നാടിനെ കണ്ണീരിലാഴ്ത്തി ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം കൊല്ലം കുണ്ടറയിൽ പൂർത്തിയായി. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇന്നു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിലാണ് സംസ്കരിച്ചത്.
ഷാർജയിലായിരുന്ന അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തിയിരുന്നു. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയർന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നീണ്ടത്. ഭർത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി ധാരണയായതോടെ മകൾ വൈഭവിയുടെ മൃതദേഹം 17നു ദുബായിൽ സംസ്കരിച്ചിരുന്നു.
വിപഞ്ചികയെയും മകളെയും ഒന്നിച്ച് സംസ്കരിക്കണമെന്ന വിപഞ്ചികയുടെ കുടുംബത്തിന്റെ ആഗ്രഹത്തിന് തടസ്സമായത് ഭർത്താവ് നിതീഷിന്റെ നിർബന്ധമാണ്. തനിക്ക് യാത്രാവിലക്കുള്ളതിനാൽ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കണമെന്നായിരുന്നു നിതീഷ് നിലപാട് സ്വീകരിച്ചത്.
കഴിഞ്ഞ 9നാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക, മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷുമായുള്ള വിവാഹം. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാർ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള ആത്മഹത്യക്കുറിപ്പു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു.
തുടർന്ന് ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛൻ മോഹനൻ എന്നിവർക്കെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ കുണ്ടറ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറും.