കൊല്ലം ആയൂരില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മകള്‍ ജീവനൊടുക്കിയതില്‍ നടുങ്ങി കുടുംബം. കാരാളിക്കോണം സ്വദേശി അഞ്ജന സതീഷ്(21) ആണ് പങ്കാളിയുടെ വീടിന്റെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ആറു മാസം മുന്‍പാണ് നിഹാസിനൊപ്പം ജീവിച്ചാല്‍ മതിയെന്ന് പറഞ്ഞ് അഞ്ജന വീടുവിട്ട് പോയത്.
വീട്ടുകാരുടെ പരാതിയില്‍ ഇരുവരെയും കോടതിയില്‍ പൊലീസ് ഹാജരാക്കി. നിഹാസിനൊപ്പം പോകാനാണ് താല്‍പര്യമെന്നായിരുന്നു അഞ്ജന കോടതിയില്‍ പറഞ്ഞത്. ഒരു സഹോദരനാണു അഞ്ജനയ്ക്കുള്ളത്.
സ്വകാര്യ ബസിലെ കണ്ടക്ടറായി ജോലി ചെയ്തുവരുകയാണ് നിഹാസ്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞിരുന്നത്. വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നില്ല.
ഒന്നിച്ച് താമസിച്ചുവന്ന ഇരുവര്‍ക്കുമിടയില്‍ അടുത്തിടെയായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അഞ്ജന ജോലിക്ക് ശ്രമിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് അഞ്ജന ജീവനൊടുക്കിയത്. രാവിലെ എട്ടുമണിയോടെ നിഹാസ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ അഞ്ജനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് നിഹാസിന്റെ ഉമ്മ വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.