ADVERTISEMENT

തൃശൂർ ഇരിങ്ങാലക്കുട നെടുങ്ങാണത്ത് കുന്നിൽ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. മരിച്ച ഫസീലയുടെ (23) ഭര്‍ത്താവ് നൗഫൽ (30), ഭര്‍തൃമാതാവ് റംല (58) എന്നിവരാണ് അറസ്റ്റിലായത്. ഫസീലയുടെ നാഭിയില്‍ ചവിട്ടിയിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. രണ്ടാമതു ഗര്‍ഭിണിയായതിന്റെ പേരിലായിരുന്നു നൗഫലിന്റെ ക്രൂരപീഡനം. 

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് വീടിന്റെ മുകളിലെ ട്രസ്സ് വർക്കിന്റെ ഇരുമ്പ് സ്ക്വയർ ട്യൂബിൽ ഷാൾ ഉപയോഗിച്ച് കെട്ടിതൂങ്ങിയ നിലയിൽ ഫസീലയെ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ADVERTISEMENT

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് വ്യക്തമാകുന്ന ഫസീലയുടെ സന്ദേശങ്ങള്‍ പുറത്തുവന്നു. ഭര്‍ത്താവിന്റെയും അമ്മയുടെയും പീഡനത്തില്‍ മനംനൊന്ത ഫസീല, സ്വന്തം മാതാവിന് അയച്ച വാട്സാപ് സന്ദേശങ്ങളാണ് പുറത്തുവന്നത്. ‘‘ഉമ്മാ, ഞാന്‍ മരിക്കുകയാണ്... ഇല്ലെങ്കില്‍ അവരെന്നെ കൊല്ലും’’- എന്ന് സന്ദേശത്തിൽ ഫസീല പറയുന്നു. 

ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റില്‍ ചവിട്ടിയെന്നും ഫസീല തന്റെ ഉമ്മയ്ക്ക് അയച്ച സന്ദേശത്തിലുണ്ട്. താന്‍ മരിക്കാന്‍ പോകുകയാണെന്നും മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്നും അത് മാത്രമാണ് തന്റെ അപേക്ഷയെന്നും ഫസീല രാവിലെ 6.49 ന് അയച്ച വാട്സാപ് സന്ദേശത്തിൽ പറയുന്നു. 

ADVERTISEMENT

ഒന്നേമുക്കാല്‍ വര്‍ഷം മുന്‍പായിരുന്നു കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനായ നൗഫലുമായുള്ള ഫസീലയുടെ വിവാഹം. കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മകൻ: മുഹമ്മദ് സെയാൻ.

ADVERTISEMENT
ADVERTISEMENT