാൻ ഇന്നാണ് നാട്ടിലെത്തിയത്. അമ്മയെ കണ്ടപ്പോൾ ഞെട്ടി വിറച്ച് പോയി. ശ്വാസം തന്നെ നിലച്ച് കുറെ നേരം ഇരുന്നു പോയത്രെ. രണ്ടു കൊല്ലം മുൻപ് പോകുമ്പോൾ കണ്ട അമ്മയുടെ നിഴലായി മാറിയിരുന്നു ഇപ്പോൾ അമ്മ.
സഹിക്കാൻ കഴിയാതെ അവൻ അമ്മയെ കൂട്ടി ഓടി എത്തിയതാണ്. ഈ കാര്യമെല്ലാം കേട്ടപ്പോൾ ഞങ്ങൾക്ക് ഒരു നിമിഷം ശ്വാസം നിലച്ച പോലെ തോന്നി. ഇനി എന്ത് ചെയ്യും?
അവരുടെ കയ്യിൽ കുറെ ടെസ്റ്റ് റിപ്പോർട്ടുകൾ എല്ലാം ഉണ്ടായിരുന്നു.
ആ റിപ്പോർട്ടുകൾ പരിശോധിച്ചു നോക്കുമ്പോൾ ഞങ്ങൾ ഒന്നടങ്കം ഞെട്ടി!!
നാല് പെറ്റ് സ്‌കാൻ റിപ്പോർട്ടുകൾ!
ഓരോ മൂന്നു മാസം കൂടുമ്പോഴും പെറ്റ് സ്‌കാൻ എടുത്തതിന്റെ റിപ്പോർട്ടുകൾ ആണ്. ഏകദേശം ഒരു വർഷത്തോളമായി പെറ്റ് സ്‌കാൻ എടുക്കാൻ തുടങ്ങിയിട്ട്.
മറ്റൊരു ശാസ്ത്ര ശാഖയിലെ ഡോക്ടർ പറഞ്ഞിട്ടാണ് അവർ ഈ ടെസ്റ്റുകൾ എല്ലാം എടുത്തത്.
ആ പെറ്റ് സ്‌കാനുകളിൽ നിന്നും തന്നെ വ്യക്തമായിരുന്നു കാൻസർ എത്രത്തോളം വ്യാപിച്ചിരുന്നുവെന്ന്! പക്ഷെ ആ ഡോക്ടർ മറ്റൊന്നും ചെയ്യാതെ അവരെ ചികിൽസിച്ച് കൊണ്ടേയിരിക്കുകയായിരുന്നുവത്രെ.
പ്രൊഫസർ നിസ്സഹായതയോടെ ഞങ്ങളോട് പറഞ്ഞു
ഈ പെറ്റ് സ്‌കാൻ എടുപ്പിച്ചത് രോഗം വ്യാപിക്കുന്നത് കണ്ട് രസിക്കാൻ ആയിരിക്കുമോ എന്ന്! ശരിയായ ചികിത്സ ലഭിക്കാത്തത് ഒന്ന് കൊണ്ടു മാത്രമാണ് രോഗം ഇത്രയും മൂർച്ഛിച്ചത്! അദ്ദേഹം അവരെ അന്ന് തന്നെ മോഡേൺ മെഡിസിനിലേക്ക് റെഫർ ചെയ്തിരുന്നെങ്കിൽ ആ അമ്മയുടെ ജീവിതം രക്ഷപ്പെട്ടേനെ.
പാലിയേറ്റീവ് ചികിത്സ മാത്രമേ അവരുടെ കാര്യത്തിൽ വഴി ഉണ്ടായിരുന്നുള്ളൂ, അതും ഒരു ആശ്വാസത്തിനു വേണ്ടി മാത്രം! !
സർ ഹിപ്പൊക്രാട്ടിസ് പറഞ്ഞ ‘primum non noncere’ above all do no harm എന്ന പ്രതിജ്ഞയെ കുറിച്ച് പറഞ്ഞു, ഒരാൾ ഏറ്റവും മികച്ച ഒരു ഡോക്ടറാവുന്നത് എപ്പോൾ ചികിത്സ കൊടുക്കേണ്ട, എപ്പോൾ റെഫർ ചെയ്യണം എന്നൊക്കെ തീരുമാനിക്കാൻ അറിയുമ്പോൾ മാത്രമാണ്.
ആ പോസ്റ്റിംഗിലെ തന്നെ വലിയൊരു പാഠമായിരുന്നു അത്, ഇന്നും പുതിയ രോഗികളെ കൈകാര്യം ചെയ്യുമ്പോൾ വർഷങ്ങൾക്ക് മുൻപ് സർ പറഞ്ഞ കാര്യം ഓർക്കാറുണ്ട് ..
ആ അമ്മയുടെയും മകന്റെയും കാര്യത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് ആർക്കും അറിയില്ലായിരുന്നു.
എല്ലാം അറിഞ്ഞിട്ടും സാഹചര്യങ്ങൾ കൊണ്ട് ഒന്നിനും കഴിയാതെ വന്ന നിസ്സഹായനായ ആ മകനെയോ?
വേദന മുഴുവൻ അനുഭവിച്ച ആ അമ്മയെയോ ?
ആ അമ്മയെ ശരിയായ ചികിത്സകേന്ദ്രത്തിൽ എത്തിക്കാതിരുന്ന കുടുംബക്കാരെയോ?
പെറ്റ്സ്കാൻ കണ്ടിട്ടും ഒന്നും ചെയ്യാത്ത മറ്റൊരു ശാസ്ത്ര ശാഖയിലെ ആ ഡോക്ടറെയോ?
അതോ നമ്മുടെ മൊത്തം ആരോഗ്യ സംവിധാനത്തെയോ?
പുറത്തെ മഴ തോർന്നു തുടങ്ങിയെങ്കിലും മനസിലെ ചോദ്യങ്ങൾ മഴയെക്കാൾ വേഗതയിൽ തോരാതെ പെയ്തു കൊണ്ടിരിക്കുകയായിരുന്നു! !