കഴിഞ്ഞ വർഷം ജൂലൈ 29. രാത്രി 10 ആയപ്പോൾ ഉറങ്ങാൻ കിടന്ന രമ്യ കട്ടിയുളള എന്തോ തലയിൽ വന്നിടിച്ചപ്പോഴാണ് ഉണർന്നത്. പാതി ബോധത്തിൽ നോക്കുമ്പോൾ മരവിച്ച അവസ്ഥയിലായിരുന്നു. പാറക്കൂട്ടത്തിനും ചെളിക്കുമൊപ്പം ചുറ്റിലും വെള്ളം. അടുത്ത് കിടന്നിരുന്ന മകൾ ആരാധ്യയെയും ഭർത്താവ് മഹേഷിനെയും കാണാനില്ല.
മങ്ങിയ ആ കാഴ്ചകൾക്കപ്പുറം മറ്റൊന്നും ഓർമയിലില്ല. കഴിഞ്ഞ വർഷം ജൂലൈ 30ന് പുലർച്ചെ ഇരൂനൂറിലേറെ ജീവനുകൾ ഉരുളെടുത്ത മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ആ രാത്രി ഓർത്തെടുക്കുകയാണ് ഇപ്പോൾ മുണ്ടൂരിൽ താമസിക്കുന്ന രമ്യ. അന്നത്തെ രാത്രി രമ്യയ്ക്കൊപ്പം ബാക്കിയായത് മകൻ അവ്യക്ത് (10) മാത്രം.
മുണ്ടൂർ സ്വദേശിയായ രമ്യയെ വിവാഹം കഴിച്ചത് ചൂരൽമല സ്വദേശിയായ മഹേഷാണ്. 11 വർഷമായി കുടുംബസമേതം അവിടെ താമസിച്ചുവരികയായിരുന്നു. ജീപ്പ് ഡ്രൈവറായിരുന്ന മഹേഷ്, മകൻ അവ്യക്ത്, ഏഴുവയസ്സുകാരി മകൾ ആരാധ്യ, മഹേഷിന്റെ മാതാപിതാക്കളും അടങ്ങിയതാണ് കുടുംബം. അന്നത്തെ ഉരുൾ ബാക്കിവച്ചത് രമ്യയെയും അവ്യക്തിനെയും മാത്രം.
ഗുരുതരമായി പരുക്കേറ്റ രമ്യ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. അവ്യക്തിനും തലയിലുൾപ്പെടെ പരുക്കുണ്ടായിരുന്നു. ഇപ്പോൾ മുണ്ടൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മുണ്ടൂരിൽ അച്ഛനും അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പമാണ് രമ്യയും അവ്യക്തും ഇപ്പോൾ താമസിക്കുന്നത്.
ശ്രമങ്ങൾ ജോലിക്ക് വേണ്ടി
എല്ലാം നഷ്ടപ്പെട്ട രമ്യയ്ക്ക് പ്രതീക്ഷയായി കൂടെയുള്ളത് അഞ്ചാംക്ലാസുകാരൻ അവ്യക്തും വീട്ടുകാരും മാത്രമാണ്. പരുക്കിന്റെ അവശതകൾ ഇപ്പോൾ അലട്ടുന്നില്ലെങ്കിലും ആറുമാസം കഴിഞ്ഞാൽ കഴുത്തിനുള്ളിൽ ഘടിപ്പിച്ച പ്ലേറ്റ് നീക്കാൻ രമ്യയ്ക്ക് ആശുപത്രിയിൽ പോകേണ്ടതുണ്ട്. അതിന് 40,000 രൂപയോളം വരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
വയനാട്ടിലെ മിംസ് ആശുപത്രിയിലെ ചികിത്സയുടെ പണമെല്ലാം സർക്കാർ തന്നെയാണ് നൽകിയത്. എന്നാൽ കഴുത്തിൽ ഘടിപ്പിച്ച പ്ലേറ്റ് നീക്കാൻ പോകുമ്പോൾ അതിന്റെ പണം എങ്ങനെ നൽകുമെന്നറിയില്ല. സർക്കാർ കൊടുക്കുമോയെന്നതിലും വ്യക്തതയില്ല. ചൂരൽമല ദുരന്തത്തിൽപെട്ടവർക്ക് ഉപജീവനത്തിന് സർക്കാർ നൽകിവരുന്ന പണം രമ്യയ്ക്ക് ലഭിക്കുന്നുണ്ട്.
തുടക്കത്തിൽ രണ്ട് മൂന്നു മാസം ഇതു മുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ കൃത്യമായി കിട്ടുന്നുണ്ട്. പ്ലസ്ടുവിന് ശേഷം ഐടിഐ പൂർത്തിയാക്കിയ രമ്യ അക്കൗണ്ടിങ് കോഴ്സിന്റെ ഫൈനൽ പരീക്ഷ എഴുതാനിരിക്കുമ്പോഴായിരുന്നു എല്ലാ സ്വപ്നങ്ങളും ദുരന്തം കവർന്നത്. ഇപ്പോൾ ജോലി നോക്കുന്നുണ്ടെങ്കിലും ഒന്നും ശരിയായിട്ടില്ല.
പീപ്പിൾസ് ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന വീടുവച്ചു നൽകാമെന്നേറ്റിട്ടുണ്ട്. ഇതിനായി മുണ്ടൂരിൽ 4 സെന്റ് സ്ഥലം വാങ്ങി. മകൻ അവ്യക്തിന്റെ ഭാവിക്കു ചിറകേകാൻ രമ്യയ്ക്കു ജോലിയെന്ന സ്വപ്നം ബാക്കിയാണ്. ഭർത്താവിന്റെ നാട്ടിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഏക സഹോദരനും കുടുംബവുമാണുള്ളത്.