തിരുവനന്തപുരം പേപ്പാറ റോഡിൽ അഞ്ചുമരുതുംമൂടിൽ വനാതിർത്തിയിൽ കണ്ടെത്തിയ രാജവെമ്പാല ഇര തേടി എത്തിയതായിരിക്കാമെന്ന നിഗമനത്തിൽ വനം വകുപ്പ്. പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ഏതെങ്കിലും ഇനത്തിൽപെട്ട പാമ്പിനെ കണ്ട്, പിന്നാലെ കാട്ടിൽ നിന്ന് എത്തിയതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.
20 കിലോയോളം ഭാരവും 18 അടിയോളം നീളവുമുള്ള രാജവെമ്പാലയെ ആണ് പരുത്തിപ്പള്ളി റേഞ്ച് പരിധിയിൽ വരുന്ന ആര്യനാട് പാലോട് സെക്ഷനിൽപ്പെട്ട സ്ഥലത്ത് ഞായറാഴ്ച കണ്ടെത്തിയത്. വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനാംഗങ്ങളാണ് രാജവെമ്പാലയെ പിടികൂടിയത്. തണുപ്പു കൂടുതലുള്ള പ്രദേശത്ത് പാർക്കാനാണ് രാജവെമ്പാലകൾക്കിഷ്ടം. ഞായറാഴ്ച രാജവെമ്പാലയെ കണ്ടെത്തിയ സ്ഥലം തോട്ടിൻകരയിലെ പാറപ്പുറത്തായിരുന്നു. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് അഞ്ചുമരുതുംമൂട്.
രാജവെമ്പാലകൾ ഇവിടെ
പെരിങ്ങമ്മല പഞ്ചായത്തിലെ ചല്ലിമുക്കിൽ നിന്ന് ഒന്നിലധികം രാജവെമ്പാലകളെ പലതവണയായി പിടിച്ചിട്ടുണ്ട്. പെരിങ്ങമല പഞ്ചായത്തിലെ ചാത്തിചാച്ച മൺപുറം, ബൗണ്ടർ മുക്ക്, പൊന്മുടി, കല്ലാർ എന്നിവിടങ്ങളിൽ നിന്നും ഇതിനു മുൻപ് വനം വകുപ്പ് രാജവെമ്പാലകളെ പിടികൂടിയിട്ടുണ്ട്.
കേരളത്തിൽ അഗസ്ത്യമല മുതൽ കാസർകോട് വരെ ഇവയെ കാണാറുണ്ട്. പശ്ചിമഘട്ടം, നിത്യഹരിത വനങ്ങൾ, ഈറ്റക്കാടുകൾ, ഇടതൂർന്ന അടിക്കാടുകളുള്ള വനങ്ങൾ, മുളങ്കാട്, അർധ നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ എന്നിവിടങ്ങളിലെല്ലാം ഇവയുണ്ട്.
ഒറ്റക്കടിയിൽ ആനയെക്കൊല്ലും
കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. കടിയേറ്റാൽ ശരാശരി 15 മിനിറ്റിനകം മനുഷ്യൻ മരിക്കും. ഒറ്റക്കടിയിൽ 6 മുതൽ 7 വരെ മില്ലിലീറ്റർ വിഷമുണ്ടാകും. മറ്റേതു പാമ്പു കടിച്ചാലും ഇത്രയും വിഷമില്ല. 20 മുതൽ 40 വരെ മനുഷ്യരെയോ ഒരാനയെയോ കൊല്ലാനുള്ള വിഷം ഒരേ സമയം ഇവ പുറപ്പെടുവിക്കും. പൊതുവേ ഇവ ആക്രമണകാരിയല്ലെന്ന് വനം വകുപ്പ് പറഞ്ഞു.
ഗാംഭീര്യമില്ല, പക്ഷേ കൊടും ‘ഭീകരൻ’
അഞ്ചര അടി നീളം. 9 കിലോ ഭാരം. വിഷപ്പാമ്പുകൾ ഉൾപ്പെടെ മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ഭക്ഷണം. ചിലപ്പോൾ ഉടുമ്പിനെയും ഭക്ഷണമാക്കും. പാമ്പുകളിലെ രാജാവ് എന്ന അർഥത്തിലാണ് ഈ പേര് കിട്ടുന്നത്. മുട്ടയിടാനായി കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പും രാജവെമ്പാലയാണ്. കരിയിലകൾ കൂട്ടി കൂടുണ്ടാക്കും. വിരിയുന്നതു വരെ അമ്മ മുട്ടകൾക്കൊപ്പം കഴിയും.
പത്തി ഉയർത്തി നിൽക്കുന്ന സ്വഭാവമുണ്ടെങ്കിലും പത്തിക്ക് മൂർഖന്റേതു പോലെ അഴകോ ഗാംഭീര്യമോ ഇല്ലെന്നു പറയാം. ചാരമോ കറുപ്പോ മഞ്ഞ കലർന്ന തവിട്ടോ ആണ് നിറം. അതിൽ വെള്ളയോ മഞ്ഞയോ വളയങ്ങളുണ്ടാകും. കാലാവസ്‌ഥാപരവും ഭൂമിശാസ്‌ത്രപരമായും ഉള്ള വർണവ്യതിയാനം സാധാരണമാണ്. 13–17 വർഷം വരെ ആയുസ്സുണ്ട്.
പിടിയിലാകുന്നവ ശംഖിലി വനത്തിലേക്ക്
ജില്ലയിൽ വനം വകുപ്പ് പിടികൂടുന്ന രാജവെമ്പാലകളെയും മറ്റ് ഉഗ്രവിഷമുള്ള സർപ്പങ്ങളെയും തുറന്നു വിടുന്നത് കൊല്ലം ജില്ലയിലെ കുളത്തൂപ്പുറ റേഞ്ചിൽപ്പെട്ട ശംഖിലി ഉൾവനത്തിലാണ്. ഞായറാഴ്ച അഞ്ചുമരുതൻമൂടിൽ നിന്ന് വനം വകുപ്പ് പിടിച്ച രാജവെമ്പാലയെ തുറന്നു വിട്ടതും ഇവിടെ തന്നെ.
കേരളത്തിലെ ഏക മരണം തലസ്ഥാനത്ത്
തിരുവനന്തപുരം മൃഗശാലയിൽ കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് അനിമൽ കീപ്പർ അമ്പൂരി സ്വദേശി എ. ഹർഷാദ് മരിച്ചത് 2021 ജൂലൈയിലാണ്. രാജവെമ്പാലയുടെ കടിയേറ്റ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഏക മരണവും അതു മാത്രമാണ്. രാജ്യത്ത് രാജവെമ്പാലയുടെ കടിയേറ്റ് 4 മരണങ്ങൾ മാത്രമാണ് ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ പട്ടികയിൽ മൂന്നാമത്തേതാണ് ഹർഷാദിന്റെ മരണം.