ADVERTISEMENT

പതിനാറുകാരനെ ജിം ട്രെയിനറും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പരാതിയുമായി ആക്രമിക്കപ്പെട്ട ആണ്‍കുട്ടിയുടെ കുടുംബം. അധികഭാരം ഉപയോഗിച്ചുള്ള പരിശീലനം വേണ്ടെന്ന് ആണ്‍കുട്ടി ജിമ്മിലുള്ള തന്റെ കൂട്ടുകാരനോട് പറഞ്ഞു. ഇതുകേട്ട് പ്രകോപിതനായ ജിം ട്രെയിനറുടെ മകനാണ് കുട്ടിയെ ആദ്യം മര്‍ദിച്ചത്. പിന്നീട് ജിം ട്രെയിനറും കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണ്. പ്രായം കുറവായതിനാല്‍ ഭാരം കുറച്ച് എടുത്താല്‍ മതിയെന്ന് ആക്രമിക്കപ്പെട്ട ആണ്‍കുട്ടിയോട് ജിം ട്രെയിനറുടെ മകന്‍ പറഞ്ഞിരുന്നു. 

ADVERTISEMENT

സംഭവത്തിന്റെ പിറ്റേദിവസം ജിമ്മിലെത്തിയപ്പോള്‍ കൂട്ടുകാരന്‍ അധികഭാരം ഉയര്‍ത്തുന്നത് കണ്ട കുട്ടി ഇത്രയും ഭാരം എടുക്കേണ്ടതില്ലെന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ടല്ലോ എന്ന് കൂട്ടുകാരനോട് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് കേട്ട ജിം ട്രെയിനറുടെ മകന്‍ ‘നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍, നീ ഇറങ്ങിപ്പോ’ എന്ന് ആക്രോശിച്ചുവെന്നും ആക്രമിച്ചു എന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്.

നാളെ മുതല്‍ ജിമ്മില്‍ വരേണ്ടെന്നും ജിം ട്രെയിനറുടെ മകന്‍ പറഞ്ഞു. ഇക്കാര്യം ചോദിച്ചപ്പോള്‍ ജിം ട്രെയിനര്‍ കുട്ടിയുടെ തലയിലടിച്ചു വീഴ്ത്തി. അവശനായ കുട്ടി തലകറങ്ങി വീണതിനൊപ്പം ഛര്‍ദിക്കുകയും ചെയ്തു. ഇതിനിടെ ജിം ട്രെയിനര്‍ കുട്ടിയുടെ കഴുത്തിന് പിടിക്കുകയും മുഖത്തടിക്കുകയുമൊക്കെ ചെയ്തു. കുട്ടിയുടെ കഴുത്തിലും ശരീരത്തിലും ഉപദ്രവിച്ച പാടുകളുണ്ടെന്നും അമ്മ പറയുന്നു.

ADVERTISEMENT

ചവിട്ടി വീഴ്ത്തിയുള്ള ആക്രമണത്തില്‍ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരുക്കേറ്റ കുട്ടിയുടെ കാഴ്ചയടക്കം പ്രശ്നത്തിലായിട്ടുണ്ട്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കൂടി പങ്കാളിത്തമുള്ള ജിമ്മില്‍ വിദ്യാര്‍ഥിയെ ആക്രമിച്ചവരെ നിസാര വകുപ്പ് ചുമത്തി വിട്ടയച്ചെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ആറ്റിങ്ങല്‍ പൊലീസ് നിസാര വകുപ്പ് ചുമത്തി ട്രെയിനറെ വിട്ടയച്ചു എന്നാണ് അമ്മ പറയുന്നത്. ഇതിന് പൊലീസ് സ്വാധീനം ഉപയോഗിച്ചെന്നാണ് ആക്ഷേപം. 

ഈ മാസം 21നുണ്ടായ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ വിദ്യാര്‍ഥി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. കണ്ണിന്റെ കാഴ്ചക്കുറവും, കഴുത്തിനേറ്റ ക്ഷതവും പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. മുന്‍ പൊലീസ് ഉദ്യോഗസ്ഥന് പങ്കാളിത്തമുള്ള ജിമ്മിലാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നാണ് പൊലീസ് വാദം. അതേസമയം ജിം നടത്തിപ്പുകാര്‍ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല.

ADVERTISEMENT
ADVERTISEMENT