ആറു കിലോമീറ്റർ ഓട്ടം, രണ്ടു മണിക്കൂർ ജിം... പിന്നെ ജലയോഗ; 77ലും 17ന്റെ യൗവനത്തിൽ പായുന്ന അന്നമ്മ ട്രൂബിന്റെ എക്സർസൈസ് സീക്രട്സും ജീവിതവും Annamma's Inspiring Fitness Routine at 77
Mail This Article
പുലര്‍ച്ചെ അഞ്ചിനു തുടങ്ങും കോട്ടയം പങ്ങട സ്വദേശി അന്നമ്മയുടെ വ്യായാമം. ദിവസവും ആറു കിലോമീറ്റര്‍ എങ്കിലും ഓടും. രണ്ട് മണിക്കൂര്‍ സ്വന്തം ജിംനേഷ്യത്തില്‍ വർക്കൗട്ട്. പിന്നെ, സ്വന്തം വീട്ടുവളപ്പിലെ സ്വിമ്മിങ് പൂളിൽ അത്ര കേട്ടുകേള്‍വിയില്ലാത്ത ജലയോഗ. 77 വയസ്സുകാരിയുടെ വര്‍ക്കൗട്ട് സീക്രട്ടസ് കേട്ടാല്‍ ഏതു ജെൻ സീയും അതിശയിച്ചു മൂക്കത്തു വിരല്‍ വയ്ക്കും.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നഴ്‌സായിരുന്ന അന്നമ്മ അവിടുത്തുകാരന്‍ ഹാന്നസ് ട്രൂബിനെ വിവാഹം ചെയ്ത് അവിടെ താമസമായി. ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഭര്‍ത്താവുമൊത്തു നാട്ടിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായി കഴിയാനായിരുന്നു പ്ലാൻ. അപ്പോഴാണ് 2013ല്‍ വിധി ശ്വാസകോശ കാന്‍സറിന്റെ രൂപത്തിലെത്തി ട്രൂബിനെ തട്ടിയെടുത്തത്. ആറു വര്‍ഷം മുന്‍പ് അന്നമ്മ ഒറ്റയ്ക്കു നാട്ടിലെത്തി. അവിടെ തുടങ്ങുന്നു അന്നമ്മയുടെ പുതിയ ലോകം. വീടും ചുറ്റുമുള്ള മൂന്നരയേക്കറിലും ജൈവകൃഷിയും ഫാം ടൂറിസവും മുതല്‍ ഫിറ്റ്‌നസ് സെന്ററും നീന്തല്‍ പരിശീലിപ്പിക്കുന്ന കുളവും വരെയുണ്ട്.
‘‘എനിക്കു പണ്ടു നീന്താൻ പേടിയായിരുന്നു. ഹാന്നസ് കടലിൽ നീന്താൻ പോകുമ്പോൾ എന്നെയും കൂട്ടും. എന്നെ തോളിലേറ്റി തിരകൾക്കിടയിലൂടെ നീന്തും. കുറച്ചു ദൂരം പിന്നിട്ടാൽ പിന്നെ, തിരയില്ലല്ലോ. അവിടെ എന്നെ നീന്താൻ പഠിപ്പിക്കും.’’
ഓർമപ്പടവിൽ നിന്നിറങ്ങി പൂളിലെ പടവുകളിലിരുന്നു അന്നമ്മ. പതിവു സ്വിമ്മിങ് പൂളില്‍ നിന്നു വ്യത്യസ്തമായി പടവുകൾ തീർത്തത് ജലയോഗയുടെ ഭാഗമായുള്ള സൈലന്റ് മെഡിറ്റേഷൻ ചെയ്യാനാണെന്ന് അന്നമ്മ പറയുന്നു. ‘‘മെഡിറ്റേഷനു നിശ്ചിത സമയമൊന്നുമില്ല. അതെല്ലാം മനസ്സു പറയും പോലെയാണ്. വെള്ളത്തിലിരുന്നു നിശബ്ദമായി ധ്യാനിക്കും. പിന്നെ, പ്രാണായാമവും സൂര്യനമസ്‌കാരവും. കൂടാതെ വാട്ടര്‍ എക്‌സര്‍സൈസുകളും ചെയ്യാറുണ്ട്.’’
വെള്ളത്തില്‍ സൈക്ലിങ് വരെ ചെയ്യും അന്നമ്മ. ഇതിനായി ഫോം ട്യൂബാണ് ഉപയോഗിക്കുക. ഇതിലിരുന്ന് സൈക്കിള്‍ ചവിട്ടും പോലെ വ്യായാമം ചെയ്യാനാകും. ‘‘കൊച്ചു കുട്ടികള്‍ മുതൽ 60 പിന്നിട്ടവര്‍ വരെ ഇവിടെയെത്തി നീന്തലിലും യോഗയിലും പരിശീലനം നേടിയിട്ടുണ്ട്. സന്ധിവേദന പോലുള്ള ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍ക്കു വെള്ളത്തിലുള്ള വ്യായാമം നല്ലതാണ്. നീന്തലും യോഗയും പഠിച്ചശേഷം തന്റെ പ്രായമുള്ള ‘കിഡ്‌സി’ല്‍ പലര്‍ക്കും കാല്‍മുട്ട്, കൈമുട്ട് വേദനകള്‍ മാറി.’’ ചിരിയോടെ അന്നമ്മ പറയുന്നു.
‘‘34ാം വയസ്സിൽ ജീവിതശൈലീ രോഗങ്ങള്‍ അലട്ടിത്തുടങ്ങിയപ്പോഴാണ് വ്യായാമത്തെ കൂടെ കൂട്ടിയത്. മരുന്നുകളുടെ എണ്ണം കൂടി വന്നപ്പോള്‍ ഇങ്ങനെയല്ല ജീവിതം മുന്നോട്ടു പോകേണ്ടത് എന്നു നിശ്ചയിച്ചു. ‘വീട്ടിലും ആശുപത്രിയിലും ജോലി ചെയ്യുന്നുണ്ടല്ലോ, പിന്നെന്തിനു വ്യായാമം’ എന്നായിരുന്നു ചിന്ത. അതു മാറ്റി വച്ച് ജിമ്മില്‍ ചേര്‍ന്നു. ഡയറ്റും വര്‍ക്കൗട്ടും ജീവിതത്തിന്റെ ഭാഗമായതോടെ ആരോഗ്യപ്രശ്‌നങ്ങള്‍ പടിയിറങ്ങി. മരുന്നുകളോടു നോ പറഞ്ഞ് അവയെ ചവറ്റുകുട്ടയില്‍ ഇട്ടു. പിന്നീട് ഇന്നുവരെ അത് കൈകൊണ്ട് തൊടേണ്ടി വന്നിട്ടില്ല.’’ വ്യായാമ വഴിയിലേക്ക് മാറി സഞ്ചരിച്ച കഥ പറയുമ്പോൾ അന്നമ്മയ്ക്ക് ഫുള്‍ പവര്‍.
പ്രീഡിഗ്രിക്കു ശേഷമാണ് അന്നമ്മ പഠനത്തിനായി ജർമനിയിലേക്കു പോകുന്നത്. പിന്നീട് സ്വിറ്റ്‌സർലൻഡിൽ ജോലി. ഇതിനിടയിലാണ് പത്രപ്രവർത്തകനായ ഹാന്നസിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
കൂടുതൽ വായിക്കാം ഈ ലക്കം (നവംബർ 8– 21, 2025) വനിതയിൽ.
