ADVERTISEMENT

റോഡിൽ തെരുവുനായയുടെ കടി. തോട്ടിലും പുഴയോരത്തും നീർനായയുടെ കടി. കരയിലും വെള്ളത്തിലും രക്ഷയില്ലാതെ ജനം. കോട്ടയം ജില്ലകളിലെ പുഴകളിലും തോടുകളിലും നീർനായ ശല്യം രൂക്ഷം. ജില്ലയിലെ കായലും പുഴയും സംഗമിക്കുന്ന മേഖലകളിലും മീനച്ചിലാറ്റിലും നീർനായ സാന്നിധ്യം കൂടുതലുണ്ടെന്നു വനംവകുപ്പിന്റെ മുന്നറിയിപ്പ്. 

നീർനായയുടെ കടിയേറ്റു ചികിത്സ തേടിയ ഗൃഹനാഥ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചത് ഞായറാഴ്ചയാണ്. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

ADVERTISEMENT

ഞായറാഴ്ച രാവിലെ പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു. നിസാനിയുടെ കാലിൽ നീർനായയുടെ 3 പല്ലുകളിറങ്ങി. ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്കു മടങ്ങി. വൈകിട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പ്രദേശമാകെ നീർനായ ശല്യം രൂക്ഷമായെന്നാണ് ജനങ്ങളുടെ പരാതി. തോടുകളിലേക്കു നീർനായ എത്തി തുടങ്ങിയെന്നു വനംവകുപ്പും പറയുന്നു. നീർനായയുടെ പ്രജനനകാലത്തും കുഞ്ഞുങ്ങളുണ്ടായ ശേഷവും മനുഷ്യരെ അക്രമിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമായതിനാൽ നീർനായയെ വേട്ടയാടിയാൽ തടവും പിഴയും ശിക്ഷയുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.

ADVERTISEMENT

കുളിക്കാനിറങ്ങിയ ആളെ കടിച്ചു

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പാണംപടി കടവിൽ കുളിക്കാനിറങ്ങിയ കലയംകേരി അബുബക്കറിനെ (85) നീർനായ കടിച്ചു പരുക്കേൽപ്പിച്ചു. കാൽപാദത്തിലും വിരലിലും മുറിവുണ്ട്. സമീപത്തെ ആശുപത്രിയിലെത്തി ചികിത്സ തേടി.

ADVERTISEMENT

കടിയേറ്റ് കാലിലെ ഞരമ്പിനു മുറിവ്

അഞ്ച് മാസം മുൻപു അമ്പലപ്പടി താമരശേരിപുത്തൻപറമ്പിൽ വാമദേവനെ (75) നീർനായ കടിച്ചു പരുക്കേൽപിച്ചിരുന്നു. ജില്ലാ ജനറൽ ആശുപത്രിയിലെത്തി രണ്ട് കുത്തിവയ്പെടുത്തു.

മത്സ്യങ്ങൾക്കും രക്ഷയില്ല

കുഴിമറ്റം മാടപ്പാട്ട് കെ.വി.മർക്കോസിന്റെ മീൻ വളർത്തുന്ന കുളത്തിന്റെ പരിസരത്തു മീനിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് നീർനായ എത്തി മീനുകളെ പിടികൂടുന്ന വിവരം മനസ്സിലായത്. ഒരുമാസമായി ശല്യം തുടരുന്നതായും മർക്കോസ് പറഞ്ഞു.

ചികിത്സ തേടണം: ആരോഗ്യവകുപ്പ്

ഏതു മൃഗം കടിച്ചാലും ചികിത്സ തേടണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ എൻ. പ്രിയ അറിയിച്ചു. കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ കുറഞ്ഞതു 15 മിനിറ്റ് നേരം കഴുകണം. സോപ്പ് ഉപയോഗിച്ചും മുറിവ് കഴുകണം. കടിയേറ്റ വ്യക്തിയെ ഉടനെ ആശുപത്രിയിലെത്തിച്ച് വാക്സീനെടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

ADVERTISEMENT