ADVERTISEMENT

‘എന്നെ പൊലീസിനു കൈമാറുന്നതിനു മുൻപും തിരിച്ചു കൊണ്ടുവന്നതിനു ശേഷവും എക്സ്റേ എടുക്കണം..’ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്നതിനു മുൻപു മജിസ്ട്രേട്ടിനോടു ഗോവിന്ദച്ചാമി ഈ ആവശ്യം ഉന്നയിച്ചത് 14 വർഷം മുൻപാണ്.

കസ്റ്റഡിയിൽ മർദനമേൽക്കാതിരിക്കാനുള്ള മുൻകരുതൽ ആയിരുന്നു ഈ ആവശ്യം. ഏതെങ്കിലുമൊരു കുറ്റവാളി കോടതിയിൽ ഇങ്ങനെയൊരാവശ്യം ഉന്നയിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് അന്നു കോടതിമുറിയിലുണ്ടായിരുന്ന റിട്ട.എസ്ഐ മുഹമ്മദ് അഷറഫ് പറയുന്നു.

ADVERTISEMENT

ഗോവിന്ദച്ചാമിയെ പൂട്ടാൻ 6 വർഷം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയ അഷറഫ്, ജയിൽചാട്ട വാർത്തയുടെ നടുക്കത്തിലും പറയുന്നു; ‘ക്രിമിനൽ മനസ്സാണ്. അവനതു ചെയ്യും.’ യുവതിയെ കൊന്ന കേസിൽ നീതിയുറപ്പാക്കാൻ 7000 പേജുള്ള കേസ് ഫയലുമായി വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ കയറിയിറങ്ങിയ ഉദ്യോഗസ്ഥനാണ് അഷറഫ്.

എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ കേസിന്റെ അന്വേഷണത്തിൽ പങ്കാളിയായി. കുറ്റപത്രം തയാറായ ശേഷം സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിക്കാൻ അഷറഫിനെ നിയോഗിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഗോവിന്ദച്ചാമി അപ്പീൽ പോയപ്പോൾ അറ്റോണി ജനറലിന്റെ സഹായിയായി അഷറഫിനെ സർക്കാർ നിയോഗിച്ചു.

ADVERTISEMENT

തെളിവെടുപ്പിനിടെ ഭക്ഷണ കാര്യത്തിൽ ഗോവിന്ദച്ചാമിയുടെ നിർബന്ധങ്ങൾ തലവേദനയായിരുന്നുവെന്ന് അഷറഫ് ഓർക്കുന്നു. ബിരിയാണി വേണമെന്നു നിർബന്ധം പിടിക്കും. കിട്ടിയില്ലെങ്കിൽ സഹകരിക്കില്ല. വിചാരണക്കോടതിയിൽ വിധി വരുന്ന ദിവസമാണു ഗോവിന്ദച്ചാമിയെ അവസാനമായി കണ്ടത്. 2022 ൽ സർവീസിൽ നിന്നു വിരമിച്ച അഷറഫ് പൊലീസ് അക്കാദമിയിൽ സൗമ്യ വധക്കേസിനെക്കുറിച്ചു ക്ലാസ് എടുക്കാറുണ്ട്.

2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിട്ടു വലിച്ചിഴച്ച് പീഡിപ്പിക്കുകയും, മാരകമായി പരുക്കേൽപിക്കുകയും ചെയ്ത ട്രാക്കുകൾക്കിടയിലെ പുല്ല് നിറഞ്ഞ പ്രദേശം ചൂണ്ടിക്കാണിക്കുന്ന മൊയ്തീൻകുട്ടി. വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷനിൽനിന്നു മീറ്ററുകൾ നീങ്ങിയാണ് ഈ സ്ഥലം.

ADVERTISEMENT

ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരമറിഞ്ഞ് ഞെട്ടി: സാക്ഷി 

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെ ഗോവിന്ദച്ചാമി ജയിൽ ചാടിയെന്ന വാർത്ത ഞെട്ടൽ ഉണ്ടാക്കിയെന്ന് കോടതിയിൽ സാക്ഷിമൊഴി നൽകിയ ടി.ബി.മൊയ്തീൻകുട്ടി പറഞ്ഞു.

2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേൽപിക്കുകയും പിന്നീട് കൊല്ലുകയും ചെയ്ത കേസിലെ പ്രതിയായ തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശി ഗോവിന്ദച്ചാമിക്കെതിരെയുള്ള കേസിൽ മൊഴി നൽകിയ സാക്ഷികളിൽ ഒരാളാണ് കലാമണ്ഡലത്തിനു സമീപം താമസിക്കുന്ന തെക്കേക്കരമേൽ വീട്ടിൽ മൊയ്തീൻകുട്ടി.

സംഭവം നടന്ന അന്ന് വൈകിട്ട്  യുവതി ട്രെയിനിൽനിന്ന് വീണെന്നറിഞ്ഞ് സ്ഥലത്തെത്തിയ മൊയ്തീൻകുട്ടിയാണ് സംഭവസ്ഥലത്ത് നിന്ന് തനിക്ക് ലഭിച്ച യുവതിയുടെ ബാഗും വിവരങ്ങളടങ്ങുന്ന രേഖകളും പൊലീസിനു കൈമാറിയത്. പിന്നീട് സാക്ഷിമൊഴി നൽകിയതോടെ കോടതിയിൽ പല വട്ടം ഗോവിന്ദച്ചാമിയെ അഭിമുഖീകരിക്കേണ്ടി വന്നെന്നും കുടുംബത്തോടെ താമസിക്കുന്ന തനിക്ക് ഭീതിയുണ്ടായിരുന്നെന്നും മൊയ്തീൻകുട്ടി പറഞ്ഞു.

ഗോവിന്ദച്ചാമി  ജയിലിൽനിന്നു ചാടിയ വാർത്ത ഞെട്ടിപ്പിച്ചെന്നും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയെന്ന് വാർത്ത അറിഞ്ഞതോടെയാണ് സമാധാനമായതെന്നും മൊയ്തീൻകുട്ടി പറഞ്ഞു.

ADVERTISEMENT