ADVERTISEMENT

തൃശൂർ മുളയം കൂട്ടാലയിൽ വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മൂത്ത മകൻ സുമേഷ് (47) പൊലീസ് കസ്റ്റഡിയിൽ. കൂട്ടാല മൂത്തേടത്ത് വീട്ടിൽ സുന്ദരൻ നായരുടെ (75) മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് സമീപത്തെ സ്വകാര്യപറമ്പിൽ നിന്നു കണ്ടെത്തിയത്. 

സുമേഷ് അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൂട്ടാലയിലെ വീട്ടിൽ വച്ച് ഇരുവരും തർക്കമുണ്ടായത്രെ. മദ്യലഹരിയിലായിരുന്ന പ്രതി തർക്കത്തിനിടെ വിറക് കൊണ്ട് സുന്ദരൻ നായരുടെ തലയ്ക്കടിക്കുകയും തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ പറമ്പിലെ ചെറിയ കുഴിയിൽ തള്ളുകയുമായിരുന്നെന്നു പൊലീസ് പറയുന്നു.

ADVERTISEMENT

സുന്ദരൻ നായർ ഭാര്യ കമലം, മകളുടെ 2 ആൺമക്കൾ, ഇളയമകൻ സോബിൽ എന്നിവർക്കൊപ്പമാണ് താമസം. പുത്തൂർ പുഴമ്പള്ളത്ത് താമസിക്കുന്ന സുമേഷ് തിങ്കളാഴ്ച വൈകിട്ട് കൂട്ടാലയിലെ വീട്ടിലെത്തിയിരുന്നു. ഇന്നലെ രാവിലെ സുന്ദരൻ നായരും സുമേഷും ഒഴികെയുള്ളവരെല്ലാം വിവിധയാവശ്യങ്ങൾക്കായി പുറത്ത് പോയിരുന്നു. 

ഭാര്യ കമലം പെരിങ്ങാവിൽ വീട്ടുജോലിക്കും ഇളയമകൻ കോൺക്രീറ്റ് ജോലിക്കും പേരക്കുട്ടികൾ പഠിക്കാനുമായി പോയി. കടബാധ്യത തീർക്കുന്നതിനായി സുന്ദരൻ നായരുടെ മൂന്നു പവനോളം വരുന്ന മാല നൽകാത്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്നാണ് സൂചന.

വൈകിട്ട് കൊച്ചുമക്കൾ പഠനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സുന്ദരൻ നായരെ കാണാതായതായി മനസ്സിലാക്കുന്നത്. വീട്ടിനകത്തു രക്തക്കറ കണ്ടതോടുകൂടി ഇവർ പരിസരവാസികളെ വിവരം അറിയിക്കുകയും നാട്ടുകാർ തിരച്ചിൽ നടത്തുകയും ചെയ്തു. വൈകിട്ട് ആറു മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഉണ്ടായിരുന്ന മാലയും മോതിരവും കാണാനില്ലെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനെയും കാണാനില്ലെന്ന് അറിയുന്നത്. 

രാത്രി 9 മണിയോടെ പുഴമ്പള്ളത്തെ വീടിന് സമീപത്ത് വച്ചാണ് സുമേഷിനെ അറസ്റ്റ് ചെയ്യുന്നത്. സിറ്റി പൊലീസ് മേധാവി ആർ.ഇളങ്കോ, എസിപി എസ്.പി.സുധീരൻ മണ്ണുത്തി എസ്എച്ച്ഒ കെ.സി.ബൈജു എന്നിവർ സ്ഥലത്തെത്തി. സുമേഷിനെ ചോദ്യം ചെയ്തുവരുന്നു. സുന്ദരൻ നായരുടെ മകൾ സുമിത 6 മാസം മുൻപാണ് മരിച്ചത്.

ADVERTISEMENT